Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Feb 2026 06:00 IST
Share News :
ചാവക്കാട്:കഴിഞ്ഞ 50 വർഷത്തോളം റേഡിയോയെയും റേഡിയോ പരിപാടികളേയും നെഞ്ചിലേറ്റി പ്രണയിക്കുന്ന ഒരു ശ്രോതാവാണ് ചാവക്കാട് തിരുവത്രയിലെ മോഹൻദാസ് ആചാരി എന്ന ആചാരി തിരുവത്ര.ഒട്ടുമിക്ക ആകാശവാണി നിലയങ്ങളിലെയും പരിപാടികൾ സശ്രദ്ധം കേട്ട് അഭിപ്രായങ്ങൾ എഴുതുകയും,പ്രോഗ്രാമുകളിൽ പങ്കെടുക്കുകയും ചെയ്യുന്ന ആചാരി തിരുവത്ര എന്ന റേഡിയോ ശ്രോതാവ് ഒരു കത്തെങ്കിലും എഴുതാത്ത ദിവസങ്ങളില്ല.ആകാശവാണിയുടെ ശ്രോതാക്കൾക്ക് സുപരിചിതമായ ഒരു പേരാണ് 'ആശാരി തിരുവത്ര' എന്ന് പേര്.
പതിമൂന്നാമത്തെ വയസിലാണ് ആചാരി തിരുവത്ര റേഡിയോ പരിപാടികൾ കേൾക്കുന്നത്.തൃശ്ശൂർ ആകാശവാണി നിലയത്തിലേക്കാണ് ആദ്യ പ്രതികരണം അയച്ചത്.പിന്നീട് ആകാശവാണിയുടെ തിരുവനന്തപുരം,ആലപ്പുഴ,കോഴിക്കോട്,തൃശൂർ,മഞ്ചേരി,കൊച്ചി,ദേവികുളം,കണ്ണൂർ,എഫ്എം റേഡിയോ,സിലോൺ,മോസ്കോ റേഡിയോ തുടങ്ങി നിരവധി ആകാശവാണി നിലയങ്ങളുമായി ഇദ്ദേഹം ബന്ധം പുലർത്തി.ഇത്രയും കാലത്തിനിടയ്ക്ക് ആകാശവാണിക്ക് അയച്ച കത്തുകളുടെ എണ്ണം പരിശോധിച്ചാൽ നാൽപ്പതിനായിരത്തോളം വരും.റേഡിയോ പരിപാടികൾ സ്ഥിരമായി കേൾക്കുന്ന ഇദ്ദേഹത്തിന് റേഡിയോ കൂടാതെയുള്ള സമയം വളരെ അപൂർവ്വമാണ്.എന്തെങ്കിലും കാരണവശാൽ റേഡിയോ പരിപാടികൾ കേൾക്കാൻ കഴിയാതെ വന്നാൽ സഹധർമ്മിണി ഉഷാനന്ദിനിയും മകൾ അർച്ചന ദാസും അത് റെക്കോർഡ് ചെയ്തു വെക്കും.ആചാരി തിരുവത്ര എന്ന റേഡിയോ ശ്രോതാവിന്റെ റേഡിയോ കമ്പം ഗതകാല സ്മരണകളിലെ ഒരു വേദിയാണ്.സ്വന്തമായി റേഡിയോ ഇല്ലാതിരുന്നതിനാൽ അയൽ വീടുകളിൽ പോയി റേഡിയോ കേട്ടിരുന്ന ആ കാലഘട്ടത്തെ അദ്ദേഹം അനുസ്മരിക്കുകയാണ്.ജോലിയുടെ ഇടവേളകളിൽ പോലും ഇപ്പോഴും പരിപാടികൾ കേൾക്കാൻ അദ്ദേഹം ഒരു പോക്കറ്റ് റേഡിയോ കൈയ്യിൽ കരുതുന്നു.എഴുത്തിന്റെയും,വായനയുടെയും വഴിയിലൂടെ സഞ്ചരിച്ച് റേഡിയോ ഇടനെഞ്ചിനൊപ്പം ചേർത്തുവെച്ച ആകാശവാണി ശ്രോതാക്കൾക്ക് സുപരിചിതമായ നാമമാണ് ആചാരി തിരുവത്രയുടേത്.കഥാകൃത്ത്,കവി,ഗായകൻ,നടൻ,നിരൂപകൻ എന്നീ നിലകളിലെല്ലാം ആചാരി തിരുവത്ര കൈയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്.സത്യസന്ധമായും നിഷ്പക്ഷമായും എഴുതുന്ന കത്തുകൾക്ക് ആകാശവാണി എക്കാലവും പ്രോത്സാഹനം തരുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.ദൃശ്യമാധ്യമങ്ങൾ അടിച്ചേൽപ്പിക്കുന്ന കമ്പോള സംസ്കാരം യാതൊരുവിധത്തിലും റേഡിയോ എന്ന മാധ്യമത്തെ ബാധിക്കുന്നില്ല എന്ന് ആധികാരികമായി വിശ്വസിക്കുന്ന ഒരു റേഡിയോ ശ്രോതാവ് കൂടിയാണ് ആചാരി തിരുവത്ര.വിശ്വസിച്ച് വീട്ടിൽ കയറ്റാവുന്ന ഒരു മാധ്യമം കൂടിയാണ് റേഡിയോ എന്ന് അദ്ദേഹം വിശ്വസിക്കുന്നു.ചാവക്കാട് തിരുവത്ര കിരാമൻകുന്നിലെ ഉഷാനന്ദിനിയാണ് ഭാര്യ.മകൾ:അർച്ചന ദാസ്.തിരുവനന്തപുരം ഹോമിയോ മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി ചെയ്യുന്നു.റേഡിയോ ശ്രോതാക്കളുടെ സംഘടനയായ അഖില കേരള റേഡിയോ ലിസ്സണേഴ്സ് അസോസിയേഷന്റെ സംസ്ഥാന ജോയിന്റ് സെക്രട്ടറി കൂടിയാണ് ആചാരി തിരുവത്ര.
Follow us on :
Tags:
More in Related News
Please select your location.