Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Sep 2024 15:27 IST
Share News :
ഗുവാഹത്തി: ക്ലാസ്സുകൾ ബഹിഷ്കരിച്ച് ഗുവാഹത്തി ഐഐടിയിൽ വിദ്യാർത്ഥി പ്രതിഷേധം. ഒരു മാസത്തിനിടെ രണ്ട് വിദ്യാർത്ഥികൾ ജീവനൊടുക്കിയ സാഹചര്യത്തിലാണ് വിദ്യാർത്ഥികൾ ക്ലാസ് മുറി വിട്ട് പ്രതിഷേധവുമായി പുറത്തേക്ക് ഇറങ്ങിയത്. അക്കാദമിക് സമ്മർദമാണ് വിദ്യാർത്ഥികളുടെ മരണത്തിന് കാരണമെന്ന് പ്രതിഷേധക്കാർ പറയുന്നു. പ്രതിഷേധം ശക്തമായതോടെ അക്കാദമിക് ഡീൻ പ്രൊഫസർ കണ്ടുരു വി കൃഷ്ണ രാജിവച്ചു.
ഞായറാഴ്ച രാത്രിയാണ് ഉത്തർപ്രദേശ് സ്വദേശിയായ 21കാരനെ ക്യാമ്പസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് മൂന്നാം വർഷ വിദ്യാർത്ഥിയെ ഹോസ്റ്റലിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഗുവാഹത്തി ഐഐടിയിൽ ഈ വർഷം നാല് വിദ്യാർത്ഥികളാണ് ജീവനൊടുക്കിയത്.
വിദ്യാർത്ഥികൾ കാമ്പസിൽ മെഴുകുതിരി കത്തിച്ച് പ്രകടനം നടത്തി. വിദ്യാർത്ഥികൾക്ക് നീതി വേണമെന്നും അധികൃതർ ചർച്ചയ്ക്ക് തയ്യാറാവണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. വിദ്യാർത്ഥികളെ അക്കാദമിക് കാര്യങ്ങളിൽ സമ്മർദത്തിലാക്കി മാനസികമായി പീഡിപ്പിക്കുന്ന ചില ഫാക്കൽറ്റി അംഗങ്ങൾ രാജിവയ്ക്കണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. പരീക്ഷയിൽ നല്ല മാർക്ക് ലഭിച്ചിട്ടും ഹാജർ കുറവാണെന്ന് പറഞ്ഞ് വിദ്യാർത്ഥികളെ തോൽപ്പിക്കുന്നു എന്നാണ് പ്രധാന ആരോപണം. ഒരു ബാച്ചിൽ ഇരുനൂറോളം വിദ്യാർത്ഥികളെ ഹാജരിൻറെ പേരിൽ തോൽപ്പിച്ചെന്നാണ് പരാതി.
വരാനിരിക്കുന്ന പരീക്ഷകൾ പോലും ബഹിഷ്കരിച്ച് സമരം തുടരാനാണ് വിദ്യാർത്ഥികളുടെ തീരുമാനം. ഐഐടി ഗുവാഹത്തി ഡയറക്ടർ പ്രൊഫസർ ദേവേന്ദ്ര ജലീഹൽ വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ പരിശോധിക്കുമെന്ന് വ്യക്തമാക്കി. വിദ്യാർത്ഥികളോട് ക്ലാസ്സുകളിലേക്ക് തിരികെ പോകാൻ അഭ്യർത്ഥിക്കുകയും ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.