Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ ജൂലൈ-ഓഗസ്റ്റ് വേനലവധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ ഇന്ത്യൻ എംബസിക്ക് നിവേദനം നൽകി

06 Aug 2026 02:22 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ വേനലവധി ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലേക്ക് ഏകീകരിക്കണമെന്നും, നിലവിലുണ്ടായിരുന്ന പൂർണ വേനലവധി പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് രക്ഷിതാക്കളുടെ നേതൃത്വത്തിൽ ഇന്ത്യൻ എംബസിക്ക് നിവേദനം സമർപ്പിക്കുകയും എംബസ്സി അധികൃതരുമായി ചർച്ച നടത്തുകയും ചെയ്തു. സ്‌കൂൾ മാനേജ്മെന്റുകളും ഡയറക്ടർ ബോർഡുകളും അടുത്തിടെ നടപ്പാക്കിയ അക്കാദമിക് കലണ്ടർ മാറ്റങ്ങൾ വിദ്യാർത്ഥികളെയും, രക്ഷിതാക്കളെയും, അധ്യാപകരെയും അവരുടെ കുടുംബങ്ങളെയും ദോഷകരമായി ബാധിക്കുന്നുവെന്ന് രക്ഷിതാക്കൾ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

മറ്റെല്ലാ ഗൾഫ് രാജ്യങ്ങളിലും, ഒമാനിലെ പ്രാദേശിക സ്കൂളുകളിലും ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് വേനലവധി അനുവദിക്കുന്നത്. എന്നാൽ ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ ഇപ്പോഴും ജൂൺ, ജൂലൈ മാസങ്ങളെ കേന്ദ്രീകരിച്ച വ്യത്യസ്ത അക്കാദമിക് കലണ്ടറാണ് പിന്തുടരുന്നത്.

അക്കാദമിക് വർഷം ഏപ്രിലിൽ ആരംഭിച്ച് ഏതാനും ആഴ്ചകൾക്കകം ദീർഘമായ അവധിയിലേക്ക് കടക്കേണ്ടി വരുന്നത് പഠനത്തിന്റെ തുടർച്ചയെ ദോഷമരമായി ബാധിക്കുന്നുവെന്നും രക്ഷിതാക്കൾ പറഞ്ഞു. വേനലവധി ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലേക്ക് മാറ്റിയാൽ വിദ്യാർത്ഥികൾക്ക് പാഠ്യപദ്ധതിയുടെ വലിയൊരു ഭാഗം പൂർത്തിയാക്കിയ ശേഷമേ അവധിയിലേക്ക് പോകേണ്ടിവരൂ. ഇത് പഠന നിലവാരവും അക്കാദമിക് തുടർച്ചയും മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.

മറ്റ് ജി സി സി രാജ്യങ്ങളിലെ വിദ്യാഭ്യാസ രീതിയുമായി പൊരുത്തപ്പെടുന്ന തരത്തിൽ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലേക്ക് വേനലവധി ക്രമീകരിക്കുന്നത് വിദ്യാർത്ഥികൾക്കും കുടുംബങ്ങൾക്കും കൂടുതൽ സൗകര്യപ്രദമാകുമെന്നും കാലാവസ്ഥാ സാഹചര്യങ്ങൾ കൂടി പരിഗണിക്കുന്നതായിരിക്കുമെന്നും അവർ വ്യക്തമാക്കി.

പരമ്പരാഗത വേനലവധി വെട്ടിക്കുറക്കാൻ അടുത്തിടെ സ്കൂൾ അക്കാഡമിക് കമ്മിറ്റി എടുത്ത തീരുമാനത്തിലും രക്ഷിതാക്കൾ ആശങ്ക രേഖപ്പെടുത്തി. ഇതിന്റെ ഫലമായി വിദ്യാർത്ഥികൾക്ക് ഒമാനിലെയും മറ്റ് ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളിലെയും സ്‌കൂളുകളിലെ കുട്ടികളെക്കാൾ വളരെ നേരത്തെ ക്ലാസുകളിൽ തിരിച്ചെത്തേണ്ട സാഹചര്യമാണുള്ളതെന്ന് അവർ അഭിപ്രായപ്പെട്ടു.

വേനലവധി വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും വ്യക്തിത്വ വികസനത്തിനും അത്യന്താപേക്ഷിതമാണെന്നും അവർ ചൂണ്ടിക്കാട്ടി. വിശ്രമത്തിനും പാഠ്യേതര പ്രവർത്തനങ്ങൾക്കും പുതിയ അധ്യയന വർഷത്തിനുള്ള തയ്യാറെടുപ്പിനും മതിയായ സമയം ലഭിക്കേണ്ടതുണ്ടെന്നും അവധിക്കാലം ചുരുക്കുന്നത് കുട്ടികളുടെ സമഗ്ര വളർച്ചയെ പ്രതികൂലമായി ബാധിക്കാമെന്നും രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.

അതോടൊപ്പം ഇന്ത്യൻ പ്രവാസി കുടുംബങ്ങളുടെ യാത്രാ പദ്ധതികളെയും കുടുംബബന്ധങ്ങളെയും പുതിയ ക്രമീകരണം ബാധിക്കുന്നുവെന്ന് നിവേദനത്തിൽ പറയുന്നു. വേനലവധി കാലം ഇന്ത്യ സന്ദർശിക്കാനും ബന്ധുക്കളോടൊപ്പം സമയം ചെലവഴിക്കാനുമാണ് പല കുടുംബങ്ങളും ഉപയോഗിക്കുന്നത്. അവധി ദിവസങ്ങൾ കുറച്ചതോടെ യാത്രാ ക്രമീകരണങ്ങൾക്കും കുടുംബപരമായ ബാധ്യതകൾക്കും ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നതായി രക്ഷിതാക്കൾ പരാതിപ്പെട്ടു.

വേനലവധി പരിഷ്‌കരണ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ ഡയറക്ടർ ബോർഡിന് നേരത്തേ തന്നെ രക്ഷിതാക്കൾ നിവേദനം സമർപ്പിച്ചിരുന്നുവെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി.

വിദ്യാർത്ഥികളെയും, രക്ഷിതാക്കളെയും, അധ്യാപകരെയും നേരിട്ട് ബാധിക്കുന്ന ഇത്തരം സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് മുമ്പ് രക്ഷിതാക്കളുമായി ചർച്ചകൾ നടത്താൻ സ്കൂൾ അധികാരികൾ തയ്യാറാകണമെന്നും രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.

വിഷയത്തിൽ ഇന്ത്യൻ എംബസി ഇടപെട്ട് അനുകൂലമായ പരിഹാരം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി നിവേദക സംഘത്തിന് നേതൃത്വം നൽകിയ അനു ചന്ദ്രൻ, ബിനു കേശവൻ, റിയാസ് കൊട്ടാപ്പുറത്ത്, അഭിലാഷ് ശിവൻ എന്നിവർ പറഞ്ഞു.

Follow us on :

More in Related News