Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുജറാത്ത് വംശഹത്യയുടെ ഇരയും എഹ്‌സാന്‍ ജഫ്രിയുടെ വിധവയുമായ സാക്കിയ ജഫ്രി അന്തരിച്ചു

01 Feb 2025 15:41 IST

Shafeek cn

Share News :

ഗുജറാത്ത് വംശഹത്യയുടെ ഇരയും അതിജീവിച്ച ഇരകളുടെ നീതിക്ക് വേണ്ടി പോരാടുകയും ചെയ്ത സാക്കിയ ജഫ്രി (86) അന്തരിച്ചു. ഗുജറാത്ത് വംശഹത്യക്കിടെ ഹിന്ദുത്വ കലാപകാരികളാൽ ക്രൂരമായി കൊലചെയ്യപ്പെട്ട മുൻ കോൺഗ്രസ് എംപി ഇഹ്‌സാൻ ജഫ്രിയുടെ ഭാര്യയാണ് സാക്കിയ ജഫ്രി. വാര്‍ദ്ധക്യസഹജമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ശനിയാഴ്ച അഹമ്മദാബാദില്‍വെച്ചായിരുന്നു അന്ത്യം. അഹമ്മദാബാദില്‍ ഭര്‍ത്താവിന്റെ ഖബറിടത്തോട് ചേര്‍ന്ന് അവരെ സംസ്‌കരിച്ചേക്കും.


‘മനുഷ്യാവകാശ സമൂഹത്തിൻ്റെ അനുകമ്പയുള്ള നേതാവായ സാക്കിയ അപ്പ വെറും മുപ്പത് മിനിറ്റ് മുമ്പ് അന്തരിച്ചുവെന്ന്’ മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദാണ് എക്സ് പോസ്റ്റിലൂടെ അറിയിച്ചത്. 2002ൽ ഗുജറാത്തിലെ ഗുൽബർഗ് സൊസൈറ്റിയിൽ വെച്ചായിരുന്നു മറ്റ് 68 പേർക്കൊപ്പം ഇസ്ഹാൻ ജഫ്രി കൊല്ലപ്പെടുന്നത്. ഇതിന് ശേഷം, അന്നത്തെ ​ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർക്ക് ​​ഗുജറാത്ത് വംശഹത്യയിൽ പങ്കുണ്ടെന്നും അവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണം എന്നുമാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തിയതോടെയാണ് സാക്കിയ ജഫ്രി രാജ്യത്തിൻ്റെ ശ്രദ്ധയിലേയ്ക്ക് വന്നത്.


‘ഈ പോരാട്ടം എന്റെ ഭർത്താവിന് വേണ്ടി മാത്രമുള്ളതല്ല, മോദി തങ്ങളെ രക്ഷിക്കും എന്ന് വിശ്വസിച്ച ആയിരകണക്കിന് മുസ്ലിങ്ങൾക്ക് വേണ്ടിയുള്ള അവസാന ശ്രമം കൂടിയാണ്’ എന്നായിരുന്നു നിയമ പോരാട്ടത്തെക്കുറിച്ചുള്ള സാക്കിയയുടെ പ്രതികരണം. ​ഗുൽബർ​ഗ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഒമ്പത് കേസുകൾ പുനരന്വേഷിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത് സാക്കിയ അടക്കം നടത്തിയ നിയമപോരാട്ടത്തെ തുടർന്നായിരുന്നു. പിന്നീട് കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു. അന്വേഷക സംഘത്തിൻ്റെ റിപ്പോർട്ടിനെതിരെ സാക്കിയ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതി അപ്പീൽ തള്ളിയിരുന്നു.


2002ൽ ​ഗുജറാത്ത് കലാപം ആരംഭിച്ചതിന് പിന്നാലെ കലാപകാരികൾ അഹമ്മദാബാദിലുടനീളം മുസ്ലിം വിഭാ​ഗങ്ങൾക്കെതിരെ ആക്രമണം അഴിച്ച് വിട്ടതിന് പിന്നാലെയാണ് ഇസ്ഹാൻ ജഫ്രി കൊല്ലപ്പെട്ടത്. കലാപം രൂക്ഷമായതോടെ പ്രദേശത്തെ മുസ്ലിം വിഭാ​ഗത്തിലെ വലിയൊരു വിഭാ​ഗം ഇസ്ഹാൻ ജഫ്രിയുടെ വാസകേന്ദ്രമായിരുന്ന ​ഗുൽബ‍ർ‌​ഗ് സൊസൈറ്റിയിൽ അഭയം തേടിയിരുന്നു. മുൻ എംപി എന്ന നിലിയിൽ ഇസ്ഹാൻ ജഫ്രിക്കുണ്ടായിരുന്ന സ്വാധീനമായിരുന്നു ഇവിടെ അഭയം തേടാൻ ആളുകളെ പ്രേരിപ്പിച്ചത്.


എന്നാൽ ഇവിടേയ്ക്കെത്തിയ കലാപകാരികൾ നി‍ർദാക്ഷിണ്യം ഇസ്ഹാൻ ജഫ്രി അടമുള്ളവരെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കലാപകാരികൾ പ്രദേശം വളഞ്ഞതോടെ രക്ഷയ്ക്കായി ഇസ്ഹാൻ ജഫ്രി മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ചതായി സാക്ഷി മൊഴിയുണ്ടായിരുന്നു. എന്നാൽ ഈ വാദം നരേന്ദ്ര മോദി നിഷേധിച്ചിരുന്നു. പിന്നീട് പ്രത്യേക അന്വേഷണ സംഘം ഈ സാക്ഷി മൊഴിയിൽ കഴമ്പില്ലെന്ന് കണ്ടെത്തുകയായിരുന്നു.

Follow us on :

More in Related News