Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Nov 2026 20:23 IST
Share News :
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ശക്തമായ പ്രതിഷേധവുമായി ഇന്ത്യ സഖ്യത്തിന്റെ 'ഡൽഹി ചലോ' മഹാറാലി. ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നും രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടയ്ക്കണമെന്നും ആവശ്യപ്പെട്ട് നടന്ന റാലിയിൽ പതിനായിരക്കണക്കിന് പ്രവർത്തകർ അണിനിരന്നു.
രാവിലെ ഒൻപത് മണിയോടെ തന്നെ രാംലീല മൈതാനിയിൽ പ്രവർത്തകർ എത്തിത്തുടങ്ങിയിരുന്നു. മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളും വിവിധ പാർട്ടികളുടെ കൊടികളുമായാണ് പ്രവർത്തകർ എത്തിയത്. കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ 21 പ്രതിപക്ഷ പാർട്ടികളുടെ എം.പിമാരും നേതാക്കളും ഒത്തുചേർന്നശേഷം ബസിൽ മിന്റോ റോഡിലെത്തി.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ സഖ്യ നേതാക്കൾ മിന്റോ റോഡിലെ കൊണാട്ട് പ്ലേസിൽനിന്ന് തുറന്ന വാഹനത്തിൽ മാർച്ച് ആരംഭിച്ചു. ജനത്തിരക്കിനിടയിലൂടെ ഒരു കിലോമീറ്ററോളം ദൂരമുള്ള രാംലീല മൈതാനിയിലെത്താൻ ഒന്നര മണിക്കൂറിലധികം സമയമെടുത്തു. വഴിയിലുടനീളം ആയിരക്കണക്കിന് പ്രവർത്തകർ മുദ്രാവാക്യങ്ങളുമായി നേതാക്കളെ അനുഗമിച്ചു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, മമത ബാനർജി, ഫാറൂഖ് അബ്ദുള്ള, മെഹബൂബ മുഫ്തി, അഖിലേഷ് യാദവ്, തേജസ്വി യാദവ്, എം.എ. ബേബി, ഡി. രാജ, പി.കെ. കുഞ്ഞാലിക്കുട്ടി, ദീപാങ്കർ ഭട്ടാചാര്യ, സഞ്ജയ് റൗത്ത്, ജോസ് കെ. മാണി, എൻ.കെ. പ്രേമചന്ദ്രൻ തുടങ്ങിയ നേതാക്കൾ റാലിയിൽ പങ്കെടുത്തു.
കോൺഗ്രസ് മുഖ്യമന്ത്രിമാരായ വി.ഡി. സതീശൻ, ഡി.കെ. ശിവകുമാർ, രേവന്ത് റെഡ്ഡി, സുഖ്‌വിന്ദർ സിങ് സുഖു എന്നിവരും അണിനിരന്നു. പതിനായിരത്തോളം പോലീസുകാരെ വിന്യസിച്ചാണ് ഡൽഹിയിൽ സുരക്ഷയൊരുക്കിയത്.
വൈകിട്ട് മൂന്നോടെ നേതാക്കൾ രാംലീല മൈതാനിയിലെ വേദിയിലെത്തി. ഗ്യാനേഷ് കുമാർ രാജിവെക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ജനങ്ങളുടെ ശക്തിക്ക് മുന്നിൽ ആർക്കും ഒളിച്ചിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗ്യാനേഷ് കുമാറിനെ ജയിലിലടയ്ക്കുമെന്ന് രാഹുൽ ഗാന്ധിയും പ്രസംഗത്തിൽ പറഞ്ഞു. ഗ്യാനേഷ് കുമാർ ഇല്ലായിരുന്നെങ്കിൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയോ അമിത് ഷാ ആഭ്യന്തരമന്ത്രിയോ ആകുമായിരുന്നില്ലെന്നും രാഹുൽ ആരോപിച്ചു.
Follow us on :
Tags:
More in Related News
Please select your location.