Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാസപ്പടി കേസില്‍ സിഎംആര്‍എല്ലിനെതിരെ അന്വേഷണം തുടരാമെന്ന് ഡല്‍ഹി ഹൈക്കോടതി

23 Aug 2024 14:13 IST

Shafeek cn

Share News :

ന്യൂഡല്‍ഹി: മാസപ്പടി കേസില്‍ സിഎംആര്‍എല്ലിനെതിരെ അന്വേഷണം തുടരാമെന്ന് ഡല്‍ഹി ഹൈക്കോടതി. അറസ്റ്റ് പോലെയുള്ള നടപടികളിലേക്ക് കടക്കരുതെന്നും കോടതി നിര്‍ദേശിച്ചു. എസ്എഫ്‌ഐഒയ്ക്ക് ആണ് കോടതി അനുമതി നല്‍കിയത്. ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ അനുവദിക്കരുതെന്ന സിഎംആര്‍എല്‍ ആവശ്യത്തിന്മേല്‍ കോടതി അന്വേഷണ ഏജന്‍സിയുടെ നിലപാട് തേടി. സിഎംആര്‍എല്ലിന്റെ ഹര്‍ജി കോടതി അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.


സിഎംആര്‍എല്ലിന്റെ മൂന്ന് ഡയറക്ടര്‍മാര്‍ ഉള്‍പ്പടെ എട്ട് പേര്‍ക്ക് എസ്എഫ്ഐഒ നല്‍കിയ സമന്‍സ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഈ മാസം 28നും 29നും ചൈന്നൈയിലെ ഓഫീസില്‍ ഹാജരാകാനായിരുന്നു നിര്‍ദേശം. അന്വേഷണവുമായി സഹകരിക്കണമെന്ന് എസ്എഫ്ഐഒയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇതിന് മറുപടിയായി അന്വേഷണത്തോട് എതിര്‍പ്പില്ലെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ ഹൈക്കോടതിയില്‍ അറിയിച്ചു. 2013ലെ കമ്പനി നിയമത്തിലെ 217-ാം വകുപ്പ് പ്രകാരമാണ് സിഎംആര്‍എല്ലുമായി ബന്ധപ്പെട്ടവര്‍ക്ക് സമന്‍സ് അയച്ചത്. മാസപ്പടി കേസില്‍ എസ്എഫ്ഐഒയും ഇഡിയും നടത്തുന്ന അന്വേഷണങ്ങള്‍ക്കെതിരെ സിഎംആര്‍എല്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.


മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ കമ്പനിയായ എക്സാലോജിക്കിന് മാസപ്പടിയായി സിഎംആര്‍എല്‍ പണം നല്‍കിയെന്നാണ് ആരോപണം. സിഎംആര്‍എല്ലിന് വഴിവിട്ട സഹായം നല്‍കാന്‍ മുഖ്യമന്ത്രി ഇടപെട്ടുവെന്ന് മാത്യു കുഴല്‍നാടന്‍ ആരോപിച്ചിരുന്നു. പിന്നാലെ വിഷയം വിവാദത്തിന് വഴിവെച്ചു. എക്‌സാലോജിക് കമ്പനി വലിയ തുകയുടെ സാമ്പത്തിക ഇടപാടു നടത്തിയ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും എസ്എഫ്‌ഐഒ നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. കേസില്‍ എസ്എഫ്‌ഐഒ അന്വേഷണം നടക്കുന്നതിനിടെ ഇഡിയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എസ്എഫ്‌ഐഒ അന്വേഷണം നേരിടുന്നവരെല്ലാം ഇഡി കേസിന്റെയും അന്വേഷണ പരിധിയില്‍ വരുമെന്നാണ് വിവരം.

Follow us on :

More in Related News