Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തമിഴ് ദേശഭക്തി ഗാനം ആലപിച്ചപ്പോൾ ‘ദ്രാവിഡ’ എന്ന വാക്ക് ഒഴിവാക്കിയ സംഭവം; മാപ്പ് പറഞ്ഞ് ചെന്നൈ ദൂരദർശൻ കേന്ദ്രം

19 Oct 2024 11:23 IST

Shafeek cn

Share News :

ചെന്നൈ: തമിഴ്‌നാട് ഗവർണർ പങ്കെടുത്ത ചാനൽ പരിപാടിയിൽ തമിഴ് ദേശഭക്തി ഗാനം ആലപിച്ചപ്പോൾ ‘ദ്രാവിഡ’ എന്ന വാക്ക് ഒഴിവാക്കിയതിനെ ചൊല്ലി ഉയർന്ന വിവാദത്തിന് പിന്നാലെ സംഭവത്തിൽ മാപ്പ് പറഞ്ഞ് ചെന്നൈയിലെ ദൂരദർശൻ കേന്ദ്രം. ഹിന്ദി മാസാചരണത്തിൻ്റെ ഭാഗമായാണ് ദൂരദർശൻ പരിപാടി സംഘടിപ്പിച്ചത്. ആലാപനത്തിനിടെ ഗായകരുടെ ശ്രദ്ധ തിരിയുന്നൊരു സംഭവം ഉണ്ടായെന്നും അത് കാരണമാണ് ഇത്തരമൊരു തെറ്റ് സംഭവിച്ചതെന്നും ദൂരദർശൻ വിശദീകരണ കുറിപ്പിൽ അറിയിച്ചു. സംഭവത്തിന് പിന്നാലെ ഗവർണർക്ക് സംഭവിച്ച മോശം അനുഭവങ്ങൾക്ക് ക്ഷമ ചോദിക്കുന്നതായി ദൂരദർശൻ ചെന്നൈ യൂണിറ്റ് അറിയിച്ചു.


ഹിന്ദി ഭാഷ ഉപയോഗിക്കാത്ത സംസ്ഥാനങ്ങളിൽ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിനെതിരെ ഭരണകക്ഷിയായ ഡിഎംകെ രംഗത്തെത്തിയിരുന്നു. തമിഴ്‌നാട് സർക്കാരും ഗവർണറും തമ്മിലുള്ള പോര് രൂക്ഷമാകുന്നതിനിടെയാണ് തമിഴ് തായ് വാഴ്ത്തിൽ ‘ദ്രാവിഡം’ എന്നു തുടങ്ങുന്ന വരിയില്ലെന്ന് ആരോപണമുയർന്നത്. ഗവർണർ ആർ.എൻ. രവി ദേശീയ ഐക്യത്തെ അവഹേളിക്കുകയാണെന്നും അദ്ദേഹത്തെ തിരിച്ചുവിളിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രിക്ക് അദ്ദേഹം കത്തും അയച്ചിരുന്നു. ഹിന്ദി ഭാഷ ഉപയോഗിക്കാത്ത സംസ്ഥാനങ്ങളിൽ ഇത്തരം പരിപാടികൾ സംഘടിപ്പിക്കരുതെന്നും അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടു.


ഹിന്ദി മാസാചരണത്തിൻ്റെ ഭാഗമായി ചെന്നൈയിലെ ദൂരദർശൻ കേന്ദ്രം സംഘടിപ്പിച്ച ചടങ്ങിലാണ് ഈ വിവാദ സംഭവം. ‘തമിഴ് തായ് വാഴ്ത്തൽ’ എന്നറിയപ്പെടുന്ന തമിഴ് ആന്തമാണ് സർക്കാരിൻ്റെ ഔദ്യോഗിക പരിപാടികളിൽ ആലപിക്കാറുള്ളത്.

Follow us on :

Tags:

More in Related News