Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൊടുപുഴയില്‍ അനധികൃത വഴിയോര കച്ചവടം തകൃതി

30 Jan 2025 17:15 IST

ജേർണലിസ്റ്റ്

Share News :



തൊടുപുഴ: അനുദിനം വളരുന്ന നഗരത്തില്‍ പൊതുനിരത്തുകള്‍ കൈയേറിയുള്ള വ്യാപാരങ്ങള്‍ വര്‍ധിച്ചിട്ടും നഗരസഭയും പൊതുമരാമത്ത് വകുപ്പും നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. റോഡിന് വീതികൂട്ടി ടാറിങ് നടത്തിയാല്‍ ആ ഭാഗങ്ങളില്‍ വഴിയോര കച്ചവടക്കാര്‍ സ്ഥാനം പിടിക്കുന്ന സാഹചര്യമാണ് തൊടുപുഴയിലുള്ളത്. ഇത് സംബന്ധിച്ച് വ്യാപാരി വ്യവസായി സംഘടനയുടെ നേതൃത്വത്തില്‍ നിരവധി പരാതികള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. വഴിയോരം കൈവശപ്പെടുത്തി മറ്റുള്ളവര്‍ക്ക് ദിവസ വാടകയ്ക്ക് നല്‍കുന്ന ലോബികള്‍ ഇവിടെ സജീവമാണെന്നും ആക്ഷേപമുണ്ട്. 


നഗരത്തിലെ പ്രധാന ബൈപാസുകളിലൊന്നായ മങ്ങാട്ടുകവല - കാഞ്ഞിരമറ്റം ബൈപ്പാസ് റോഡിലെ അല്‍ഫോന്‍സാ കണ്ണാശുപത്രിക്ക് സമീപം റോഡ് കൈയേറി കച്ചവടം പൊടിപൊടിച്ചിട്ടും അധികൃതര്‍ കണ്ട ഭാവം നടിക്കുന്നില്ല. വാഹന ഗതാഗതത്തിനും കാല്‍ നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കി പച്ചക്കറി കച്ചവടം ഒരു വശത്തും മറുവശത്ത് തുണി കച്ചവടവുമാണ് നടക്കുന്നത്. സ്‌കൂളിലേക്കും കോളജിലേക്കുമുള്ള വാഹനങ്ങള്‍ക്ക് പുറമേ കിഴക്കന്‍ മേഖലകളായ കരിമണ്ണൂര്‍, ഉടുമ്പന്നൂര്‍, വണ്ണപ്പുറം, ഇടവെട്ടി, പൂമാല തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ബസ് ഒഴികെ എല്ലാ വാഹനങ്ങളും ഇതുവഴിയാണ് കടന്ന് പോകുന്നത്. ഇവിടെയാണിപ്പോള്‍ ഗതാഗത തടസം സൃഷ്ടിച്ചുള്ള കച്ചവടം നടക്കുന്നത്. രാവിലെ സമയങ്ങളില്‍ പച്ചക്കറി ഇറക്കുവാനായി വാഹനങ്ങള്‍ അധിക നേരം പാര്‍ക്ക് ചെയ്യുന്നതും അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

നഗരത്തില്‍ രണ്ട് മാര്‍ക്കറ്റുകള്‍ നിലവിലുള്ളപ്പോഴാണ് റോഡ് കൈയേറിയുള്ള മാര്‍ക്കറ്റുകള്‍ കൂടി നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത്. വഴിയോര കച്ചവടത്തിന് പുറമേ വാഹന കച്ചവടക്കാര്‍ക്കും ഇതര പച്ചക്കറി കടകളിലേക്കും ഇവിടെ നിന്നും പച്ചക്കറികള്‍ കയറ്റി വിടുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനം രാവിലെ എട്ടിന് മുമ്പ് പൂര്‍ത്തിയാക്കുമെന്ന ധാരണയിലാണ് സമാന്തര മാര്‍ക്കറ്റ് തുടങ്ങിയത്. എന്നാല്‍, സ്‌കൂള്‍ ബസുകള്‍ പോകുന്ന സമയത്തും ഇവിടെ കയറ്റിറക്ക് നടക്കുന്നുണ്ട്. ഇന്നലെ രാവിലെ സമാന്തര മാര്‍ക്കറ്റിന് എതിര്‍വശം തുണിക്കച്ചവടക്കാരും ഷെഡ് കെട്ടിയതോടെ ഗതാഗത തടസവുമുണ്ടായി. യാത്രക്കാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പോലീസെത്തി ഇവരെ നീക്കം ചെയ്തു.


ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ അപകടകരമായ രീതിയില്‍ റോഡുകള്‍ കൈയേറി കച്ചവടം നടത്തുന്നതിനെതിര നടപടി സ്വീകരിക്കുവാന്‍ ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ലെന്ന പരാതിക്ക് കാലങ്ങളുടെ പഴക്കമുണ്ട്. പോലീസ് സ്‌റ്റേഷന്‍ സബ് ഡിവിഷന്‍ സ്‌റ്റേഷന്‍ കൂടിയാണെങ്കിലും നഗരത്തില്‍ പോലീസ് സാന്നിധ്യം അപൂര്‍വമാണ്. പൊതുമരാമത്ത് വകുപ്പിലാകട്ടെ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വരെയുള്ള തസ്തികയില്‍ നിരവധി ഉദ്യോഗസ്ഥര്‍ ഉണ്ടെങ്കിലും അവരും നടപടിക്ക് തയാറല്ല. വഴിയോര കച്ചവട സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് കൊടുക്കുന്ന നഗരസഭയാകട്ടെ അനധികൃത കച്ചവടക്കാര്‍ക്കെതിരെ അടുത്ത കാലത്തൊന്നും നടപടിയെടുക്കാറുമില്ല. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഏതാനും ഉദ്യോഗസ്ഥരുടെ ഒത്താശയിലാണ് റോഡ് കൈയേറിയുള്ള കച്ചവടങ്ങള്‍ നടക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.


Follow us on :

More in Related News