Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Feb 2026 13:34 IST
Share News :
തലയോലപ്പറമ്പ്: മലയാള നാടക വേദിയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് നാടക് തലയോലപ്പറമ്പ് മേഖലാ കമ്മിറ്റി നൽകുന്ന പ്രഥമ ഡോ: എച്ച്.എസ്.പി നാടക് പുരസ്ക്കാരം പ്രശസ്ത നാടക നടൻ പ്രമോദ് വെളിയനാടിന്. ഡോ: എച്ച്.എസ്.പിയുടെ കുടുംബം നൽകുന്ന 25,000 രൂപയും, ശിൽപി യേശുദാസ് പി.എം രൂപകൽപ്പന ചെയ്ത ശിൽപ്പവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
നാടകിന്റെ മൂന്നാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി മാർച്ച് 15 ന് നടക്കുന്ന നാടക് തലയോലപ്പറമ്പ് മേഖല സമ്മേളനത്തിൽ വച്ച് സംസ്ഥാന ജനറൽ സെക്രട്ടറി ജെ. ശൈലജ പുരസ്കാര സമർപ്പണം നടത്തുമെന്ന് ജൂറി അംഗങ്ങളായ സി.കെ അജയൻ, എം.കെ ഷിബു, നാടക് ജില്ലാ സെക്രട്ടറി കെ.രമേശൻ, മേഖലാ സെക്രട്ടറി കെ.ജി ചന്ദ്രൻ,പ്രോഗ്രാം കമ്മറ്റി കൺവീനർ ജോർജ്ജ് മാടശ്ശേരി എന്നിവർ അറിയിച്ചു.
നാടകിൻ്റെ രൂപീകരണം മുതൽ ജീവിതാന്ത്യം വരെ സംഘടനയോട് ചേർന്ന് നിന്ന ഡോ. എച്ച്.സദാശിവൻപിള്ള
തീയേറ്ററിൽ പി.എച്ച്.ഡി.നേടിയിട്ടുണ്ട്. തലയോലപ്പറമ്പ് ദേവസ്വംബോർഡ് കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവി, കീഴൂർ ദേവസം ബാർഡ് കോളേജ് പ്രൻസിപ്പൾ, എം.ജി യൂണിവേഴ്സിറ്റി റിസർച്ച് ഗൈഡ്, വൈക്കം സത്യഗ്രഹ സ്മാരക റിസേർച്ച് സെന്റർ ഡയറക്ടർ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു.
1982-ൽ ഇദ്ദേഹത്തിൻ്റെ 'അന്വേഷണം' എന്ന നാടകം ആകാശവാണി പ്രക്ഷേപണം ചെയ്തു. “റിച്ചാർഡ് രണ്ടാമൻ' എന്ന കൃതി കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് 1996-ൽ പ്രസിദ്ധീകരിച്ചു. 1993 ൽ രാജീവ് ഗാന്ധി മെമ്മോറിയൽ അഖിലകേരള അമച്വർ നാടക മത്സരത്തിൽ 'ഉറുക്കും നൂലും' എന്ന നാടകത്തിന് രചനയ്ക്കും നല്ല നടിയ്ക്കുമുള്ള അവാർഡ് ലഭിച്ചു. 1995 ൽ കേരള സംഗീത നാടക അക്കാദമി 'യാഗശാല' എന്ന നാടകം അവതരണത്തിനായി തെരഞ്ഞെടുത്തു.ഡോ.എച്ച്.എസ് പി യുടെ മറ്റു നാടകങ്ങൾ “താമ്രപത്രം', 'ഭ്രാന്താലയം', 'കറുത്തവൃത്തം' ('ഡോ. ഫോസ്റ്റസി'നെ ഉപജീവിച്ചെഴുതിയത്), തലയോലപ്പറമ്പ് മുദ്ര അമച്വർ തീയറ്ററിന് വേണ്ടി 'മൃത്യോർമ' (അഖിലേന്ത്യാ റേഡിയോ നാടക മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ കെ.പി. അപ്പച്ചൻ്റെ നാടകം), കാവാലം നാരായണപ്പണിക്കരുടെ 'പൊറനാടി'. വൈക്കം മുഹമ്മദ് ബഷീറിൻ്റെ “പാത്തുമ്മയുടെ ആട്' (ഇ സദാനന്ദൻ്റെ നാടകരൂപാന്തരം), എം. ഗോവിന്ദന്റെ “നോക്കുകുത്തി' (വൈക്കം വേലായുധൻ്റെ നാടകരൂപാന്തരം) എന്നിവ സംവിധാനം ചെയ്തിട്ടുണ്ട്. ജി. ശങ്കരപിള്ളയുടെ മൂലകൃതിയെ ഉപജീ വിച്ചെഴുതിയ ഒരു തള്ളക്കുരുവിയും മക്കളും' എറണാകുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കേരളത്തിലെ, കുട്ടികളുടെ ആദ്യത്തെ സ്ഥിരം നാടകവേദിയായ പ്രശസ്തമായ വൈക്കം തിരുനാൾ ചിൽഡ്രൻസ് തിയേറ്റർ ഏകദേശം ഒരു വർഷക്കാലം അവതരിപ്പിച്ചിട്ടുണ്ട്.
മലയാള പ്രൊഫഷണൽ നാടക വേദിയിൽ തുടങ്ങി അമേച്ചർ നാടക രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മാടൻ മോക്ഷം എന്ന നാടകത്തിൽ കേന്ദ്ര കഥാപാത്രമായ കുഞ്ഞനെ അനശ്വരമാക്കി കേരള സംഗീത നാടക അക്കാദമിയുടെ മികച്ച അഭിനേതാവ് എന്ന അവാർഡ് നേടിയ അഭിനയ പ്രതിഭയാണ് അവാർഡ് ജേതാവ് പ്രമോദ് വെളിയനാട്. പ്രമുഖ നാടക പ്രവർത്തക
മാല സുകുമാരൻ, മുൻ ലളിതകലാഅക്കാദമി സെക്രട്ടറിയും നാടകകൃത്തുമായ എം.കെ. ഷിബു, നാടകനടനും സംവിധായകനുമായ
സി.കെ. അജയൻ, എക്സ് ഒഫിഷ്യോ അംഗങ്ങൾ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിശ്ചയിച്ചത്.
Follow us on :
Tags:
More in Related News
Please select your location.