Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Oct 2025 03:43 IST
Share News :
ദോഹ: പ്രവാസി മലയാളി കൂട്ടായ്മയായ ഒഐസിസി-ഇൻകാസ് ഖത്തർ യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ 'യൂത്തോണം' എന്ന പേരിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ തുമാമയിലെ ഒലീവ് ഇന്റർനാഷണൽ സ്കൂളിൽ വർണ്ണാഭമായി നടന്നു. ഓണത്തിൻ്റെ സ്നേഹവും സൗഹൃദവും വിളിച്ചോതുന്ന ആഘോഷങ്ങൾക്ക് നിരവധി പ്രവാസി മലയാളികൾ സാക്ഷ്യം വഹിച്ചു.
ഇന്ത്യയിലെ വിമാനത്താവളങ്ങളിലെ ലഘുഭക്ഷണശാലകളിലെ അമിതവില, പാലിയേക്കര ടോൾ ബൂത്ത് ഉൾപ്പെടെയുള്ള വിവിധ ജനകീയ വിഷയങ്ങളിൽ നിയമപോരാട്ടം നടത്തി ജനങ്ങൾക്ക് നീതി ലഭ്യമാക്കി ശ്രദ്ധേയനായ സാമൂഹ്യ പ്രവർത്തകനും കെപിസിസി സെക്രട്ടറിയുമായ അഡ്വ. ഷാജി കോടങ്കണ്ടത്ത് ആയിരുന്നു പരിപാടിയുടെ മുഖ്യാതിഥി. ആഘോഷ ചടങ്ങുകൾ അദ്ദേഹം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
യൂത്ത് വിങ് പ്രസിഡന്റ് നദീം മനാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജാംനസ് മാലൂർ സ്വാഗതം ആശംസിച്ചു. യൂത്ത് വിങ് ട്രഷററും പ്രോഗ്രാം കമ്മറ്റി ചെയർമാനുമായ പ്രശോഭ് നമ്പ്യാർ, പ്രോഗ്രാം കൺവീനർ മാഷിക് മുസ്തഫ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
തൃശ്ശൂർ ഡിസിസി അംഗം റോബിൻ വടക്കേത്തല, ഒഐസിസി-ഇൻകാസ് ഖത്തർ സെൻട്രൽ കമ്മറ്റി ആക്റ്റിംഗ് പ്രസിഡന്റ് നിയാസ് ചെരിപ്പത്ത്, ശ്രീജിത്ത് എസ്, ജീസ് ജോസഫ്, ജോർജ്ജ് അഗസ്റ്റിൻ എന്നിവരടക്കം നിരവധി സാമൂഹ്യ-രാഷ്‌ട്രീയ നേതാക്കൾ ആശംസകളർപ്പിച്ചു.
വിപുലമായ ഓണസദ്യയോടെ ആരംഭിച്ച ആഘോഷപരിപാടികൾ വിവിധ കലാകാരന്മാർ അണിനിരന്ന കലാപ്രകടനങ്ങൾ, മെന്റലിസം ഷോ തുടങ്ങിയവയാൽ സമ്പന്നമായിരുന്നു. തുടർന്നു നടന്ന ഡിജെ പാർട്ടിയോടെ യൂത്തോണം പരിപാടികൾക്ക് തിരശ്ശീല വീണു. പ്രശോഭ് നമ്പ്യാർ സദസ്സിന് നന്ദി രേഖപ്പെടുത്തി.
Follow us on :
Tags:
More in Related News
Please select your location.