Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 May 2025 22:37 IST
Share News :
ന്യൂഡൽഹി∙ പേരാവൂർ എംഎൽഎ സണ്ണി ജോസഫിനെ കെപിസിസിയുടെ പുതിയ അധ്യക്ഷനായി നിയമിച്ചു. കെ.സുധാകരനു പകരമായാണ് നിയമനം. കെ. സുധാകരൻ കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാകും. അടൂർ പ്രകാശാണ് യുഡിഎഫിന്റെ പുതിയ കൺവീനർ. പി.സി.വിഷ്ണുനാഥ്, എ.പി. അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവരെ കെപിസിസിയുടെ പുതിയ വർക്കിങ് പ്രസിഡന്റുമാരായി നിയമിച്ചു. ഇതു സംബന്ധിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ വാർത്താകുറിപ്പ് പുറത്തിറക്കി.
നിലവിലെ യുഡിഎഫ് കൺവീനർ എം.എം.ഹസ്സനെയും കെപിസിസി വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, ടി.എൻ. പ്രതാപൻ, ടി. സിദ്ദീഖ് എന്നിവരെ പദവിയിൽ നിന്നൊഴിവാക്കി. വർക്കിങ് പ്രസിഡന്റായി നിയമിതനായ പി.സി.വിഷ്ണുനാഥിനെ എഐസിസി സെക്രട്ടറി പദവിയിൽനിന്നു നീക്കി. ഡോ.അഖിലേഷ് പ്രസാദ് സിങ്ങും പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായിരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അറിയിച്ചു.
പാർട്ടിക്കാർക്കു ’സണ്ണി വക്കീൽ’ ആണു സണ്ണി ജോസഫ് എംഎൽഎ. രണ്ടു പതിറ്റാണ്ടോളം അഭിഭാഷകനായിരുന്നു. തൊടുപുഴയിൽനിന്ന് ഉളിക്കൽ പുറവയലിലേക്കു കുടിയേറിയതാണു കുടുംബം. കെഎസ്‍യു വഴി രാഷ്ട്രീയക്കാരനായി. കണ്ണൂർ ഡിസിസി പ്രസിഡന്റ് ആയിരുന്നു. ഇതിനിടെ, കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കറ്റ് അംഗവും ഉളിക്കൽ സർവീസ് സഹകരണബാങ്ക്, തലശ്ശേരി കാർഷിക വികസന ബാങ്ക്, മട്ടന്നൂർ ബാർ അസോസിയേഷൻ, ഇരിട്ടി എജ്യുക്കേഷൻ സൊസൈറ്റി എന്നിവയുടെ പ്രസിഡന്റായി. തരക്കേടില്ലാതെ വോളിബോൾ കളിക്കും.
നിയമസഭയിലേക്ക് ആദ്യ മത്സരം പേരാവൂരിൽ 2011ൽ. സിറ്റിങ് എംഎൽഎ കെ.കെ.ശൈലജക്കെതിരെ ജയം. 2016ലും 2021ലും ഇവിടെ ജയം ആവർത്തിച്ചു. നിയമബിരുദധാരി. നിയമം പഠിച്ചത് കോടതിയെക്കാൾ പ്രയോജനപ്പെട്ടതു നിയമസഭാ ചർച്ചകൾക്കിടെയുള്ള വാദപ്രതിവാദത്തിൽ. ഇരിട്ടി തന്തോടാണു താമസം. ഭാര്യ എൽസി ജോസഫ്. മക്കൾ ആശ റോസ്, ഡോ.അഞ്ജു റോസ്.
Follow us on :
More in Related News
Please select your location.