Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Apr 2026 13:03 IST
Share News :
മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിംഗിന്റെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പ്രശസ്ത കവിയും, ഗാനരചയിതാവുമായ പി. ഭാസ്കരന്റെ അനുസ്മരണ ദിനാചരണം “ഭാസ്കരസന്ധ്യ” 2026 ഏപ്രിൽ 30-ാം തീയതി വ്യാഴാഴ്ച വൈകുന്നേരം 7.30 മുതൽ റൂവി എം.ബി.ഡി.യിലെ കേരള വിംഗ് ഓഫീസിൽ വിപുലമായി സംഘടിപ്പിച്ചിരിക്കുന്നു.
മലയാള സാഹിത്യത്തിലും ചലച്ചിത്ര ഗാനരംഗത്തും അനശ്വരമായ സംഭാവനകൾ നൽകി മലയാളികളുടെ ഹൃദയങ്ങളിൽ സ്ഥിര സാന്നിധ്യമായി നിലകൊള്ളുന്ന പി. ഭാസ്കരന്റെ സ്മരണകൾ പുതുക്കുന്ന ഈ സായാഹ്നം കലയും സാഹിത്യവും സംഗീതവും ഒരുമിക്കുന്ന ഒരു മനോഹര വേദിയായിരിക്കും. അദ്ദേഹത്തിന്റെ കവിതകളും ഗാനങ്ങളും മലയാളിയുടെ ജീവിതാനുഭവങ്ങളുമായി ചേർന്ന് നിൽക്കുന്നവയാണ്. ആ മഹത്തായ സൃഷ്ടിപാരമ്പര്യത്തെ ആദരിക്കുകയും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയും ചെയ്യുന്നതാണ് “ഭാസ്കരസന്ധ്യ”യുടെ പ്രധാന ലക്ഷ്യം.
പരിപാടിയുടെ ഭാഗമായി പി. ഭാസ്കരന്റെ ജീവിതവും സാഹിത്യ സംഭാവനകളും അദ്ദേഹത്തിന്റെ പ്രശസ്ത ഗാനങ്ങളുടെ ആലാപനം, കവിതാ അവതരണങ്ങൾ, എന്നിവയിലൂടെ അനുസ്‌മരിക്കും. കേരളാ വിഭാഗം അംഗങ്ങളായ കലാകാരന്മാരുടെയും സാഹിത്യപ്രേമികളുടെയും സാന്നിധ്യം പരിപാടിയെ കൂടുതൽ സമ്പന്നമാക്കും.
ഇതോടനുബന്ധിച്ച് കേരള വിംഗിന്റെ 25-ാം വാർഷികാഘോഷങ്ങളുടെ ഔദ്യോഗിക ലോഗോ പ്രകാശനവും ചടങ്ങിൽ നടക്കും. ഈ ലോഗോ പ്രകാശനം കേരള വിംഗിന്റെ ഇരുപത്തിയഞ്ച് വർഷത്തെ സാമൂഹിക, സാംസ്‌കാരിക, സേവന പ്രവർത്തനങ്ങളുടെ പ്രതീകാത്മക പ്രഖ്യാപനമായിരിക്കും.
കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി ഒമാനിലെ മലയാളി സമൂഹത്തിനിടയിൽ കലാ-സാഹിത്യ-സാമൂഹിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി പ്രവർത്തിച്ചു വരുന്ന കേരള വിംഗ്, വിവിധ തലമുറകളെ ഒരുമിപ്പിക്കുന്ന ഒരു സാംസ്‌കാരിക വേദിയായാണ് അറിയപ്പെടുന്നത്. ഈ വാർഷികാഘോഷ പരിപാടികൾ അതിന്റെ സമ്പന്നമായ പാരമ്പര്യത്തിന്റെയും ഭാവി ദിശയുടെയും ആഘോഷമാണ്.
എല്ലാ അംഗങ്ങളെയും കുടുംബാംഗങ്ങളെയും സാഹിത്യ-സാംസ്‌കാരിക പ്രേമികളെയും ഈ പ്രത്യേക പരിപാടിയിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.