Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇൻകാസ് ഖത്തർ ഉമ്മൻ ചാണ്ടി മൂന്നാം ചരമവാർഷികാചരണം: ജനസേവാ പുരസ്കാരം ഷാനവാസ് ബാവ ഏറ്റുവാങ്ങി.

26 Jul 2026 11:29 IST

ഇസ്‌മായിൽ തേനിങ്ങൽ

Share News :

ദോഹ: മുൻ കേരളാ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷിക ദിനത്തിൽ ഇൻകാസ് ഖത്തർ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണവും, "ഉമ്മൻ ചാണ്ടി ജനസേവാ" പുരസ്കാര സമർപ്പണവും ജന പങ്കാളിത്തത്താൽ അദ്ദേഹത്തിന് ഉചിതമായ ആദരവിന് വേദിയായി. ഉമ്മൻ ചാണ്ടിയുടെ ജീവിതയാത്രയെക്കുറിച്ചുള്ള വീഡിയോ പ്രദർശനത്തോടെയാണ് അനുസ്മരണ ചടങ്ങുകൾ ആരംഭിച്ചത്. തിങ്ങി നിറഞ്ഞ ഐ.സി.സി അശോകാ ഹാളിൽ കൂടിയവരുടെ മനസ്സിൽ ഉമ്മൻ ചാണ്ടി പുനർജനിക്കുകയായിരുന്നു. ആറന്മുള എം.എൽ.എ അഡ്വ. അബിൻ വർക്കി കോടിയാട്ട് മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. കരുണയും, ചേർത്ത് നിർത്തലുമായിരുന്നു ഉമ്മൻ ചാണ്ടി സാറിൻ്റെ ശൈലി എന്ന് അദ്ദേഹം അനുസ്മരിച്ചു. പാവപ്പെട്ടവരുടെയും അശരണരുടെയും പ്രശ്നങ്ങളിൽ ഇടപെടുമ്പോൾ അദ്ദേഹത്തിന് മറ്റൊന്നും ഒരു തടസ്സമേ ആയിരുന്നില്ല. ഉമ്മൻ ചാണ്ടി സാറിൻ്റെ പ്രവർത്തനങ്ങൾ തങ്ങളെപ്പോലുള്ള പൊതു പ്രവർത്തകർക്ക് പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു. ഇൻകാസ് ആക്ടിംഗ് പ്രസിഡൻ്റ് അഷറഫ് വടകര ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.വി. ബോബൻ സ്വാഗതം ആശംസിച്ചു.


ഉമ്മൻ ചാണ്ടിയുടെ സ്മരണാർത്ഥം, മികച്ച പൊതുപ്രവർത്തകർക്കായി ഇൻകാസ് ഖത്തർ ഏർപ്പെടുത്തിയിട്ടുള്ള 'ഉമ്മൻ ചാണ്ടി ജനസേവാ പുരസ്കാരം', ഐ.സി.ബി.എഫ് പ്രസിഡൻ്റ് ഷാനവാസ് ബാവ, അഡ്വ. അബിൻ വർക്കിയിൽ നിന്നും ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപയും, പ്രശസ്തി പത്രവുമായിരുന്നു പുരസ്കാരം. ഇൻകാസ് രക്ഷാധികാരി ജോപ്പച്ചൻ തെക്കെക്കൂറ്റ് ഷാനവാസ് ബാവയെ പൊന്നാട അണിയിച്ച് ആദരിച്ചു. ഐ.സി.സി പ്രസിഡൻ്റ് ഏ.പി.മണികണ്ഠൻ, ഐ.എസ്.സി പ്രസിഡൻ്റ് ഇ.പി. അബ്ദുൾ റഹ്‌മാൻ, ഐ.സി.സി ജനറൽ സെക്രട്ടറി അബ്രഹാം കെ. ജോസഫ്, ഇൻകാസ് രക്ഷാധികാരി ജോൺ ഗിൽബർട്ട് തുടങ്ങിയവർ സന്നിഹിതരായിരുന്നു. പുരസ്‌കാര ജേതാവ് ഷാനവാസ് ബാവ മറുപടി പ്രസംഗം നടത്തി. ഈ പുരസ്‌കാരം തനിക്ക് മാത്രമായുള്ള ഒരു വ്യക്തിഗത നേട്ടമായി കാണുന്നില്ലെന്നും, തൻ്റെ പ്രവർത്തനങ്ങൾക്ക് പരിപൂർണ്ണ പിന്തുണ നല്കുന്ന ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് സമർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


ജോപ്പച്ചൻ തെക്കെക്കൂറ്റ് അദ്ധ്യക്ഷനായ പുരസ്കാര നിർണ്ണയ സമിതിയാണ് ഷാനവാസ് ബാവയെ തിരഞ്ഞെടുത്തത്. സാമൂഹിക, ജീവകാരുണ്യ, ജനക്ഷേമ മേഖലകളിൽ നിസ്വാർത്ഥ സേവനങ്ങൾ കാഴ്ചവച്ചതിനും, പ്രത്യേകിച്ച് ഇന്ത്യൻ എംബസ്സിയുടെ കീഴിലുള്ള ഐ.സി.ബി.എഫിൻ്റെ പ്രസിഡൻ്റായിരുന്നു കൊണ്ട്, കഴിഞ്ഞ മൂന്നര വർഷക്കാലം ഖത്തറിലെ ഇന്ത്യൻ സമൂഹത്തിൽ, പ്രത്യേകിച്ച് അശരണർക്കും, താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്കും താങ്ങായി നിന്നുകൊണ്ട്, സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവർത്തനങ്ങളും, ജനസേവാ പ്രവർത്തനങ്ങളുമാണ് ഷാനവാസ് ബാവയെ പുരസ്കാരത്തിന് അർഹനാക്കിയത്.


അഡ്വ. അബിൻ വർക്കി എം.എൽ.എക്കുള്ള ഇൻകാസ് ഖത്തറിൻ്റെ സ്നേഹോപഹാരം ആക്ടിംഗ് പ്രസിഡൻ്റ് അഷറഫ് വടകരയും, ജനറൽ സെക്രട്ടറി കെ.വി. ബോബനും ചേർന്ന് കൈമാറി. ജോൺ ഗിൽബർട്ട് അദ്ദേഹത്തെ ഷാൾ അണിയിച്ച് ആദരിച്ചു. ഇൻകാസ് ഭാരവാഹികളും, ലേഡീസ് വിംഗ് ഭാരവാഹികളും സന്നിഹിതരായിരുന്നു.


ഐ.സി.സി ഉപദേശക സമിതി ചെയർമാൻ പി.എൻ. ബാബുരാജൻ, ഐ.സി.ബി.എഫ് ഉപദേശക സമിതി ചെയർമാൻ കെ. എസ്. പ്രസാദ്, സംസ്‌കൃതി ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം, കെ.ബി.എഫ് പ്രസിഡൻ്റ് ഷഹീൻ ഷാഫി, ഐ.ബി.പി.സി പ്രസിഡൻ്റ് താഹ മുഹമ്മദ്, പ്രവാസി വെൽഫയർ ആൻ്റ് കൾച്ചറൽ ഫോറം പ്രസിഡൻ്റ് ചന്ദ്രമോഹൻ പിള്ള തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. പ്രോഗ്രാം കോർഡിനേറ്റർ ഫാസിൽ അബൂബക്കർ നന്ദി പറഞ്ഞു.


ഉമ്മൻ ചാണ്ടി അനുസ്മരണ കമ്മിറ്റി ഭാവരവാഹികളായ ഈപ്പൻ തോമസ്സ്, സിറാജ് പാലൂർ, ബി. എം. ഫാസിൽ, ഫാസിൽ അബൂബക്കർ, മീഡിയ കോർഡിനേറ്റർ സർജിത്ത് കുട്ടംപറമ്പത്ത്, എന്നിവരോടൊപ്പം മറ്റ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളും യൂത്ത് വിംഗ്- ലേഡീസ് വിംഗ് ഭാരവാഹികളും, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളും അനുസ്മരണ ചടങ്ങുകൾക്ക് നേതൃത്വം നല്കി.







Follow us on :

Tags:

More in Related News