Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Apr 2025 21:52 IST
Share News :
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോ ളേജിൽ, ഹൃദയം, കരള്‍, വൃക്ക തുടങ്ങിയവ മാറ്റിവെക്കുന്നതിനുള്ള അത്യാധുനിക ഓപറേഷന്‍ തിയറ്ററുകള്‍ പ്രവര്‍ത്തനസജ്ജമായി. സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലാണ് 14 ഓപറേഷന്‍ തിയറ്ററുകള്‍ പ്രവര്‍ത്തിക്കുക.
മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ യാഥാര്‍ഥ്യമാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നിലവില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടക്കുന്നുണ്ട്. നേരത്തെ കോട്ടയം മെഡിക്കല്‍ കോളേജിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലും സജ്ജീകരണങ്ങള്‍ ഒരുക്കിയതെന്നും മന്ത്രി പറഞ്ഞു.
സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ കാര്‍ഡിയോ വാസ്‌കുലാര്‍ സര്‍ജറി, യൂറോളജി, സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്‍ട്രോളജി, ന്യൂറോസര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി എന്നീ വിഭാഗങ്ങള്‍ക്കുള്ള ഓപറേഷന്‍ തിയേറ്ററുകളും തീവ്രപരിചരണ വിഭാഗങ്ങളുമാണ് പ്രവര്‍ത്തനമാരംഭിച്ചത്. ഓരോ വിഭാഗത്തിനുമായി 20 ഐസിയു കിടക്കകള്‍ സജ്ജമാക്കി. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം നേരത്തെ തന്നെ ഈ ബ്ലോക്കില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. 5 സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങള്‍ക്കൊപ്പം അനസ്തേഷ്യ വകുപ്പിന്റെ ഒരു വിഭാഗം കൂടി ഈ ബ്ലോക്കിലേക്ക് മാറ്റി.
സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സക്ക് മാത്രമായുള്ള ബ്ലോക്ക് 2023 മാര്‍ച്ചിലാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. 195.93 കോടി രൂപ ചെലവഴിച്ചുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക്, 7 നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെ ഭാവി വികസനം കൂടി മുന്നില്‍കണ്ടാണ് സജ്ജമാക്കിയത്. 190 ഐസിയു കിടക്കകളില്‍ 20 കിടക്കകള്‍ മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ മള്‍ട്ടി ഓര്‍ഗണ്‍ ട്രാന്‍സ്പ്ലാന്റേഷനും 20 കിടക്കകള്‍ വൃക്ക മാറ്റിവെക്കലിനും 20 കിടക്കകള്‍ തലയ്ക്ക് പരിക്കേറ്റവര്‍ക്കായുള്ള വിദഗ്ധ ചികിത്സയ്ക്കുമായാണ് മാറ്റിവെച്ചിരിക്കുന്നത്.
വൃക്ക മാറ്റിവെക്കല്‍ ഉള്‍പ്പെടെയുള്ള ആധുനിക സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍, സുസജ്ജമായ കാത്ത് ലാബ്, ടെലി കൊബാള്‍ട്ട് തെറാപ്പി, ലീനിയര്‍ ആക്സിലറേറ്റര്‍, പെറ്റ് സ്‌കാന്‍ എന്നീ സൗകര്യങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലുണ്ട്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആദ്യമായി ഫാമിലി മെഡിസിന്‍, എമര്‍ജന്‍സി മെഡിസിന്‍ കോഴ്സുകള്‍ ആരംഭിച്ചതും ഇവിടെയാണ്. ഇതിന് പുറമെ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ടും സ്ഥാപിക്കുന്നുണ്ട്.
Follow us on :
Tags:
More in Related News
Please select your location.