Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Sep 2026 21:21 IST
Share News :
കോഴിക്കോട്: മറ്റു പാർട്ടികളേക്കാൾ കമ്യൂണിസ്റ്റുകാർ ഭേദമാണെന്ന് പറഞ്ഞാൽ മാത്രം പോരെന്നും വാക്കിലും പ്രവൃത്തിയിലും മറ്റുള്ളവരോടുള്ള പെരുമാറ്റത്തിലും കമ്യൂണിസ്റ്റുകാർ വ്യത്യസ്തരായിരിക്കണമെന്നും സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. കോഴിക്കോട്ട് നടക്കുന്ന സിപിഐഎം വിപുലീകൃത സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ അശരണരുടെ അഭയമാണ് കമ്യൂണിസ്റ്റ് പാർട്ടിയെന്നും അതിന് അനുയോജ്യമായ രീതിയിൽ നിലവിലുള്ള കുറവുകൾ പരിഹരിച്ച് മുന്നോട്ടുപോകണമെന്നും എം.എ. ബേബി പറഞ്ഞു. തെറ്റുകൾ സംഭവിച്ചാൽ അത് തിരിച്ചറിഞ്ഞ് തിരുത്താൻ പാർട്ടിക്ക് കഴിയണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇ.എം.എസും ലെനിനും ഉൾപ്പെടെയുള്ള നേതാക്കൾക്ക് തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്നും അവ തിരുത്തണമെന്ന് പറഞ്ഞവരാണെന്നും എം.എ. ബേബി ചൂണ്ടിക്കാട്ടി. ജനങ്ങൾ പറയുന്നതിൽനിന്ന് സ്വീകരിക്കേണ്ട കാര്യങ്ങൾ ഉൾക്കൊണ്ട് സിപിഐഎം മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിനെതിരായ പോരാട്ടത്തിന് വിശാലമായ സമരവേദി ആവശ്യമാണെന്നും അത് ഫലപ്രദമാകണമെങ്കിൽ കാഴ്ചപ്പാടിൽ തെളിമയുള്ള ശക്തമായ കമ്യൂണിസ്റ്റ് പാർട്ടിയും സുശക്തമായ ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനവും രാജ്യത്തുണ്ടാകണമെന്നും എം.എ. ബേബി പറഞ്ഞു. ഇതിന് ഏറ്റവും വലിയ സംഭാവന നൽകാൻ കേരളത്തിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിക്ക് ഇപ്പോഴുണ്ടായ ക്ഷീണം സത്യസന്ധമായി തിരിച്ചറിയണം. വ്യാജപ്രതീതി നിർമാണം ഇതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎമ്മിന് ആർഎസ്എസുമായി ബന്ധമുണ്ടെന്ന പ്രതീതി സൃഷ്ടിച്ചത് ചിലരെ സ്വാധീനിച്ചെന്നും ഇത്തരം ആശയക്കുഴപ്പങ്ങൾ ഉണ്ടാകുമ്പോൾ ആവശ്യമായ കാര്യങ്ങളിൽ മറുപടി നൽകുന്നതിൽ പാർട്ടിക്ക് വീഴ്ചയുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് ശ്രദ്ധക്കുറവുകളും പാർട്ടിക്ക് ഉണ്ടായിട്ടുണ്ടെന്നും ഇവയെല്ലാം തിരുത്തി ജനവിശ്വാസം വീണ്ടെടുക്കാൻ കഴിയുമെന്നും എം.എ. ബേബി പറഞ്ഞു. ഇ.എം.എസ്., നായനാർ, വി.എസ്. അച്യുതാനന്ദൻ, പിണറായി വിജയൻ തുടങ്ങിയ നേതാക്കളും പാർട്ടിയിലെ ചർച്ചകളുടെ ഭാഗമായി തിരുത്തൽ നടപടികൾക്ക് വിധേയരായിട്ടുണ്ടെന്നും ഇത് പാർട്ടിക്ക് ആകെ ബാധകമായ തത്വമാണെന്നും അദ്ദേഹം പറഞ്ഞു. ചില വിഭാഗങ്ങൾക്കിടയിൽ ഉണ്ടായ അവിശ്വാസങ്ങളും സംശയങ്ങളും വരും ദിവസങ്ങളിലെ പ്രവർത്തനങ്ങളിലൂടെ ദൂരീകരിക്കണമെന്നും സിപിഐഎമ്മിന് പൂർവാധികം സ്വാധീനവും ശക്തിയും വീണ്ടെടുത്ത് വളരാൻ കഴിയണമെന്നും എം.എ. ബേബി കൂട്ടിച്ചേർത്തു.
Follow us on :
Tags:
More in Related News
Please select your location.