Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നമ്മളെയങ്ങനെ തകർക്കാൻ കഴിയുമായിരുന്നില്ല: മുഖ്യമന്ത്രി

02 Apr 2026 19:08 IST

Basheer Puthukkudi

Share News :

കുന്ദമംഗലം: നിരവധി പ്രതിസന്ധികളും വെല്ലുവിളികളും നേരിട്ടിട്ടും കേരളത്തെ തകർക്കാൻ ആരാലും കഴിഞ്ഞില്ലെന്നും ജനങ്ങളുടെ ഐക്യവും പിന്തുണയും കൊണ്ടാണ് സംസ്ഥാനം മുന്നേറുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥി പി. ടി. എ. റഹീമിന് വോട്ട് അഭ്യർഥിച്ച് കുന്ദമംഗലത്ത് നടന്ന പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.


കേരളം ആധുനിക വികസനത്തിന്റെ വഴിയിലൂടെ മുന്നേറുന്ന സംസ്ഥാനമാണെന്നും ജനങ്ങളുടെ വിശ്വാസം കൊണ്ടാണ് സർക്കാർ വിവിധ ക്ഷേമപദ്ധതികൾ വിജയകരമായി നടപ്പാക്കാൻ കഴിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് മിഷൻ പദ്ധതിയിലൂടെ അഞ്ച് ലക്ഷം വീടുകൾ നിർമ്മിച്ച് പാവപ്പെട്ട കുടുംബങ്ങൾക്ക് കൈമാറാൻ കഴിഞ്ഞതും സർക്കാരിന്റെ വലിയ നേട്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ഹരിത കേരളം പദ്ധതിയിലൂടെ മാലിന്യ നിർമാർജനത്തിലും ശുചിത്വ പ്രവർത്തനങ്ങളിലും വലിയ മാറ്റം കൊണ്ടുവരാൻ കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. ശക്തമായ ബോധവൽക്കരണ പ്രവർത്തനങ്ങളിലൂടെ പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന പഴയ രീതിയിൽ മാറ്റം ഉണ്ടാക്കാൻ സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി.


സംസ്ഥാനം നിരവധി ദുരന്തങ്ങൾ നേരിട്ടിട്ടുണ്ടെങ്കിലും ജനങ്ങളുടെ ഐക്യവും സഹകരണവും കൊണ്ടാണ് അവയെ അതിജീവിക്കാൻ കഴിഞ്ഞതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ പ്രളയം പോലുള്ള വലിയ ദുരന്തങ്ങൾ ഉണ്ടായപ്പോഴും കേന്ദ്ര സർക്കാർ കേരളത്തിന് അർഹമായ സാമ്പത്തിക സഹായം നൽകിയില്ലെന്നും നികുതി വിഹിതത്തിലും വായ്പാ പരിധികളിലും നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാനത്തിന്റെ വികസനത്തെ തടയാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.


രാജ്യത്ത് വിഭജന രാഷ്ട്രീയമാണ് ബിജെപി മുന്നോട്ട് കൊണ്ടുപോകുന്നതെന്നും ന്യൂനപക്ഷ സമൂഹങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്ന നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മതനിരപേക്ഷതയും സാമൂഹിക ഐക്യവും സംരക്ഷിക്കുന്ന നിലപാടാണ് കേരള സർക്കാർ സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി

.

കേരളത്തിന്റെ അവകാശങ്ങൾക്കായി കോൺഗ്രസും യുഡിഎഫും ശക്തമായി പ്രതികരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കുന്ദമംഗലം മണ്ഡലത്തിൽ വീണ്ടും പി. ടി. എ. റഹീമിനെ വിജയിപ്പിക്കണമെന്ന് അഭ്യർഥിച്ച അദ്ദേഹം, ജനങ്ങളോട് അടുത്ത് നിൽക്കുന്ന ഒരു നേതാവായി രഹീം പ്രവർത്തിച്ചിട്ടുണ്ടെന്നും പറഞ്ഞു.


കൊടുവള്ളി മണ്ഡലത്തിൽ മത്സരിക്കുന്ന സലീം മടവൂരിനും വിജയാശംസകൾ നേർന്ന മുഖ്യമന്ത്രി, ഇടതുപക്ഷ മുന്നണിക്ക് ജനങ്ങൾ വീണ്ടും ശക്തമായ പിന്തുണ നൽകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ചൂലൂർ നാരായണൻ അധ്യക്ഷനായി. പി. ഷൈപു, പി.ടി.എ റഹീം, സലീം മടവൂർ, എളമരം കരീം, എം മെഹബൂബ് , മുക്കം മുഹമ്മദ്, പി.കെ പ്രേമനാഥ്, ശോഭ അബൂബക്കർ ഹാജി, മെഹബൂബ് കുറ്റികാട്ടൂർ സംസാരിച്ചു.

Follow us on :

More in Related News