Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വ്യാജ ഔഷധ നിർമ്മാതാക്കളെ ജയിലിൽ അടയ്ക്കുക; അനധികൃത മരുന്നു വില്പ‌ന നിയന്ത്രിക്കുക: കെ എം എസ് ആർ എ

31 Oct 2025 11:50 IST

Enlight Media

Share News :

കോഴിക്കോട് : രാജ്യത്ത് വ്യാജ ഔഷധങ്ങളുടെയും ഗുണനിലവാരമില്ലാത്തതും മായം ചേർത്തതുമായ ഔഷധങ്ങളുടെയും ഉൽപാദനം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് കഫ് സിറപ്പ് കഴിച്ച് രാജസ്ഥാനിൽ രണ്ടു കുട്ടികളും മധ്യപ്രദേശത്തിൽ 22 കുട്ടികളും മരണപ്പെട്ടത്. വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കളായ എത്തലീൻ ഗ്ലൈക്കോൾ, ഡൈ എത്തലീൻ ഗ്ലൈക്കോൾ എന്നിവ അനിയന്ത്രിതമായ അളവിൽ ചേർത്തതാണ് മരണകാരണമായത്. ഈ കഫ് സിറപ്പുകൾ നിർമ്മിച്ച കെയ്‌സൺ ഫാർമ, ശ്രീസൺ ഫാർമ എന്നീ കമ്പനികൾ മരുന്നു നിർമ്മിക്കുന്നത് തകരഷീറ്റിട്ട ഗോഡൗണുകളിലും കാർഷെഡുകളിലുമാണ്. ഔഷധങ്ങളുടെ ഉത്‌പാദനവും വിപണനവും വില നിയന്ത്രണവും പരിശോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യേണ്ട കേന്ദ്രസർക്കാർ ഈ രംഗത്ത് ഔഷധ നിർമ്മാണ കമ്പനികൾക്ക് ഒത്താശ ചെയ്യുകയാണ്. കേന്ദ്ര നിയമങ്ങളിലെ പഴുതുകളും, കേന്ദ്ര സർക്കാർ ഓൺലൈൻ മരുന്ന് വ്യാപാരം പ്രോത്സാഹിപ്പിക്കുന്ന നയങ്ങളും വ്യാജ മരുന്നുകളും മായം കലർന്ന മരുന്നുകളും ഇതര സംസ്ഥാനങ്ങളിൽ നിന്നും യഥേഷ്ടം കടന്നു വരുന്നതിന് കാരണമാകുന്നു. ജി. എസ്. ടി. നടപ്പിലാക്കിയതിലൂടെ ആർക്കും എവിടെ നിന്നും മരുന്നു സംഭരിച്ച് എവിടെ വേണമെങ്കിലും വില്‌പന നടത്താം എന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഒരേ നിർമ്മാതാക്കൾ തന്നെ വ്യത്യസ്‌തങ്ങളായ ചാനലുകളിലൂടെ ഔഷധ വിപണനം നടത്തുന്നു. ഇത് നിയന്ത്രിക്കുന്നതിലും ഇതിലൂടെ വ്യാപാരം നടത്തുന്ന ഔഷധങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിലും കേന്ദ്രസർക്കാർ തികഞ്ഞ പരാജയമാണ്. വ്യാജ ഔഷധ നിർമ്മാതാക്കളെ ശിക്ഷിക്കുന്ന നിയമത്തിൽ ഇളവ് വരുത്തിയിരിക്കയാണ് കേന്ദ്ര സർക്കാർ.


കമ്പനികളുടെ ഡിപ്പോയിൽ നിന്ന് കമ്പനികൾ നിയമിക്കുന്ന ഡിസ്ട്രിബ്യൂട്ടർമാർ വഴി മെഡിക്കൽ ഷോപ്പിലേക്കും ആശുപത്രികളിലേക്കും മരുന്ന് വിതരണം ചെയ്യുന്നതാണ് അംഗീകൃത രീതി. എന്നാൽ ഇന്ന് അന്യസംസ്ഥാനങ്ങളിൽ നിന്നും ഇത്തരം അംഗീകൃത വഴികളിലൂടെ അല്ലാതെ മരുന്ന് നമ്മുടെ സംസ്ഥാനത്ത് എത്തുന്നുണ്ട്. കമ്പനികളുടെ ഡിപ്പോയിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ വിലകുറച്ച് ഇവർ മരുന്ന് വിൽപ്പന നടത്തുന്നുണ്ട്. ഇത് മെഡിക്കൽ & സെയിൽസ് റപ്രസൻ്റേറ്റീവ്‌മാരുടെ ജോലിയെയും സാരമായി ബാധിക്കുന്നുണ്ട്. ഒരേ പേരിലുള്ള മരുന്നുകൾ വിലകുറച്ച് നൽകാൻ കഴിയുന്നതിൻ്റെ കാരണം ഉദ്യോഗസ്ഥർ കണ്ടെത്തേണ്ടതുണ്ട്. ചുമ മരുന്നു ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഇത്തരം മരുന്നുകൾക്കിടയിലൂടെ ആരോഗ്യത്തിന് ദോഷമാകുന്ന വ്യാജ മരുന്നുകൾ കൂടി കടന്നുവരുന്നുണ്ടോ എന്ന കർശനമായ പരിശോധന നടത്തേണ്ടതുണ്ട്. അംഗീകൃതമല്ലാത്ത ചാനലുകളിലൂടെ മരുന്നുകൾ കയറ്റി അയക്കുന്നുണ്ടോ എന്ന് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (WHO) പോലും സംശയം ഉന്നയിച്ചത് ഈ സന്ദർഭത്തിൽ ഓർക്കേണ്ടതാണ്.


ഇത്തരം അനധികൃത ചാനലുകളിലൂടെയുള്ള മരുന്ന് വിതരണം വ്യാജ മരുന്നുകളുടെ കടന്നുവരവിനും, നികുതി വെട്ടിപ്പിനും, അധാർമിക വിപണന രീതികൾക്കും കാരണമാവും എന്നുള്ളതുകൊണ്ട് ഇക്കാര്യത്തിൽ കർശന പരിശോധനയും നിയന്ത്രണവും ആവശ്യമാണ്.


വ്യാജ ഔഷധ നിർമ്മാതാക്കൾക്കും മായം ചേർത്ത ഔഷധ നിർമാതാക്കൾക്കുമെതിരെ അതിശക്തമായ നടപടിയെടുക്കണമെന്നും അത്തരം നിർമ്മാതാക്കളെ ജയിലിൽ അടക്കണമെന്നും ഔഷധങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള കർശനമായ പരിശോധനകൾ നടത്തണമെന്നും കെഎംഎസ്ആർഎ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെടുന്നു.


ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നവംബർ 3 ന് തിരുവനന്തപുരം ഡ്രഗ് കൺട്രോൾ ഓഫീസിന് മുന്നിലും തുടർന്ന് മറ്റു ജില്ലകളിലുള്ള അസിസ്റ്റന്റ് ഡ്രഗ് കൺട്രോൾ ഓഫീസിനു മുന്നിലും, ഡ്രഗ് ഇൻസ്പെക്ടർസ് ഓഫീസിനു മുന്നിലും ധർണ്ണ സംഘടിപ്പിക്കാനും നിവേദനം സമർപ്പിക്കാനും തീരുമാനിച്ചതായും

കേരള മെഡിക്കൽ സെയിൽസ് റപ്രസൻറേറ്റിവ്സ് അസോസിയേഷൻ സെക്രട്ടറി പി.കെ. സന്തോഷ് സമ്മേളനത്തിൽ പറഞ്ഞു.

Follow us on :

More in Related News