Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Dec 2025 12:22 IST
Share News :
കൊച്ചി ∙ കൊച്ചി മേയർ സ്ഥാനത്തേക്കു വി.കെ.മിനിമോളെ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചത് ഏറെ നീണ്ട ചർച്ചകൾക്കൊടുവിൽ. തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മുതൽ മേയർ സ്ഥാനത്തേക്കു പറഞ്ഞു കേട്ടിരുന്ന പേരുകളാണു അവസാന നിമിഷവും പരിഗണിക്കപ്പെട്ടത്. പരിഗണിക്കപ്പെട്ട 3 പേരിൽ 2 പേർക്ക് മേയർ സ്ഥാനം വീതം വയ്ക്കാൻ തീരുമാനിച്ചപ്പോൾ മുൻഗണനാ ലിസ്റ്റിൽ ആദ്യമുണ്ടായിരുന്ന ദീപ്തി മേരി വർഗീസ് പുറത്തായി.
മേയർ സ്ഥാനാർഥിയെ തിരഞ്ഞെടുക്കുന്നതിൽ കെപിസിസി മാനദണ്ഡം പാലിച്ചില്ലെന്നു ദീപ്തി മേരി വർഗീസ് ആരോപിച്ചു. കോർപറേഷൻ ഡപ്യൂട്ടി മേയർ സ്ഥാനത്തേക്കു മുസ്‌ലിം ലീഗിനെ പരിഗണിക്കാത്തതിൽ ജില്ലാ നേതൃത്വത്തിനും പ്രതിഷേധമുണ്ട്. അനുനയ ചർച്ചകൾ നടക്കുന്നു. ദീപ്തിക്ക് മെട്രോപൊളിറ്റൻ ആസൂത്രണ സമിതി അധ്യക്ഷ പദവി നൽകിയേക്കും
മൂന്നു മേയർ സ്ഥാനാർഥികളുടെയും പിന്നിൽ പാർട്ടിയിലെ ഓരോ വിഭാഗവും നേതാക്കളും അണിനിരന്നതോടെ തീരുമാനമെടുക്കുന്നത് ബുദ്ധിമുട്ടായിരുന്നു. സാമുദായിക പരിഗണനകളും സമ്മർദങ്ങളും തീരുമാനങ്ങൾക്കു പിന്നിലുണ്ടായെങ്കിലും ഏറെ നിർണായകമായതു പാർട്ടി കൗൺസിലർമാരുടെ തീരുമാനമാണ്.
കോൺഗ്രസ് സീനിയർ നേതാവ് എൻ. വേണുഗോപാൽ, യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവർ കോൺഗ്രസ് കൗൺസിലർമാർ ഓരോരുത്തരെയായി വിളിച്ച് അഭിപ്രായം തേടി. ഷൈനി മാത്യുവിനെ 21 പേരും മിനിമോളെ 17 പേരും പിന്തുണച്ചു എന്നാണ് പാർട്ടി വൃത്തങ്ങൾ നൽകിയ സൂചന. അവസാന ടേമിൽ ദീപ്തിക്കും ഷൈനിക്കും മേയർ സ്ഥാനം നൽകണമെന്ന് അഭിപ്രായപ്പെട്ടവരും ഉണ്ടായി.
പിന്നീട് പാർട്ടി കോർ കമ്മിറ്റിയിലാണു മിനിമോളെ മേയറാക്കാൻ തീരുമാനമുണ്ടായത്. പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്റെയും ഡിസിസി പ്രസിഡന്റിന്റെയും അംഗീകാരവും ഇതിനുണ്ടായി. എന്നാൽ കൂടുതൽ കൗൺസിലർമാരുടെ പിന്തുണയുള്ള തന്നെ രണ്ടാം ടേമിലേക്കു പരിഗണിക്കുന്നതിലെ പ്രതിഷേധം ഷൈനി മാത്യു ഏതാനും നേതാക്കളെ അറിയിച്ചു. മേയർ സ്ഥാനം താൽപര്യമില്ലെന്നും കൗൺസിലറായി തുടരാമെന്നും അവർ പറഞ്ഞെങ്കിലും ടേം വ്യവസ്ഥ രേഖാമൂലം പ്രഖ്യാപിക്കാമെന്ന് അറിയിച്ചതോടെ അവർ വഴങ്ങി.
നേതാക്കൾ എടുത്ത തീരുമാനം അംഗീകരിക്കുന്നുവെന്ന് ഷൈനി പ്രതികരിച്ചു. 2015 ൽ യുഡിഎഫ് അധികാരത്തിൽ വന്നപ്പോൾ അവസാന രണ്ടര വർഷം ഷൈനിയെ മേയർ ആക്കാമെന്നു ധാരണയുണ്ടായിരുന്നെങ്കിലും അതു നടപ്പായില്ല. രേഖാമൂലം തീരുമാനമില്ലാതിരുന്നതാണു കാരണം
കോർപറേഷനിൽ പാലാരിവട്ടം ഡിവിഷന്റെ പ്രതിനിധിയാണു മിനിമോൾ. കൗൺസിലിൽ ഇതു നാലാമതു േടം. നേരത്തേ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സനായിരുന്നു. ഫോർട്ട് കൊച്ചി കൗൺസിലറായ ഷൈനി മാത്യു കൗൺസിലിൽ രണ്ടാം ടേം. നേരത്തേ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സനായിരുന്നു. ഡപ്യൂട്ടി മേയറായി ആദ്യ രണ്ടര വർഷം സ്ഥാനം ലഭിക്കുന്ന ദീപക് ജോയ്, അയ്യപ്പൻകാവ് ഡിവിഷൻ കൗൺസിലറാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വൈപ്പിനിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു. തുടർന്ന് ഡപ്യൂട്ടി മേയറാകുന്ന കെ.വി.പി. കൃഷ്ണകുമാർ എറണാകുളം സൗത്ത് കൗൺസിലറാണ്
Follow us on :
More in Related News
Please select your location.