Tue Dec 12, 2023 10:56 PM 1ST

Location  

Sign In

‘കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചോയെന്ന് പരിശോധിക്കണം’; സിഐഎസിഎഫ് ഉദ്യോഗസ്ഥയ്ക്ക് കർഷക പിന്തുണ

07 Jun 2024 11:12 IST

- Shafeek cn

Share News :

ഡൽഹി: നടിയും ബിജെപിയുടെ നിയുക്ത എംപിയുമായ കങ്കണ റനൗട്ടിനെ ചണ്ഡിഗഡ് വിമാനത്താവളത്തിൽവച്ച് മർദിച്ച സംഭവത്തിൽ സിഐഎസിഎഫ് ഉദ്യോഗസ്ഥയ്ക്ക് പിന്തുണയുമായി കർഷക നേതാക്കൾ. സംഭവസമയത്ത് കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും കൃത്യമായ അന്വേഷണം നടത്തണമെന്നും കർഷക നേതാക്കൾ ആവശ്യപ്പെട്ടു.

കങ്കണയെ മർദിച്ചെന്നാരോപിക്കുന്ന വ്യവസായ സുരക്ഷാ സേന(സിഐഎസ്എഫ്)യിലെ വനിതാ കോൺസ്റ്റബിൾ കുൽവിന്ദർ കൗറിനെതിരെ കടുത്ത നടപടിയെടുക്കരുതെന്ന് സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതര) വിഭാഗവും കിസാൻ മജ്ദൂർ മോർച്ചയും ആവശ്യപ്പെട്ടു. കുൽവിന്ദറിന്റെ കുടുംബത്തിന് ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ സമരം ചെയ്യുമെന്നും കർഷക നേതാക്കൾ പറഞ്ഞു.


കങ്കണയുടെ മുഖത്തടിച്ചെന്ന പരാതിയിൽ കുൽവിന്ദറിനെ സിഐഎസ്എഫ് സസ്പെൻഡ് ചെയ്തിരുന്നു. കോൺസ്റ്റബിൾ കുൽവിന്ദർ കൗറിനെ സസ്പെൻഡ് ചെയ്ത് എഫ്ഐആർ റജിസ്റ്റർ ചെയ്തതായി അധികൃതർ അറിയിച്ചു. വിമാനത്താവളത്തിന്റെ സുരക്ഷാച്ചുമതലയുള്ള സിഐഎസ്എഫും അന്വേഷണം പ്രഖ്യാപിച്ചു. അവരെ അറസ്റ്റ് ചെയ്തതായി വിവരം ലഭിച്ചെന്ന് കുൽവിന്ദറിന്റെ കുടുംബാംഗങ്ങൾ അറിയിച്ചു. കർഷകസമരത്തെക്കുറിച്ച് നേരത്തെ കങ്കണ മോശമായി സംസാരിച്ചതിലുള്ള അമർഷത്താലാണ് അവരുടെ മുഖത്തടിച്ചതെന്നാണ് കുൽവിന്ദർ പറയുന്നത്. നൂറു രൂപയ്ക്ക് വേണ്ടിയാണ് കർഷകർ സമരം ചെയ്യുന്നതെന്നായിരുന്നു കങ്കണയുടെ പരാമർശം. തന്റെ അമ്മയും കർഷകർക്കൊപ്പം സമരം ചെയ്തിരുന്നതാണെന്നും കുൽവിന്ദർ പറഞ്ഞു.


ഹിമാചലിലെ മണ്ഡിയിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട കങ്കണ ഡൽഹിയിലേക്കു പോകാനാണു ചണ്ഡിഗഡ് വിമാനത്താവളത്തിലെത്തിയത്. സുരക്ഷാപരിശോധന നടക്കുന്ന സ്ഥലത്താണു സംഭവമുണ്ടായത്. മുഖത്തടിച്ചശേഷം ‘ഇത് കർഷകരെ അപമാനിച്ചതിനാണ്’ എന്നു കോൺസ്റ്റബിൾ കങ്കണയോടു പറയുകയും ചെയ്തു. തുടർന്നു സുരക്ഷാഭടന്മാരുടെ വലയത്തിലാണു കങ്കണ വിമാനത്തിലേക്കു പോയത്. പിന്നീടു സമൂഹമാധ്യമത്തിൽ വിഡിയോ പോസ്റ്റ് ചെയ്ത കങ്കണ, പഞ്ചാബിൽ ഭീകരവാദം വളരുന്നതിൽ ആശങ്കയുണ്ടെന്നും പറഞ്ഞു. രണ്ടാം മോദി സർക്കാരിന്റെ കൃഷിനിയമങ്ങൾക്കെതിരെയാണു കർഷകർ മാസങ്ങളോളം സമരം ചെയ്തത്.

Follow us on :

More in Related News