Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Dec 2024 07:11 IST
Share News :
കോട്ടയം ജില്ലയിലെ കൂട്ടിക്കൽ, വാഴൂർ ഗ്രാമപഞ്ചായത്തുകളിലെ പന്നിഫാമിൽ ആഫ്രിക്കൻ പന്നിപ്പനി രോഗം സ്ഥിരീകരിച്ചതായി ജില്ല കലക്ടർ ജോൺ വി. സാമുവൽ അറിയിച്ചു. പന്നിപ്പനി സ്ഥിരീകരിച്ച ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ച് ഉത്തരവായി. രോഗബാധിത പ്രദേശങ്ങളിൽനിന്നുള്ള പന്നിമാംസ വിതരണവും വിൽപനയും പന്നിമാംസം, തീറ്റ എന്നിവയുടെ കടത്തും നിരോധിച്ചു. മറ്റ് പ്രദേശങ്ങളിലേക്ക് പന്നി, പന്നിമാംസം, തീറ്റ എന്നിവ കൊണ്ടുപോകുന്നതിനും മറ്റിടങ്ങളിൽനിന്ന് രോഗബാധിത മേഖലയിലേക്ക് ഇവ കൊണ്ടുവരുന്നതിനും നിരോധനമുണ്ട്. പന്നിപ്പനി സ്ഥിരീകരിച്ച പന്നിഫാമിലെയും അതിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്തെയും എല്ലാ പന്നികളെയും കേന്ദ്രസർക്കാർ മാനദണ്ഡപ്രകാരം കൊന്ന് സംസ്കരിക്കും. ഇതിന് ജില്ല മൃഗസംരക്ഷണ ഓഫിസറെ ചുമതലപ്പെടുത്തി.
രോഗബാധിത പ്രദേശത്തിന്റെ 10 കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയാണ്. മുണ്ടക്കയം, പാറത്തോട്, പൂഞ്ഞാർ തെക്കേക്കര, എലിക്കുളം, ചിറക്കടവ്, വെള്ളാവൂർ, കങ്ങഴ, പാമ്പാടി, കൂരോപ്പട, പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തുകൾ നിരീക്ഷണ മേഖലയിൽ ഉൾപ്പെടുന്നു. ആഫ്രിക്കൻ പന്നിപ്പനി എച്ച്1എൻ1 പന്നിപ്പനിയിൽനിന്ന് വ്യത്യസ്തമാണ്. ആഫ്രിക്കൻ പന്നിപ്പനി പന്നികളിൽമാത്രം കണ്ടുവരുന്നതിനാൽ ഇത് മനുഷ്യരിലേക്കും മറ്റു മൃഗങ്ങളിലേക്കും പടരില്ല. വാക്സിനോ മറ്റ് പ്രതിരോധ മരുന്നോ ഇല്ലാത്തതിനാൽ പന്നികൾ കൂട്ടത്തോടെ ചത്തുപോകുന്ന സ്ഥിതിവിശേഷമാണ് വൈറസ് സൃഷ്ടിക്കുക.
Follow us on :
More in Related News
Please select your location.