Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അഡ്വ. കെ അനിൽകുമാറിന്റെ വിജയത്തിന്‌ 1001 അംഗ ജനറൽ ക‍ൗൺസിൽ

19 Mar 2026 09:26 IST

CN Remya

Share News :

കോട്ടയം: കോട്ടയം മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി അഡ്വ. കെ അനിൽകുമാറിനെ വിജയിപ്പിക്കാൻ 1001 അംഗ ജനറൽ ക‍ൗൺസിൽ. മാറുന്ന കേരളത്തിൽ കോട്ടയവും ഇടംപിടിക്കാൻ കുറച്ചുകൂടി ഭാവനയും പ്രതിബദ്ധതയുമുള്ള ജനപ്രതിനിധി  ആവശ്യമാണെന്ന്‌ സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഡോ. ടി എം  തോമസ്‌ ഐസക്‌ പറഞ്ഞു. കോട്ടയം മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി അഡ്വ. കെ അനിൽകുമാറിന്റെ വിജയത്തിനായുള്ള തെരഞ്ഞെടുപ്പ്‌ കൺവൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോട്ടയം നാളെ ബ്രാൻഡ്‌ ചെയ്യപ്പെടാൻ പോകുന്നത്‌ മീനച്ചിലാർ –  മീനന്തറയാർ – കൊടൂരാർ നദീപുനർസംയോജന പദ്ധതിയില‍ൂടെയായിരിക്കും. ഇ‍ൗ പദ്ധതിയുടെ നടത്തിപ്പിൽ, കഴിഞ്ഞ15 വർഷം എംഎൽഎ ആയിരുന്ന വ്യക്തിയുടെ പങ്കെന്താണെന്ന്‌ നാട്‌ ചർച്ച ചെയ്യണം. ഇതിൽ ഒരു പങ്കാളിത്തവും ഉണ്ടായില്ലെന്ന്‌ മാത്രമല്ല ഇതൊന്നും ആവശ്യമില്ലെന്ന ചിന്താഗതിയാണ്‌ തിരുവഞ്ചൂർ രാധാകൃഷ്‌ണന്‌. ഇ‍ൗ ബൃഹദ്‌ പദ്ധതിയുടെ കോർഡിനേറ്റർ എന്ന നിലയിൽ നിസ്വാർഥസേവനമാണ്‌ കെ അനിൽകുമാർ നിർവഹിച്ചത്‌. 

നഗരത്തിലെ അശാസ്‌ത്രീയ നിർമാണമായ ആകാശപ്പാതവച്ചാണ്‌ തിരുവഞ്ചൂരിനെ ജനങ്ങൾ അടയാളപ്പെടുത്തുന്നത്‌. ഇ‍ൗ പാലം ഇനിയും പുനർനിർമിക്കുമെന്നാണ്‌ തിരുവഞ്ചൂർ പറയുന്നത്‌. അങ്ങനെയൊരു അപകടത്തിൽനിന്ന്‌ കോട്ടയത്തെ രക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എൽഡിഎഫ്‌ സർക്കാർ കോട്ടയം മണ്ഡലത്തിൽ ചെയ്യാനുള്ളതെല്ലാം ചെയ്‌തു. ബിഎം ആൻഡ്‌ ബിസി നിലവാരത്തിൽ ടാർ ചെയ്യാത്ത ഒരു റോഡും നഗരത്തിലില്ല. 216 കോടി രൂപ ജില്ലാ ആശുപത്രിക്ക്‌ നൽകിയെങ്കിലും നിർമാണം ഒന്നുമായില്ല. കോട്ടയത്തെ മണ്ണ്‌ പുളിങ്കുന്നിൽ ഇടാൻ പറ്റില്ലെന്ന്‌ പറഞ്ഞായിരുന്നു തർക്കം. ഇതിനിടെ വർഷങ്ങൾ കടന്നുപോയി, പദ്ധതി നീണ്ടുപോയി. എല്ലാവരേയും കൂട്ടിയോജിപ്പിച്ച്‌ മുന്നോട്ട്‌ കൊണ്ടുപോകേണ്ടതാണ്‌ വികസനം. കോട്ടയം കേന്ദ്രമായി ഒരു ഐടി പാർക്ക്‌ ഉയർന്നുവരേണ്ടതാണ്‌. ഇത്തരം മാറ്റങ്ങൾക്ക്‌ ദീർഘവീക്ഷണവും സമർപ്പിത മനസ്സുമുള്ള ഒരു ജനപ്രതിനിധി ആവശ്യമാണ്‌. നാടിനുവേണ്ടി പ്രതിബദ്ധതയോടെ മുന്നിട്ടിറങ്ങുന്ന ജനകീയ നേതാവാണ്‌ കെ അനിൽകുമാറെന്നും അദ്ദേഹം പറഞ്ഞു.

251 അംഗ കമ്മറ്റിയെയയും കൺവൻഷൻ തെരഞ്ഞെടുത്തു. എൽഡിഎഫ്‌ മണ്ഡലം പ്രസിഡന്റ്‌ സന്തോഷ് കേശവനാഥ്‌ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ, മുതിർന്ന നേതാവ്‌ അഡ്വ. കെ സുരേഷ് കുറുപ്പ്, എൽഡിഎഫ് മണ്ഡലം സെക്രട്ടറി എം കെ പ്രഭാകരൻ, സിപിഎം ഏരിയാ സെക്രട്ടറി ബി ശശികുമാർ, എൽഡിഎഫ് നേതാക്കളായ സി എൻ സത്യനേശൻ, അഡ്വ. ഷീജ അനിൽ, സി കെ ശശിധരൻ, വി ബി ബിനു, എൻ എൻ വിനോദ്, എബി കുന്നേപറമ്പിൽ, സുഭാഷ് പുഞ്ചക്കോട്ടിൽ, സ്റ്റീഫൻ ജോർജ്, ജോജി കുറത്തിയാടൻ, പി കെ ആനന്ദക്കുട്ടൻ, ലതികാ സുഭാഷ്, പോൾസൺ പീറ്റർ, രാജീവ് നെല്ലിക്കുന്നിൽ, ഫ്രാൻസിസ്‌ തോമസ്, എൻ സി ചാക്കോ, റെജി കുരുവിള, ടി സി ബിനോയി എന്നിവർ സംസാരിച്ചു.

Follow us on :

More in Related News