Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ സംഭവം: ഉത്തരവാദികൾക്കെതിരെ കർശന നടപടികളുണ്ടാവുമെന്ന് വനം മന്ത്രി

15 Feb 2025 07:34 IST

Fardis AV

Share News :




കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് ക്ഷേത്രത്തിൽ ആന ഇടഞ്ഞ് മൂന്നുപേർ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ കർശന നടപടികളുമായി മുന്നോട്ട് പോകുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ. വനം വകുപ്പ് നൽകിയ റിപ്പോർട്ടിൽ ഗുരുതരമായ ക്രമക്കേടുകളുണ്ടായെന്നാണ് കണ്ടെത്തൽ. ആനയെ എഴുന്നള്ളത്തിന് കൊണ്ടുപോകുമ്പോൾ ഇടച്ചങ്ങലയുണ്ടാകണമെന്നാണ് കോടതിയുടെ നിർദ്ദേശം. എന്നാൽ അതിവിടെ പാലിക്കപ്പെട്ടിട്ടില്ല എന്നാണ് കണ്ടെത്തൽ. ആനകൾ ഇടയാനുണ്ടായ സാഹചര്യത്തിലും അവ്യക്തത നിലനിൽക്കുന്നുണ്ട്. സംഭത്തിൽ ഭാരവാഹികൾക്കെതിരേയും ആന ഉടമസ്ഥർക്കെതിരേയും നടപടികളുണ്ടാവുമെന്നും മന്ത്രി. ഇന്ന് സ്ഥലം സന്തർശിച്ച ശേഷം കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാമെന്നും മന്ത്രി.

അതേ സമയം സ്ഥലത്ത് ഇന്നലെ പരിശോധന നടത്തിയ വനം-റവന്യൂവകുപ്പുകൾ വ്യത്യസ്ഥ അഭിപ്രായങ്ങളാണ് പറഞ്ഞത്. ആന ഇടഞ്ഞതിന് കാരണം പടക്കം പൊട്ടിച്ചതാണെങ്കിൽ അതിന് ക്ഷേത്രകമ്മറ്റിയുമായി ബന്ധമൊന്നുമില്ലെന്നും കതിന പൊട്ടിച്ചത് ക്ഷേത്രാചാരത്തിന്റെ ഭാഗമാണെന്നും അതുസംബന്ധിച്ച് വിശദീകരണം കോടതിയിൽ നൽകുമെന്നാണ് ക്ഷേത്രകമ്മറ്റിയുടെ വിശദീകരണം. വിഷയത്തിൽ ഇടപെട്ട കോടതി ഇടഞ്ഞ ആനകൾ ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നുള്ളതാകയാൽ ഗുരുവായൂർ ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ക്ഷേത്രം ഭാരവാഹികൾ നേരിട്ട് ഹാജറായി വിശദീകരണം നൽകണം. ഇത്രയും ദൂരെ എന്തിനാണ് ആനകളെ കൊണ്ടുപോയതെന്നും ആനകളുടെ യാത്രയും ഭക്ഷണവും ശരിയായ രീതിയിലായിരുന്നോ എന്നത് സംബന്ധിച്ചും റിപ്പോർട്ട് നൽകാൻ കോടതി ആവശ്യപ്പെട്ടു.

സംഭവത്തിൽ മരിച്ച മൂന്നുപേരുടേയും മൃത ദേഹങ്ങൾ ക്ഷേത്രത്തിന് തൊട്ടകലെയായി പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് പൊതു ദർശനത്തിന് വെച്ചു. ആയിരങ്ങളാണ് അന്ത്യാഞ്ജലി അർപിക്കാനെത്തിയത്. 


ആന ഇടയാൻ കാരണം പടക്കമല്ലെന്നും പിന്നിൽ വരികയായിരുന്ന ഗോകുൽ മുന്നിൽ കയറിയതാണ് പീതാംബരനെന്ന ആനയെ പ്രകോപിപ്പിച്ചതെന്നുമാണ് വനംവകുപ്പിന്റെ കണ്ടെത്തൽ. ആനകളുടെ തൊട്ടടുത്ത് പടക്കം പൊട്ടിക്കരുത് എന്ന നാട്ടാന പരിപാലന ചട്ടത്തിലെ നിർദ്ദേശം ലംഘിക്കപ്പെട്ടതായി റവന്യൂ വകുപ്പും പറയുന്നു. ഇരുറിപ്പോർട്ടുകളും മന്ത്രി എ.കെ.ശശീന്ദ്രന് കൈമാറി. സംഭവസ്ഥലത്ത് ഇന്നെത്തുന്ന മന്ത്രി ഇതുസംബന്ധിച്ച് കൂടുതൽകാര്യങ്ങൾ വ്യക്തമാക്കും. 

വെള്ളിയാഴ്ച വൈകീട്ടാണ് കൊയിലാണ്ടി കുറുവങ്ങാട് ക്ഷേത്രത്തിൽ ആന ഇടഞ്ഞ് മൂന്നുപേർ മരിക്കുകയും 32പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം നടന്നത്. കുറുവങ്ങാട് വട്ടാങ്കണ്ടി താഴ ലീല(68),താഴത്തേടത്ത് അമ്മുക്കുട്ടി അമ്മ(78)വടക്കയിൽ(ഊരളളൂർ കാരയാട്ട്) രാജൻ (68) എന്നിവരാണ് മരിച്ചത്. മൂന്നുപേരുടേയും മൃത ദേഹങ്ങൾ പൊതു ദർശനത്തിന് ശേഷം അവരവരുടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. മന്ത്രി എം.ബി.രാജേഷ്, കാനത്തിൽ ജമീല എം.എൽ.എ തുടങ്ങിയവർ അന്ത്യോപടാരമർപ്പിക്കാനെത്തി.

Follow us on :

More in Related News