Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓർമ്മയായത് സ്വാതന്ത്ര്യസമര പാരമ്പര്യത്തിന്റെ അവസാന കണ്ണി

30 Jun 2025 20:58 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: അയ്യറോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാർ ഓർമ്മയായതോടെ നഷ്ടമായത് സ്വാതന്ത്ര്യപൂർവ്വ പോരാട്ടങ്ങളുടെ പാരമ്പര്യത്തിന്റെ വിലയേറിയ കണ്ണി. ഗാന്ധിജിയെ നേരിൽ കണ്ട തലമുറയുടെ പ്രതിനിധിയാണ് കുഞ്ഞിക്കണ്ണൻനമ്പ്യാർ. 104ാം വയസ്സിൽ മരണത്തിന് കീഴടങ്ങുന്നതുവരെ പ്രവർത്തനനിരതമായ നാളുകളായിരുന്നു അദ്ദേഹത്തിന്റേത്. സ്വാതന്ത്ര്യസമര കാലത്തെ കേട്ടറിയാനും, ഗാന്ധിജിയുടെ പാക്കനാർ പുരം സന്ദർശനത്തെ കുറിച്ച് കേൾക്കാനും, അന്നത്തെ സമരങ്ങളുടെ കഥകൾ കേട്ടറിയാനുമായി വിദ്യാർ ർത്ഥികളും, ചരിത്രാന്വേഷികളുമൊക്കെയായി വീട്ടിലെത്തുന്ന എല്ലാവർക്കും മുമ്പിൽ ദീർഘനേരം ഇരുന്ന് സംസാരിക്കാനും അദ്ദേഹം മടി കാണിച്ചിരുന്നില്ല. അയ്യറോത്തെ കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെ പുമുഖം ഏവർക്കും എപ്പോഴും തുറന്നു കിടന്നു.

കെ.കേളപ്പനെന്ന കേരള ഗാന്ധിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് ഇദ്ദേഹം സ്വാതന്ത്ര്യ സമര പരിപാടികളിൽ പങ്കാളിയായത്. ബ്രിട്ടീഷ് ആധിപത്യത്തിന് കീഴിൽ വടക്കേ മലബാറിൽ വളർന്നുവന്ന സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് ഏകശിലാരൂപമായിരുന്നില്ല.കെ.കേളപ്പനെന്ന കേരള ഗാന്ധിയുടെ നേതൃത്വം അതിന് നവോത്ഥാന ഉള്ളടക്കം കൂടി നൽകിയിരുന്നു. സമൂഹത്തിൽ അകറ്റി നിർത്തപ്പെട്ട അധസ്ഥിത വിഭാഗങ്ങളെ വിദ്യാഭ്യാസത്തിലേക്കും തൊഴിൽ പരിശീലനത്തിലേക്കും, ക്ഷേത്രപ്രവേശനത്തിന് വേണ്ടിയുള്ള സമരങ്ങളിലേക്കും അതിലൂടെ സ്വാതന്ത്ര്യ സമരത്തിന്റെ മുഖ്യധാരയിലേക്കും ഗ്രാമീണ ജനതയെ നയിച്ചു.


ഇരിങ്ങത്ത് പാക്കനാർപുരത്ത്

കേളപ്പജിയുടെ നേതൃത്വത്തിൽ അവർണ്ണ സമുദായങ്ങളിൽ പെട്ട കുട്ടികളുടെ

വിദ്യാഭ്യാസത്തിനായി സ്ഥാപിച്ച ശ്രദ്ധാനന്ദ വിദ്യാലയത്തിന്റെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത് ഗാന്ധിജിയായിരുന്നു. 1934 ജനുവരി മാസത്തിലാണത്. കുറുമ്പ്രനാട് താലൂക്കിന്റെ വിദൂര ഗ്രാമങ്ങളിൽ നിന്നുവരെ ആബാലവൃദ്ധം ജനങ്ങളാണ് ദേശീയ പ്രസ്ഥാനത്തിന്റെ അനിഷേധ്യ നേതാവായിരുന്നു ഗാന്ധിജിയെ കാണാനെത്തിയത്.ആ ചരിത്ര സംഭവത്തിന് സാക്ഷിയാകാൻ അച്ഛൻ രാമൻ നമ്പ്യാരുടെ കൈ പിടിച്ച് അയ്യറോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാരുമുണ്ടായിരുന്നു. ഗാന്ധിജിയുടെ സന്ദർശനം പ്രദേശത്തുടനീളം സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങൾക്ക് പുത്തൻ ഉണർവേകി. ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി കേളപ്പജിയുടെ നേതൃത്വത്തിൽ പിന്നീട് നടന്ന കള്ള്ഷാപ്പ് പിക്കറ്റിംഗ് ഉൾപ്പടെയുള്ള സമരങ്ങളിൽ കുഞ്ഞിക്കണ്ണൻ നമ്പ്യാർ പങ്കെടുത്തു. രാജ്യമെമ്പാടും നടക്കുന്ന സ്വാതന്ത്യസമരത്തിന്റെ മഹാസാഗരത്തിലേക്ക് മദ്യവിരുദ്ധ സമര വളണ്ടിയറായി

തന്റെ ചുറ്റുമുള്ളവർക്കൊപ്പം ഒരു ഗ്രാമീണയുവാവ് കൂടി അണിചേരുകയായിരുന്നു.


സ്വാതന്ത്ര്യാനന്തരവും രാജ്യ സ്നേഹവും ഉയർന്ന മതേതര മൂല്യങ്ങളും ജാതി ഭേദമില്ലാത്ത സാഹോദര്യ ബോധവും മരണം വരെ കൈവിടാതെയായിരുന്നു ജീവിതം.

നല്ല കർഷകനായിരുന്നു അദ്ദേഹം. ഓരോ വർഷവും 700 ഓളം തെങ്ങിൻ തൈകൾ വരെ ഉൽപ്പാദിപ്പിച്ച് ആവശ്യക്കാർക്ക് വില്പന നടത്തിയിരുന്നു അദ്ദേഹം. ജീവിതത്തിന്റെ അവസാന കാലത്ത് ബാപ്പുജി ട്രസ്റ്റിന്റെ സ്വരാജ് പുരസ്കാരം ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു. കുഞ്ഞിക്കണ്ണൻ നമ്പ്യാർ ചരിത്രത്തിൽ പേര് രേഖപ്പെടുത്തപ്പെട്ടയാളാണ്. സ്വാതന്ത്ര്യ സമര പെൻഷനും ലഭ്യമായിരുന്നു. നാടിന്റെ സ്വാതന്ത്ര്യത്തിനായി അറിയപ്പെടാത്ത നിരവധി ഉദ്യമങ്ങൾ നാട്ടിൻ പുറങ്ങളിൽ നടന്നിട്ടുണ്ട്. അത്തരം അറിയപ്പെടാത്ത, ചരിത്രത്തിൽ പേരു പോലും വരാത്ത എണ്ണമറ്റ പോരാളികളുടെ വിയർപ്പിന്റെയും ത്യാഗത്തിന്റെയും ഫലമാണ് ഭാരതത്തിന്റെ സ്വാതന്ത്ര്യം.ആ സമ്പന്നമായ പാരമ്പര്യത്തിന്റെ അവസാന കണ്ണിയെയാണ് അയ്യറോത്ത്കുത്തിക്കണ്ണൻ നമ്പ്യാരുടെ നിര്യാണത്തിലൂടെ മേപ്പയ്യൂരിന് നഷ്ടമായിരിക്കുന്നത്. നാടിന്റെ നാനാ തുറകളിലുള്ള ആബാലവൃദ്ധം പേരാണ് ആദരാഞ്ജലികളർപ്പിക്കാൻ അയ്യറോത്ത് വീട്ടിലെത്തിയത്.

തിങ്കളാഴ്ച വൈകീട്ട് ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ നടന്നു. ഷാഫി പറമ്പിൽ എം.പി, പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ, ആർ.ജെ.ഡി ജില്ലാ സെക്രട്ടറി ഭാസ്കരൻ കൊഴുക്കല്ലൂർ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ബാലൻ, ഡി.സി.സി ജനറൽ സെക്രട്ടറി ഇ. അശോകൻ തുടങ്ങി നിരവധി പേർ വീട്ടിലെത്തി ആദരാഞ്ജലിയർപ്പിച്ചു.


Follow us on :

Tags:

More in Related News