Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ പ്രസിഡൻ്റ് പി ജി എം നായർ എൻ എസ് എസ് നായക സഭയിലേക്ക്.

06 Sep 2026 15:29 IST

santhosh sharma.v

Share News :

വൈക്കം : എൻ എസ് എസ് ഡയറക്ടർ ബോർഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ പ്രസിഡൻ്റ് പി ജി എം നായർ കാരിക്കോടിന് ഇത് അർഹതക്കുള്ള അംഗീകാരമാണ്. നാടിൻ്റെ സമസ്ത തലങ്ങളിലും മുഖ്യധാരയിൽ പ്രവർത്തിച്ച അദ്ദേഹം എൻ എസ് എസിൻ്റെ പരമോന്നത ഭരണ സംവിധാനമായ നായക സഭയിൽ എത്തിച്ചേരുന്നതിൽ നാടിന് ഒന്നാകെ അഭിമാനമാണ്. പ്രസ്ഥാനത്തോടുള്ള അചഞ്ചലമായ കൂറും വിശ്വാസവുമാണ് അദ്ദേഹത്തെ ഈ സ്ഥാനത്ത് എത്തിച്ചത്. നാല് പതിറ്റാണ്ടായി സമുദായത്തിൻ്റെ വിവിധ നിലകളിൽ പ്രവർത്തിച്ച് വരുന്നു. പതിനെട്ടാമത്തെ വയസിൽ 1936-ാം നമ്പർ കാരിക്കോട് തെക്കേക്കര ശിവ വിലാസം എൻ എസ് എസ് കരയോഗത്തിൽ വ്യക്തി അംഗമായി. തുടർന്ന്‌ കരയോഗം കമ്മിറ്റി അംഗം , ജോയിൻ്റ് സെക്രട്ടറി, സെക്രട്ടറി, പ്രസിഡൻ്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. കരയോഗത്തിൽ ഏറ്റവും കൂടുതൽ കാലം പ്രസിഡൻ്റായ വ്യക്തി കൂടിയാണ് പി ജി എം നായർ. യൂണിയൻ പ്രതിനിധി, ഇലക്ട്രൽ റോൾ മെമ്പർ, പ്രതിനിധി സഭാംഗം, യൂണിയൻ കമ്മിറ്റി അംഗം, മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റി പ്രസിഡൻ്റ് തുടങ്ങി താലൂക്കിലും കേന്ദ്ര നേതൃത്വത്തിലുമായി നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. വൈക്കം താലൂക്ക് യൂണിയൻ്റെ ഒൻപതാമത് പ്രസിഡൻ്റായ പി ജി എം നായർ, താലൂക്ക് മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റി പ്രസിഡൻ്റും എൻ എസ് എസ് ആജീവനാന്ത വ്യക്തി അംഗവുമാണ്. എൻ എസ് എസ് മുളക്കുളം മേഖലാ കൺവീനർ, ചെയർമാൻ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

കരയോഗ മേഖലാ യൂണിയൻ തലങ്ങളിൽ ശക്തമായ പ്രവർത്തനം നടത്തിയിട്ടുള്ള പി ജി എം നായരുടെ നേതൃത്യത്തിലാണ് കഴിഞ്ഞ വർഷം ഏറ്റവും മികച്ച നിലയിൽ വൈക്കം താലൂക്ക് നായർ മഹാസമ്മേളനം സംഘടിപ്പിച്ചത്. യൂണിയൻ നവതി ആഘോഷങ്ങളുടെ ഭാഗമായി മന്നം നവോത്ഥാന സൂര്യൻ, യുവത്വം വിവേകാനന്ദം, സ്നേഹസ്പർശം തുടങ്ങിയ മികവാർന്ന പദ്ധതികൾ നടത്തി വരുന്നു. വൈക്കം ശ്രീ മഹാദേവ കോളേജ് സ്ഥാപകനും ഡയറക്ടറുമായ പി ജി എം നായർ, ശ്രീ മഹാദേവ എഡ്യൂക്കേണൽ ആൻ്റ് ചരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റുമാണ്.

മികച്ച സംഘാടകനും വാഗ്മിയുമായ ഇദ്ദേഹം നിരവധി സാമൂഹിക പ്രസ്ഥാനങ്ങളുടെ നേതൃസ്ഥാനം വഹിച്ചു വരുന്നു. മികച്ച സാമൂഹിക പ്രവർത്തകനും വിദ്യാഭ്യാസ പ്രവർത്തകനുമുള്ള പുരസ്ക്കാരം നേടിയിട്ടുണ്ട്. കാരിക്കോട് ശ്രീമഹാദേവർ ക്ഷേത്രോപദേശക സമിതി പ്രസിഡൻ്റ്, പി എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി തുടങ്ങിയ ഒട്ടേറെ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. തലയോലപ്പറമ്പ് ഡി. ബി കോളേജ് യൂണിയൻ  കൗൺസിലർ,  മഹാത്മാഗാന്ധി സർവ്വകലാശാല യൂണിയൻ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. കാൽ നൂറ്റാണ്ട് കാലമായി എൻ എസ് എസ് താലൂക്ക് യൂണിയൻ കമ്മറ്റി അംഗമാണ്. 

കാരിക്കോട് പൂവത്തുങ്കൽ പരേതനായ ഗോപിനാഥൻ നായർ ചെല്ലമ്മ ദമ്പതികളുടെ മകനാണ്. പത്തനംതിട്ട വെണ്ണിക്കുളം ഞവരക്കാട്ട് വീട്ടിൽ ബി മായയാണ് ഭാര്യ. ഡോ അതുൽ , അഡ്വ ആദർശ് എന്നിവർ മക്കളാണ്.





Follow us on :

More in Related News