Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാമുഹാജി ഹരിത പതാകയെ സ്നേഹിച്ച നന്മ നിറഞ്ഞ മനസ്സ്

22 Mar 2026 10:32 IST

NewsDelivery

Share News :

ചോലക്കര മുഹമ്മദ് മാസ്റ്റർ

കഴിഞ്ഞദിവസം മടവൂർ ചോലക്കര താഴത്ത് വിട പറഞ്ഞ പാറോക്കൂട്ടത്തിൽ മാ മുഹാജി കുണ്ടത്തിൽ എന്നവർ ഹരിത പതാകയെ സ്നേഹിച്ച നന്മ നിറഞ്ഞ ഒരു മനസ്സിൻറെ ഉടമയായിരുന്നു. പാണക്കാട് കുടുംബത്തെയും മുസ്ലിം ലീഗ് പ്രസ്ഥാനത്തെയും നെഞ്ചേറ്റിയ അദ്ദേഹം എക്കാലവും ഒരു ഉറച്ച മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു.


ചെറുപ്പകാലം മുതൽ വിവിധ ജോലികളിൽ അദ്ദേഹം ഏർപ്പെട്ടിരുന്നു. പതിമംഗലത്തും ചൂലാം വയലിലും പലചരക്കു കട നടത്തിയിരുന്ന അദ്ദേഹം ദീർഘകാലം കപ്പ വ്യാപാരവും നടത്തിയിരുന്നു. പതിമംഗലം ഭാഗത്ത് ലോറി വ്യവസായ മേഖലയിൽ ആദ്യകാലത്ത് പ്രവർത്തിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു മാമു ഹാജി. പിൽക്കാലത്ത് കൃഷിയിൽ തൽപരനായി ജീവിതം നയിച്ച അദ്ദേഹം ഏവർക്കും ആദരണീയനായ ഒരു വ്യക്തിത്വത്തിന് ഉടമയായിരുന്നു. ഏതാണ്ട് 50 വർഷങ്ങൾക്ക് മുമ്പ് ഞങ്ങളുടെ അയൽവാസിയായി താമസമാരംഭിച്ച അദ്ദേഹം ചോലത്താഴത്തിന്റെ എല്ലാ നന്മയുടെയും നായകനായിരുന്നു.


ചോലകരതാഴം തെക്കേ തൊടുകയിൽ താഴം ജുമാ മസ്ജിദ് ,കൂവപ്പുറത്തു താഴം മുനവ്വിറുൽ ഇസ്ലാം മദ്രസ എന്നീ സ്ഥാപനങ്ങളുടെ മുഖ്യ കാര്യദർശിയായിരുന്നു അദ്ദേഹം.


നല്ല ഒരു കർഷകനായിരുന്ന അദ്ദേഹം ജീവിതാന്ത്യം വരെ മണ്ണിൽ പണിയെടുത്ത് ജീവിതം മുന്നോട്ടു കൊണ്ടുപോയ ഒരു മികച്ച കൃഷിക്കാരനായിരുന്നു. ചെറുപ്പകാലത്ത് ദാരിദ്ര്യവും പ്രയാസവും ഉണ്ടായിരുന്നുവെങ്കിലും പിന്നീട് സാമ്പത്തികമായി ഉയർന്ന നിലയിൽ എത്തിയെങ്കിലും കുട്ടിക്കാലത്തെ കൃഷിസ്നേഹം അദ്ദേഹം കൈവെടിഞ്ഞില്ല. എന്നും രാവിലെകളിൽ പറമ്പിൽ ഇറങ്ങി മണ്ണിൽ പണിയെടുക്കുന്നത് ഒരു ശീലമാക്കിയ അദ്ദേഹം എല്ലാവിധ കൃഷികളും ചെയ്യാറുണ്ടായിരുന്നു. അധ്വാനിച്ച് ജീവിക്കണമെന്ന് അദ്ദേഹം എല്ലാവരോടും പറയാറുണ്ടായിരുന്നു.


മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെയും ഐക്യ ജനാധിപത്യമുന്നണിയുടെയും ഒരു മുന്നണി പോരാളിയായിരുന്നു അദ്ദേഹം. പാർട്ടിയുടെ ഏത് പരിപാടിയിലും മുൻനിരയിൽ തന്നെ അദ്ദേഹം സ്ഥാനം പിടിക്കുമായിരുന്നു.


പ്രകടനങ്ങളിലും ജാഥകളിലും പതാകയും ഏന്തി മുന്നിൽ നടക്കാൻ അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല. മുസ്ലിംലീഗിനെ ആരെങ്കിലും വിമർശിച്ചാൽ അതിനെ ചെറുക്കാൻ മുൻപന്തിയിൽ തന്നെ ഉണ്ടാകുമായിരുന്നു.


ചോലക്കരത്താഴം പ്രദേശത്ത് എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും മതസംഘടനകൾക്കും വേരോട്ടമുള്ള ഒരു പ്രദേശമാണ് .എങ്കിലും എല്ലാവരെയും ഉൾക്കൊള്ളാനുള്ള ഒരു മനസ്സ് പൊതുവേ ഇവിടെയുണ്ട്. അങ്ങനെയുള്ള ഒരു മനസ്സിന് ഉടമയായിരുന്നു മാമു ഹാജി.


പള്ളിയുമായും മദ്രസയുമായും എപ്പോഴും ബന്ധപ്പെടുന്ന ഒരു മനസ്സിന് ഉടമയായിരുന്നു അദ്ദേഹം. ഒരു നമസ്കാരം പോലും വൈകരുതെന്ന കണിശത അദ്ദേഹത്തിനുണ്ടായിരുന്നു. എല്ലാ ജമാഅത്ത് നമസ്കാരത്തിനും കൃത്യമായി പള്ളിയിലെത്തുന്ന ഒരു ശീലമായിരുന്നു വളരെക്കാലം മുമ്പേ അദ്ദേഹത്തിനുണ്ടായിരുന്നത്.


ഇലക്ഷൻ കാലത്ത് നടക്കുന്ന യോഗങ്ങളിലും പ്രകടനങ്ങളിലും ആവേശത്തോടെ അദ്ദേഹം പങ്കെടുക്കുമായിരുന്നു. മുസ്ലിം ലീഗ് പ്രസ്ഥാനത്തെ ഹിമാലയത്തോടും സ്നേഹിച്ച അദ്ദേഹം സ്വന്തം മക്കളെയും ആ പാതയിൽ തന്നെ നയിക്കാൻ പ്രേരിപ്പിച്ചിരുന്നു. ജീവിതത്തിൽ അങ്ങോളമിങ്ങോളം നന്മ നിറഞ്ഞതായിരുന്നു അദ്ദേഹത്തിൻറെ ജീവിതം. തന്റെ മക്കളായ മുസ്തഫയെയും അബ്ദുൽ കരീമിനെയും ഹനീഫയെയും നന്മ നിറഞ്ഞ പ്രവർത്തനങ്ങളിൽ അദ്ദേഹം പിന്തുണച്ചിരുന്നു. ചോലക്കര താഴം പ്രവാസി കൂട്ടായ്മയിലും ഖത്തർ കെഎംസിസിയിലും മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങളിലും മക്കൾക്ക് പ്രചോദനമായത് സ്വന്തം പിതാവ് തന്നെയായിരുന്നു .

പുണ്യ റമദാനിൽ വിടപറയുകയും പെരുന്നാൾ ദിനത്തിൽ മൺ മറയുകയും ചെയ്ത ആ മഹാനുഭാവന്റെ വിയോഗത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. നന്മ നിറഞ്ഞ ജീവിതം നയിച്ച് പുണ്യം നിറഞ്ഞ റമദാനിൽ വിട പറഞ്ഞ മാമു ഹാജി സാഹിബിന് നാഥൻ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ

Follow us on :

More in Related News