Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'പാർട്ടിയുടെ പേരിൽ പരാമർശങ്ങൾ നടത്താൻ കങ്കണക്ക് അധികാരമില്ല; കങ്കണയ്‌ക്കെതിരെ വീണ്ടും പരസ്യ ശകാരവുമായി ബിജെപി

25 Sep 2024 11:27 IST

- Shafeek cn

Share News :

ന്യൂഡല്‍ഹി: പിന്‍വലിച്ച കര്‍ഷക നിയമങ്ങള്‍ തിരികെകൊണ്ടുവരണമെന്ന മാണ്ഡി എംപി കങ്കണ റണാവത്തിന്റെ പരാമര്‍ശത്തെ അപലപിച്ച് ബിജെപി. പാര്‍ട്ടിയുടെ പേരില്‍ നിന്ന് ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ കങ്കണയ്ക്ക് അധികാരമില്ലെന്നാണ് ബിജെപിയുടെ നിലപാട്. 'സമൂഹമാധ്യമങ്ങളില്‍ ബിജെപി എംപി കങ്കണ റണാവത് പിന്‍വലിച്ച കര്‍ഷക നിയമങ്ങളെ കുറിച്ച് നടത്തിയ പരാമര്‍ശം വ്യാപകമായി പ്രചരിക്കുകയാണ്. എംപി പറഞ്ഞത് അവരുടെ വ്യക്തിപരമായ അഭിപ്രായമാണ്. ബിജെപിയുടെ പേരില്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ കങ്കണ റണാവത്തിന് അധികാരമില്ല. കര്‍ഷക നിയമങ്ങളില്‍ ബിജെപിയുടെ നിലപാട് ഇതല്ല,' ഭാട്ടിയ പറഞ്ഞു.


കങ്കണ പറഞ്ഞത് അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണെന്നും കര്‍ഷക നിയമത്തില്‍ സര്‍ക്കാരിന്റെ കാഴ്ചപ്പാട് ഇത്തരത്തിലല്ലെന്നും ബിജെപി വക്താവ് സൗരവ് ഭാട്ടിയ പറഞ്ഞു. ബിജെപി വക്താവിന്റെ പ്രതികരണത്തിന് പിന്നാലെ താന്‍ പറഞ്ഞത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് വ്യക്തമാക്കി കങ്കണ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ കര്‍ഷക നിയമങ്ങള്‍ തിരികെ കൊണ്ടുവരണമെന്നും കര്‍ഷകര്‍ തന്നെ ഇത് ആവശ്യപ്പെടണമെന്നും കങ്കണ പറഞ്ഞിരുന്നു. സംഭവത്തിന് പിന്നാലെ ബിജെപിക്കും കങ്കണയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിരുന്നു. കങ്കണ മാനസികമായി അസ്ഥിരയാണെന്ന് തോന്നുന്നുവെന്നായിരുന്നു പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ സിങ് രാജയുടെ പ്രതികരണം.


നേരത്തെയും കങ്കണയുടെ വാദങ്ങള്‍ തള്ളി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. 2020-21ല്‍ കര്‍ഷക പ്രക്ഷോഭത്തിനിടെ നിരവധി പേരെ കൊലപ്പെടുത്തി മൃതദേഹങ്ങള്‍ കെട്ടിത്തൂക്കിയെന്നും ബലാത്സംഗങ്ങള്‍ നടത്തിയെന്നുമുള്ള കങ്കണയുടെ പരാമര്‍ശം വിവാദമായിരുന്നു. ഉന്നത നേതൃത്വം ശക്തമല്ലായിരുന്നുവെങ്കില്‍ ബംഗ്ലാദേശില്‍ എന്ത് സംഭവിച്ചോ അത് ഇവിടെയും സംഭവിക്കുമായിരുന്നു. കര്‍ഷക സമരത്തില്‍ മൃതദേഹങ്ങള്‍ കെട്ടിത്തൂക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തിരുന്നു. കര്‍ഷകര്‍ക്ക് അനുകൂലമായ നിയമങ്ങള്‍ പിന്‍വലിച്ചതോടെ രാജ്യം മുഴുവന്‍ അമ്പരന്നു. ഇപ്പോഴും ആ കര്‍ഷകര്‍ ഇവിടെ തന്നെ തുടരുകയാണ്. നിയമങ്ങള്‍ റദ്ദാക്കപ്പെടുമെന്ന് അവര്‍ ഒരിക്കലും കരുതിയിരുന്നില്ല. ബംഗ്ലാദേശിലേത് പോലെ നീണ്ട ആസൂത്രണവും ഉണ്ടായിരുന്നു. ചൈനയും അമേരിക്കയുമടക്കമുള്ള വിദേശ ശക്തികളുടെ ഗൂഢാലോചനയായിരുന്നു ഇതിന് പിന്നിലെന്നും കങ്കണ പറഞ്ഞു.


ഇതിനെതിരെയും പ്രതിപക്ഷം രംഗത്തെത്തിയതോടെ കങ്കണയെ പരസ്യമായി ബിജെപി ശാസിച്ചിരുന്നു. എംപിക്ക് പാര്‍ട്ടിയുടെ നയപരമായ കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ അനുവാദമോ അധികാരമോ ഇല്ലെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. ബിജെപി നേതാവും എംപിയുമായ കങ്കണ റണാവത്തിന്റെ പരാമര്‍ശം പാര്‍ട്ടിയുടെ അഭിപ്രായമല്ല. കങ്കണയുടെ വാദത്തെ പാര്‍ട്ടി എതിര്‍ക്കുന്നുവെന്നും ബിജെപി വ്യക്തമാക്കിയിരുന്നു. സമാന ശാസനയാണ് ഇക്കുറിയും ബിജെപി കങ്കണയ്ക്ക് നല്‍കിയിരിക്കുന്നത്.


Follow us on :

More in Related News