Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഈ ആരോപണങ്ങള്‍ക്ക് പിന്നില്‍ പൊലീസിന്റെ സ്വര്‍ണക്കടത്ത്, ഹവാല വേട്ട; അന്‍വറിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

30 Sep 2024 11:47 IST

Shafeek cn

Share News :

തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എയ്ക്കെതിരെ ആരോപണം കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണക്കടത്ത്, ഹവാല പണം പിടിച്ചതിലുള്ള അസ്വസ്ഥതയാണ് ഇപ്പോഴത്തെ അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ പണം സംസ്ഥാന വിരുദ്ധ, രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. 


അന്‍വറിന്റെ പേരെടുത്ത് പറയാതെയാണ് മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചത്. പ്രതിപക്ഷം മാത്രമല്ല, ആര്‍എസ്എസ് ഉള്‍പ്പെടെ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ലക്ഷ്യമിടുന്നവര്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും സര്‍ക്കാരിനേയും ആക്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ ആരോപണങ്ങള്‍ക്ക് പിന്നില്‍ പൊലീസിന്റെ സ്വര്‍ണക്കടത്ത്, ഹവാല വേട്ടയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിനെതിരെയും മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചു. ന്യൂനപക്ഷ വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴുമോ എന്ന് പ്രതിപക്ഷം ഭയക്കുന്നുണ്ട്. ആര്‍എസ്എസുമായി ബന്ധമുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് പിന്നില്‍ ഇതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


ബിജെപിയുടെ വോട്ട് വിഹിതം വര്‍ധിച്ചതില്‍ മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. കോണ്‍ഗ്രസിനെയാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ എല്‍ഡിഎഫിന് അടിപതറിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2019 നെ അപേക്ഷിച്ച് 2024 ല്‍ കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം കുറഞ്ഞു. അതേസമയം, എല്‍ഡിഎഫിന്റെ വോട്ട് വിഹിതത്തില്‍ നേരിയ വര്‍ധനവുണ്ടായെന്നും മുഖ്യനമന്ത്രി പറഞ്ഞു. വീണ്ടും മത്സരിക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല. മത്സരിക്കുന്നത് സംബന്ധിച്ച് പാര്‍ട്ടിയാണ് തീരുമാനം എടുക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യക്തികള്‍ക്ക് തീരുമാനം എടുക്കാനാവില്ല. 75 വയസ് പ്രായപരിധി നടപ്പാക്കും. എന്നാല്‍ തന്റെ കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. എല്ലാക്കാലവും പാര്‍ട്ടിക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Follow us on :

More in Related News