Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Nov 2026 11:51 IST
Share News :
കോഴിക്കോട് : തീരദേശ ജനതയുടെ തൊഴിൽ, പാർപ്പിട സുരക്ഷ ഉറപ്പാക്കുക, മത്സ്യത്തൊഴിലാളി ക്ഷേമനിധിയിലെ കെട്ടിക്കിടക്കുന്ന ഫണ്ട് ക്ഷേമപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുക, സമഗ്രമായ തീരദേശ നയം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എസ്ഡിപിഐ സംഘടിപ്പിക്കുന്ന തീരദേശ മുന്നേറ്റ യാത്ര നവംബർ ആറിന് കോഴിക്കോട് ജില്ലയിൽ പര്യടനം നടത്തും.
സംസ്ഥാന ജനറൽ സെക്രട്ടറി പി.ആർ. സിയാദ് ക്യാപ്റ്റനായും സംസ്ഥാന സെക്രട്ടറി ജോൺസൺ കണ്ടച്ചിറ, സംസ്ഥാന പ്രവർത്തകസമിതി അംഗം വി.എം. ഫൈസൽ എന്നിവർ വൈസ് ക്യാപ്റ്റന്മാരായും നയിക്കുന്ന യാത്ര നവംബർ നാലിന് മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ചു. വിവിധ ജില്ലകളിലെ തീരദേശങ്ങളിലൂടെ സഞ്ചരിക്കുന്ന യാത്ര നവംബർ 13ന് തിരുവനന്തപുരത്ത് സമാപിക്കും.
കോഴിക്കോട് ജില്ലയിൽ രാവിലെ 7.30ന് അഴിയൂർ പുഴിത്തലയിൽ നിന്നാണ് യാത്ര ആരംഭിക്കുക. ചോമ്പാല ഹാർബർ, വടകര താഴെ അങ്ങാടി, കൊയിലാണ്ടി ഹാർബർ, വെള്ളയിൽ ഹാർബർ, മുഖദാർ ബീച്ച് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വൈകിട്ട് 6.30ന് ചാലിയത്ത് സമാപിക്കും.
ദേശീയ സെക്രട്ടറിയറ്റ് അംഗം അബ്ദുൽ റഷീദ് ഉമരി, സംസ്ഥാന വൈസ് പ്രസിഡന്റ് പി. അബ്ദുൽ ഹമീദ് മാസ്റ്റർ, സംസ്ഥാന സമിതി അംഗം നൗഷാദ് ബി, ജില്ലാ പ്രസിഡന്റ് നാസർ മാസ്റ്റർ പേരോട്, ജില്ലാ ജനറൽ സെക്രട്ടറി കെ. ഷെമീർ തുടങ്ങിയവർ വിവിധ സ്വീകരണങ്ങളിൽ പങ്കെടുക്കും.
ചാലിയത്ത് നടക്കുന്ന സമാപന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് നാസർ മാസ്റ്റർ പേരോട് അധ്യക്ഷത വഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി. ഇക്റാമുൽ ഹഖ് ഉദ്ഘാടനം ചെയ്യും. വിമൺ ഇന്ത്യാ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് കെ.കെ. ഫൗസിയ, യങ്ങ് ഡമോക്രാറ്റ്സ് ജില്ലാ ഓർഗനൈസിങ് കമ്മിറ്റി കൺവീനർ അഡ്വ. ഇ.കെ. മുഹമ്മദലി, എസ്.ഡി.ടി.യു ജില്ലാ പ്രസിഡന്റ് ഹുസൈൻ മണക്കടവ് എന്നിവർ സംസാരിക്കും.
തീരദേശ മേഖല ഇന്ന് തൊഴിൽ പ്രതിസന്ധി, വർധിച്ചുവരുന്ന ജീവിതച്ചെലവ്, തീരശോഷണം, കടൽക്ഷോഭം, മത്സ്യസമ്പത്തിന്റെ കുറവ്, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയ നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് എസ്ഡിപിഐ ചൂണ്ടിക്കാട്ടി. മത്സ്യബന്ധന മേഖലയെ ആശ്രയിച്ച് കഴിയുന്ന ആയിരക്കണക്കിന് കുടുംബങ്ങളുടെ ഉപജീവനവും സുരക്ഷയും ഉറപ്പാക്കേണ്ടതുണ്ട്.
തീരദേശ വികസനത്തിന്റെ പേരിൽ മത്സ്യത്തൊഴിലാളികളെ സ്വന്തം മണ്ണിൽ നിന്ന് കുടിയൊഴിപ്പിക്കുന്ന സാഹചര്യം ഒഴിവാക്കണം. തൊഴിൽ, പരമ്പരാഗത അവകാശങ്ങൾ, പാർപ്പിട സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനൊപ്പം ക്ഷേമനിധി ഫണ്ടുകൾ വിദ്യാഭ്യാസം, ചികിത്സ, ഭവനം, തൊഴിൽ സുരക്ഷ, പെൻഷൻ തുടങ്ങിയ മേഖലകളിൽ ഫലപ്രദമായി വിനിയോഗിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
തീരദേശ പരിസ്ഥിതി സംരക്ഷണം, ജനങ്ങളുടെ ഉപജീവനം, വികസനം, അവകാശങ്ങൾ എന്നിവയ്ക്ക് തുല്യ പരിഗണന നൽകുന്ന സമഗ്രമായ തീരദേശ നയം സർക്കാർ പ്രഖ്യാപിക്കണമെന്ന ആവശ്യവും യാത്ര ഉയർത്തിപ്പിടിക്കും.
മത്സ്യത്തൊഴിലാളികളും തീരദേശ ജനതയും ജനാധിപത്യ വിശ്വാസികളും യാത്രയിൽ പങ്കാളികളാകണമെന്ന് വാർത്താസമ്മേളനത്തിൽ നേതാക്കൾ അഭ്യർഥിച്ചു.
വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് നാസർ മാസ്റ്റർ പേരോട്, ജില്ലാ വൈസ് പ്രസിഡന്റ് വാഹിദ് ചെറുവറ്റ, ജില്ലാ സെക്രട്ടറി ഷാനവാസ് മാത്തോട്ടം, സൗത്ത് നിയോജകമണ്ഡലം പ്രസിഡന്റ് ജയഫർ കെ.പി. എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.