Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹയർ സെക്കൻഡറി അധ്യാപക സ്ഥലംമാറ്റം ശരിവെച്ച് ഹൈക്കോടതി

14 Jun 2024 07:56 IST

Enlight Media

Share News :

കൊച്ചി: ഹയർ സെക്കൻഡറി അധ്യാപകരെ സ്ഥലംമാറ്റി 2024 ഫെബ്രുവരി 12-ന് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. ഈ സ്ഥലംമാറ്റപ്പട്ടിക പനഃപരിശോധിക്കണമെന്നും അതുവരെ സർക്കാർ ഉത്തരവ് നടപ്പാക്കരുതെന്നുമുള്ള കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ (കെ.എ.ടി.) ഉത്തരവ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് റദ്ദാക്കി. ഉത്തരവ് ചോദ്യംചെയ്ത് സർക്കാരും ഒരുകൂട്ടം അധ്യാപകരും നൽകിയ ഹർജിയിലാണ് ഉത്തരവ്.


അതേസമയം, മാതൃജില്ലക്കാർക്ക് നിയമനം നൽകിയശേഷം ഒഴിവുണ്ടെങ്കിൽ അയൽജില്ലക്കാരായ വിദൂരത്ത് ജോലിചെയ്യുന്ന അധ്യാപകരെ സർവീസ് സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ നിയമനത്തിന് പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു. തയ്യാറാക്കിയ പട്ടികയിൽ ഇത് പരിഗണിച്ചിട്ടില്ലെങ്കിൽ സർക്കാർ അത് ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്.

സർക്കാർ പുറപ്പെടുവിച്ച സ്ഥലമാറ്റ ഉത്തരവ് ചോദ്യംചെയ്ത് ഒരുകൂട്ടം അധ്യാപകർ നൽകിയ ഹർജിയിലായിരുന്നു ഹോം സ്റ്റേഷൻ, അദേഴ്സ് സ്ഥലംമാറ്റപ്പട്ടികകൾ നടപ്പാക്കുന്നത് കെ.എ.ടി. തടഞ്ഞത്. ഒരുമാസത്തിനകം പട്ടിക പുതുക്കി കരട് പ്രസിദ്ധീകരിക്കണമെന്നും പരാതികൾ കേട്ട് ജൂൺ ഒന്നിനകം പട്ടിക പ്രസിദ്ധീകരിക്കണമെന്നും ട്രിബ്യൂണൽ നിർദേശിച്ചിരുന്നു.


മാതൃജില്ലയ്ക്ക് പുറത്തുള്ള സർവീസ് കാലാവധി മാതൃജില്ലയിലേക്ക് സ്ഥലംമാറ്റത്തിനുമാത്രമേ പരിഗണിക്കാവൂവെന്നാണ് സർക്കാർ മാനദണ്ഡം. എന്നാൽ, ഈ സീനിയോറിറ്റി പരിസര ജില്ലകളിലേക്കും പരിഗണിക്കണമെന്ന ഹർജിക്കാരുടെ ആവശ്യവുംകൂടി പരിഗണിച്ചാണ് കെ.എ.ടി. ഉത്തരവ് പുറപ്പെടുവിച്ചത്. കംപാഷനേറ്റ്, പ്രയോറിറ്റി വിഭാഗങ്ങളിലെ സ്ഥലംമാറ്റം സംബന്ധിച്ച് തീരുമാനമെടുക്കാൻ കമ്മിറ്റിയുണ്ടാക്കണമെന്നും കെ.എ.ടി. നേരത്തേ നിർദേശിച്ചിരുന്നു.


സർക്കാർ പുറപ്പെടുവിച്ച സ്ഥലംമാറ്റപ്പട്ടിക ഈ നിർദേശങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഒരുകൂട്ടം അധ്യാപകർ നൽകിയ കോടതിയലക്ഷ്യ ഹർജിയിലായിരുന്നു പട്ടിക പുനഃക്രമീകരിക്കുന്നതുവരെ സ്ഥലംമാറ്റ ഉത്തരവ് നടപ്പാക്കരുതെന്ന് കെ.എ.ടി. ഉത്തരവിട്ടത്. ഇത്തരമൊരു ഉത്തരവിടാൻ കെ.എ.ടി.ക്ക് അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സർക്കാരും ഒരുകൂട്ടം അധ്യാപകരും ഹൈക്കോടതിയെ സമീപിച്ചത്.


കെ.എ.ടി. നിർദേശപ്രകാരം സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് സമിതി രൂപവത്‌കരിച്ചിട്ടുള്ളതായി സർക്കാർ ചൂണ്ടിക്കാട്ടി. സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട കെ.എ.ടി. ഉത്തരവുകൾ അനിശ്ചിതത്വമുണ്ടാക്കിയതായി സർക്കാരും ഹർജിക്കാരും വാദിച്ചു. ഇത് കണക്കിലെടുത്ത കോടതി, മുൻ ഉത്തരവിൻറെ അടിസ്ഥാനത്തിൽ കെ.എ.ടി. പുറപ്പെടുവിച്ച ഉത്തരവുകൾ നിലനിൽക്കുന്നതല്ലെന്ന് വ്യക്തമാക്കി അവ റദ്ദാക്കുകയായിരുന്നു. ഇതോടെ ഇതുമായി ബന്ധപ്പെട്ട് കെ.എ.ടി.യിൽ നിലവിലുള്ള കോടതിയലക്ഷ്യ ഹർജിയിലെ ഉത്തരവുകളും റദ്ദാക്കുന്നതായി കോടതി വ്യക്തമാക്കി.

Follow us on :

More in Related News