Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിപിഎം ക്രിമിനല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയെന്നായെന്ന് കെ.സി. വേണുഗോപാൽ

03 Jan 2025 14:39 IST

Fardis AV

Share News :


കോഴിക്കോട്:

കമ്യൂണിസം ഉപേക്ഷിച്ച് ക്രിമിനലിസത്തിലേക്ക് ചേക്കേറിയ സിപിഎമ്മിന് കിട്ടിയ ശക്തമായ പ്രഹരമാണ് പെരിയ ഇരട്ടക്കൊല കേസിലെ കോടതി വിധിയെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. 

അക്രമരാഷ്ട്രീയത്തിലൂടെ സിപിഎം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയെന്നത് ക്രിമിനല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയെന്നായി.(സി.പിഎം).

പെരിയ ഇരട്ടക്കൊല കേസിലെ പ്രതികളെ രക്ഷപ്പെടുത്താന്‍ സിപിഎം എല്ലാമാര്‍ഗവും പ്രയോഗിച്ചു. അതെല്ലാം പരാജയപ്പെട്ടു. കൃപേഷിന്റെയും ശരത്‌ലാലിന്റെയും കുടുംബത്തിന് മാത്രമല്ല, സിപിഎം കൊലക്കത്തിക്ക് അരിഞ്ഞുതള്ളിയ നൂറുകണക്കിന് രക്തസാക്ഷി കുടുംബങ്ങളിലെ അമ്മമാര്‍ക്ക് നീതി കിട്ടിയ ദിവസം കൂടിയാണിന്ന്.

പ്രതികള്‍ക്കാണ് സര്‍ക്കാരും സിപിഎമ്മും സംരക്ഷണ കവചം ഒരുക്കിയത്. ഇരകളുടെ കുടുംബത്തോടൊപ്പം സര്‍ക്കാര്‍ നിന്നില്ല. ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് 1.14 കോടി രൂപയോളം ചെലവാക്കി സര്‍ക്കാര്‍ പ്രതികള്‍ക്ക് വേണ്ടി വാദിച്ചു. ആത്മാഭിമാനം ഉണ്ടെങ്കില്‍ ആ പണം മടക്കി നല്‍കണം. പ്രതികള്‍ക്ക് പരമാവധി ശിക്ഷയാണ് കൃപേഷിന്റെയും ശരത്‌ലാലിന്റെയും കുടുംബം ആഗ്രഹിച്ചത്. ഭാവിപരിപാടികള്‍ അവരുമായി ആലോചിച്ച് തീരുമാനിക്കും. നാളെ കൃപേഷിന്റെയും ശരത്‌ലാലിന്റെയും സ്മൃതി മണ്ഡപവും കുടംബാംഗങ്ങളെയും സന്ദര്‍ശിക്കുമെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

Follow us on :

More in Related News