Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Aug 2024 10:12 IST
Share News :
ദില്ലി: ടൂത്ത് പൗഡറില്‍ സസ്യേതര ചേരുവകള്‍ ഉള്‍പ്പെടുത്തിയെന്ന ഹര്‍ജിയില്‍, പതഞ്ജലി ആയുര്‍വേദയ്ക്കും ബാബാ രാംദേവിനും നോട്ടീസ് അയച്ച് ദില്ലി ഹൈക്കോടതി. വെജിറ്റേറിയന്‍ എന്ന് രേഖപ്പെടുത്തിയ ടൂത്ത് പൗഡറില്‍ സസ്യേതര ചേരുവകളുണ്ടെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. നവംബര്‍ 28ന് കേസ് വീണ്ടും പരിഗണിക്കും. വിഷയത്തില്‍ ദില്ലി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. വെജിറ്റേറിയന്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ടൂത്ത് പേസ്റ്റില്‍ മത്സ്യത്തില്‍ നിന്നുള്ള ചേരുവകളും ഉണ്ടെന്നാണ് ആരോപണം ഉയര്‍ന്നത്. ഫുഡ് സേഫ്റ്റി സ്റ്റാന്‍ന്റേഡ് അതോറിറ്റിക്കും പതഞ്ജലിയുടെ ദിവ്യ ഫാര്‍മസിക്കും യോഗാ ഗുരു ബാബാദേവിനുമാണ് ജസ്റ്റിസ് സഞ്ജീവ് നെരുല നോട്ടീസ് നല്‍കിയത്.
പതഞ്ജലിയുടെ ദിവ്യ ദന്ത് മഞ്ജന്‍ എന്ന ടൂത്ത് പേസ്റ്റ് നിലവില്‍ വില്‍ക്കുന്നത് വെജിറ്റേറിയന്‍ എന്ന വിഭാഗത്തിലാണ് എന്നാല്‍ ഈ ടൂത്ത് പേസ്റ്റില്‍ സമുദ്രാഫെന്‍ എന്ന വസ്തു ഉപയോഗിക്കുന്നുവെന്നാണ് പരാതി. ഈ വസ്തു മത്സ്യത്തില്‍ നിന്ന് നിര്‍മ്മിക്കുന്നവയാണ്. ഇതിനാല്‍ ഈ ടൂത്ത് പേസ്റ്റിനെ വെജിറ്റേറിയന്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത് ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ട് അനുസരിച്ച് കുറ്റകരമാണെന്നും പരാതി വിശദമാക്കുന്നു. മതപരമായ വിശ്വാസങ്ങളും ആചാരങ്ങളും കൃത്യമായി പിന്തുടര്‍ന്നിരുന്ന പരാതിക്കാരനും കുടുംബത്തിനും കണ്ടെത്തല്‍ ബുദ്ധിമുട്ടുണ്ടാക്കിയെന്നും പരാതി വിശദമാക്കുന്നു. സസ്യഹാരിയായ കുടുംബമാണ് യുവാവിന്റേത്. യുട്യൂബ് വീഡിയോയില്‍ ടൂത്ത് പേസ്റ്റില്‍ സമുദ്രാഫെന്‍ ഉപയോഗിക്കുന്നതായി യോഗാ ഗുരു ബാബാദേവ് സമ്മതിച്ചതായും പരാതിക്കാരന്‍ ആരോപിക്കുന്നത്.
ആയുര്‍വേദ, യുനാനി മരുന്നുകളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരായ നിയമം ഒഴിവാക്കിയ കേന്ദ്ര വിജ്ഞാപനം സുപ്രീം കോടതി സ്റ്റേ ചെയ്തതിന് തൊട്ടുപിന്നാലെയാണ് കോടതി നടപടിയെന്നതും ശ്രദ്ധേയമാണ്. കൊവിഡ് വാക്‌സിനേഷന്‍ ഡ്രൈവിനും ആധുനിക വൈദ്യശാസ്ത്രത്തിനും എതിരെ പതഞ്ജലിയും യോഗ ഗുരു രാംദേവും അപവാദ പ്രചാരണം നടത്തി എന്ന് ആരോപിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ 2022ല്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി പരിഗണനയിലാണുള്ളത്.
തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങള്‍ നല്‍കിയ കേസില്‍ കോടതി മുമ്പാകെ നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിച്ചതിന് യോഗ ഗുരു രാംദേവ്, അദ്ദേഹത്തിന്റെ സഹായി ബാലകൃഷ്ണ, പതഞ്ജലി ആയുര്‍വേദ് ലിമിറ്റഡ് എന്നിവര്‍ക്കെതിരെ ആരംഭിച്ച കോടതിയലക്ഷ്യ നടപടികള്‍ ഓഗസ്റ്റ് ആദ്യം സുപ്രീം കോടതി അവസാനിപ്പിച്ചിരുന്നു
Follow us on :
Tags:
More in Related News
Please select your location.