Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കിട്ടിയതും ചെമ്പ് തന്നെ: ആരോപണങ്ങൾ നിഷേധിച്ച് ഉണ്ണികൃഷ്ണൻ പോറ്റി

05 Oct 2025 08:29 IST

Enlight News Desk

Share News :

ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ വിജിലൻസിന് മുന്നിൽ ആരോപണങ്ങൾ നിഷേധിച്ച് ഉണ്ണികൃഷ്ണൻ പോറ്റി. തനിക്ക് ലഭിച്ചത് ചെമ്പു പാളി എന്ന് ആവർത്തിച്ച് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി. സംഭവിച്ചത് ഉദ്യോഗസ്ഥ വീഴ്ചയാണെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദം. ഉദ്യോഗസ്ഥർ ചെമ്പുപാളി തന്നത് രേഖാമൂലമാണെന്നും ഉദ്യോഗസ്ഥ വീഴ്ചയിൽ തന്നെ എന്തിനു പഴിചാരണമെന്ന് ഉണ്ണികൃഷ്ണൻ പോറ്റി ചോദിച്ചു.

 ഇന്നലെ ദേവസ്വം വിജിലൻസ് നടത്തിയ മൊഴിയെടുപ്പിലാണ് ആരോപണങ്ങളെ പാടേ തള്ളി ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയത്. സ്വർണപ്പാളി ഉപയോഗിച്ച് പണം പിരിച്ചിട്ടില്ലെന്നും സ്വർണം പൂശാൻ 15 ലക്ഷമായെന്നും ആ ചെലവ് വഹിച്ചത് താനടക്കം മൂന്ന് പേരാണെന്നും ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകി.


സ്വർണം പൂശാൻ തന്ന പീഠം യോജിക്കാതെ വന്നപ്പോൾ വാസുദേവന് കൈമാറുകയായിരുന്നു. ഇത് പിന്നീട് സന്നിധാനത്തേക്ക് കൈമാറി എന്നാണ് വാസുദേവൻ തന്നോട് പറഞ്ഞത്. വിവാദമായ ശേഷമാണ് തനിക്ക് പീഠം കൈമാറിയത്. കൃത്യമായ നടപടിക്രമങ്ങളിലൂടെയാണ് പാളികൾ കൈപ്പറ്റിയതെന്നും പോറ്റി ദേവസ്വം വിജിലൻസിനോട് പറഞ്ഞു. പണപ്പിരിവ് സംബന്ധിച്ച ആരോപണങ്ങളിലും പോറ്റി കൂടുതൽ വിശദീകരണം നൽകി. നടത്തിയത് പ്രാർത്ഥനകളും പൂജകളും മാത്രമാണെന്നും പാളികൾ ഉപയോഗിച്ചുകൊണ്ട് പണപ്പിരിവ് നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പൂജകൾ പോലും നടത്തിയത് സ്വന്തം ചിലവിലായിരുന്നെന്നും അദ്ദേഹം നൽകിയ മൊഴിയിലുണ്ട്.


നാലു മണിക്കൂറോളം ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്തു. അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുമെന്നും അന്വേഷണസംഘത്തിന്റെ ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകിയെന്നും ഉണ്ണികൃഷ്ണൻ പോറ്റി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എസ് പി സുനിൽകുമാറിന്റെ നേതൃത്വത്തിൽ ആയിരുന്നു മൊഴിയെടുപ്പ്.

ദേവസ്വം ബോർഡിനെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ് ഉണ്ണികൃഷ്ണൻ പോറ്റി യുടെ വാദങ്ങൾ. അതിൽ പ്രധാനപ്പെട്ടതാണ് ശബരിമലയിൽ നിന്നും ദേവസ്വം ബോർഡ് നൽകിയത് ചെമ്പു പാളികൾ ആണെന്ന വാദം. 1999-ൽ യുബി ഗ്രൂപ്പ് ചെയർമാൻ വിജയ് മല്യ സ്വർണം പൂശിയ ദ്വാരപാലക ശിൽപത്തിന്റെ അസൽ പാളികൾ എവിടെയെന്നതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഉത്തരമില്ല.സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ദേവസ്വം വിജിലൻസ്. പോറ്റിയുടെ സഹായികളായ വാസുദേവൻ, അനന്ത സുബ്രമണ്യം, രമേശ് എന്നിവരെയാണ് ചോദ്യം ചെയ്യുക. ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്യുന്നതും ആലോചനയിലുണ്ട്. മൊഴിയിലെ പൊരുത്തക്കേടുകൾ പരിശോധിച്ച ശേഷം അദ്ദേഹത്തെ വീണ്ടും വിളിപ്പിക്കാനാണ് തീരുമാനം.

Follow us on :

More in Related News