Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Sep 2024 11:44 IST
Share News :
കണ്ണൂര്‍: മാതാവിന്റെ വിയോഗത്തില്‍ വൈകാരിക കുറിപ്പുമായി സ്പീക്കര്‍ എ എന്‍ ഷംസീര്‍. ധീര വനിതയെ തിരഞ്ഞെടുക്കാനുളള ജൂറി അംഗമായി നിയോഗിച്ചാല്‍ താന്‍ നിശ്ചയമായും മാര്‍ക്കിടുക തന്റെ ഉമ്മയ്ക്കാണ് എന്ന് തുടങ്ങുന്നതാണ് കുറിപ്പ്. സെപ്തംബര്‍ 14 നായിരുന്നു ഷംസീറിന്റെ മാതാവിന്റെ വിയോഗം.
തന്റെ ജീവിതത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തി ഉമ്മയാണ്. ഒരുപക്ഷെ, തലശ്ശേരി കലാപത്തിന്റെ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകളിലൂടെ രൂപപ്പെട്ട വ്യക്തിത്വം ആയതിനാലാവാം അത് പ്രതിസന്ധിയേയും നേരിടാനുള്ള കരുത്ത് ഉമ്മയ്ക്ക് ഉണ്ടായതെന്നും ഷംസീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം-
ധീരവനിതയെ തിരഞ്ഞെടുക്കാനുള്ള ജൂറി അംഗമായി എന്നെ നിയോഗിച്ചാല്‍ ഞാന്‍ നിശ്ചയമായും മാര്‍ക്കിടുക എന്റെ ഉമ്മയ്ക്കാണ്. കാരണം ഞാന്‍ ജീവിതത്തില്‍ നേരിട്ടറിഞ്ഞ, ആവോളം ചേര്‍ന്ന് നിന്ന് മനസ്സിലാക്കിയ ധീരവനിത എന്റെ ഉമ്മയാണ്.
ഒരുപക്ഷെ തലശ്ശേരി കലാപത്തിന്റെ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകളിലൂടെ രൂപപ്പെട്ട വ്യക്തിത്വം ആയതിനാലാവാം ഏത് പ്രതിസന്ധിയേയും നേരിടാനുള്ള കരുത്ത് എന്റെ ഉമ്മാക്കുണ്ടായത്. തലശ്ശേരി കലാപത്തിന്റെ ദുരിതം പേറിയൊരു കുടുംബാഗമാണ് ഞാന്‍. ഒരുപക്ഷെ അതുകൊണ്ടായിരിക്കാം ഞാനെന്ന വ്യക്തി ഒരു കമ്മ്യൂണിസ്റ്റ് ആയി മാറിയത്. ആ എന്നെ രൂപപ്പെടുത്തുന്നതില്‍ എന്റെ രക്ഷിതാക്കള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
ഉമ്മ എന്റെ ജീവിതത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിയാണ്. ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ഞാന്‍ പ്രതിസന്ധി നേരിടുമ്പോഴെല്ലാം പിന്തുണയേകിയത് എന്റെ ഉമ്മയായിരുന്നു. വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തനം ആരംഭിച്ച ക്യാമ്പസ് ജീവിത കാലഘട്ടം മുതല്‍ ഏറ്റവുമൊടുവില്‍ നിയമസഭ സ്പീക്കറായി എത്തിനില്‍ക്കുന്ന കാലം വരെ നിരവധി പ്രതിസന്ധികളും പ്രശ്‌നങ്ങളും എന്നെ ചുറ്റിപറ്റി ഉണ്ടായിരുന്നു. അതിലെല്ലാം എനിക്ക് താങ്ങും തണലുമായി നിന്നത് എന്റെ ഉമ്മയാണ്. ക്യാമ്പസില്‍ പഠിക്കുന്ന ഘട്ടത്തിലാണ് 1999 ഇല്‍ RSS കാര്‍ ക്യാമ്പസിന്റെ താഴെ വെച്ച് എന്നെ ഭീകരമായി ആക്രമിക്കുന്നത്. ഒരാഴ്ച്ച ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയി, തുടര്‍ന്ന് വിശ്രമം, വീണ്ടും ഹോസ്പിറ്റലില്‍ അഡ്മിറ്റ്, ഈ ഘട്ടത്തിലെല്ലാം എനിക്ക് കരുത്തായി നിന്നത് എന്റെ ഉമ്മയായിരുന്നു.
വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തകനായിരിക്കുന്ന കാലം നിരവധി റെയ്ഡ്കള്‍ , ജയില്‍ വാസം എല്ലാം നേരിടുമ്പോഴും എന്റെ മുന്നിലും പിന്നിലും കരുത്തായി ഉമ്മ ഉണ്ടായിരുന്നു. അത് മാത്രമല്ല ഞാന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചു തോറ്റ ഘട്ടത്തില്‍ എന്റെ വീടിന് മുന്നില്‍ എതിരാളികള്‍ ബാന്‍ഡും മേളവുമായി അഴിഞ്ഞാടിയപ്പോള്‍ ഉമ്മയുടെ മുഖത്ത് ഒരുതെല്ല് പതര്‍ച്ചയോ ഇടര്‍ച്ചയോ ഇല്ല എന്നത് ഞാന്‍ മനസ്സിലാക്കിയിരുന്നു.
2016 ഇല്‍ ഞാന്‍ നിയമസഭ സാമാജികനായി. അതിനു ശേഷം എനിക്ക് നേരെ കൊലവിളി പ്രകടനവുമായി RSS കാര്‍ എന്റെ വീടിന് മുന്നിലെത്തി. സ്വന്തം മകനെ കൊല്ലുമെന്ന ആക്രോശവുമായി ദീര്‍ഘനേരം വീടിന് മുന്നില്‍ നിലയുറപ്പിച്ചപ്പോള്‍ അത് നിശബ്ദമായി കേട്ടുനില്‍ക്കേണ്ടി വന്ന അവസ്ഥ ഉമ്മയ്ക്കുണ്ടായി. ഒരുപക്ഷെ അത്തരമൊരു ഘട്ടത്തില്‍ ഒരുമ്മ നേരിടേണ്ടി വരുന്ന മാനസികസംഘര്‍ഷം എത്രത്തോളമാണെന്ന് പറഞ്ഞ് അറിയിക്കാനാകില്ല.
2019 ഇല്‍ വീടിന് നേരെ ബോംബ് ആക്രമണം. 2023 ഇല്‍ വീട്ടിലേക്ക് മാര്‍ച്ചും കൊലവിളിയും. ഇങ്ങനെ ഓരോ പ്രതിസന്ധി നേരിട്ടപ്പോഴും ഉമ്മ എനിക്ക് താങ്ങും തണലുമായി നിന്നു. എന്റെ ശക്തിയായ ആ ഉമ്മ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മാസം 14ആം തീയതി എന്നെ വിട്ടുപിരിഞ്ഞിരിക്കുന്നു. ഉമ്മയുടെ വിയോഗത്തില്‍ അനുശോചനം അറിയിക്കാന്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ നേതാക്കളോടും എല്ലാ ജനപ്രതിനിധികളോടും ജനങ്ങളോടും നാട്ടുകാരോടും എന്റെയും എന്റെ കുടുംബത്തിന്റെയും പേരിലുള്ള നന്ദി അറിയിക്കുന്നു.
Follow us on :
Tags:
More in Related News
Please select your location.