Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാട് ദുരന്തം: സൈന്യം തീരുമാനിക്കും വരെ തെരച്ചിൽ തുടരും; പുനരധിവാസത്തിന് ബൃഹദ് പാക്കേജ് തയ്യാറാക്കും

05 Aug 2024 15:56 IST

- Shafeek cn

Share News :

വയനാട്: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിൽ സൈന്യം തീരുമാനിക്കും വരെ തെരച്ചിൽ തുടരണമെന്ന് മന്ത്രിസഭാ ഉപസമിതി. പുനരധിവാസത്തിനായി എല്ലാവരുടേയും സഹായത്തോടെ ബൃഹദ് പാക്കേജ് തയ്യാറാക്കും. ദുരന്ത നിവാരണ നിധിയിൽ നിന്ന് കൂടുതൽ തുക പുനരധിവാസത്തിന് ഉറപ്പാക്കാൻ എൽ ത്രീ നിലയിലുള്ള ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സർക്കാർ വീണ്ടും ആവശ്യപ്പെടും. ദുരന്തബാധിതരായ കുട്ടികളുടെ പഠനത്തിനായി പ്രത്യേക പദ്ധതി നടപ്പാക്കും.


ദുരന്തഭൂമിയായ മുണ്ടക്കൈയിലെ തെരച്ചിലിൽ സൈന്യം അന്തിമ തീരുമാനമെടുക്കട്ടെ എന്നാണ് സംസ്ഥാന സർക്കാർ നിലപാട്. വലിയ ദുരന്തമുണ്ടായ സ്ഥലങ്ങളിലെ ദൗത്യങ്ങളിൽ സൈന്യത്തിൻ്റേതാണ് അവസാന വാക്ക് എന്ന നിലയിലാണിത്. സൈന്യത്തിന്റെ തീരുമാനം വന്നശേഷം സർക്കാർ വിലയിരുത്തി തെരച്ചിലിലെ തുടർ നടപടി എടുക്കും. പുനരധിവാസം മുന്നിലുള്ള വലിയ വെല്ലുവിളിയാണെന്നാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ ഉപസമിതിയുടെ വിലയിരുത്തൽ. വലിയ തുക കണ്ടെത്തലാണ് ദുഷ്ക്കരണം. പലരും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. പക്ഷെ കേന്ദ്ര സഹായമില്ലാതെ മുന്നോട്ട് പോകാനാകില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. പുനരധിവാസത്തിനായി ബൃഹദ് പാക്കേജിന് രൂപം നൽകും. പുനരധിവാസത്തിനായി ഒരു ടൗൺഷിപ്പ് സ്ഥാപിക്കണമെന്നാണ് സർക്കാർ ആലോചന.


ഏറ്റവും തീവ്രതയുള്ള ദുരന്തമെന്ന നിലക്ക് എൽ ത്രീ ദുരന്തമായി വയനാട് ഉരുൾപൊട്ടലിനെ പ്രഖ്യാപിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം. അങ്ങനെ എങ്കിൽ ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്ന് പുനരധിവാസത്തിനായി വേണ്ട തുകയുടെ 75 ശതമാനം ലഭിക്കും. ബാക്കി സംസ്ഥാനം കണ്ടെത്തിയാൽ മതി. തകർന്ന വെള്ളാർമല സ്കൂളിലെ അടക്കം ദുരന്തത്തിനിരയായ കുട്ടികളുടെ പഠനത്തിൽ ഉടൻ തീരുമാനമെടുക്കും. ഒന്നുകിൽ താൽക്കാലിക പഠനകേന്ദ്രം തുടങ്ങും. അല്ലെങ്കിൽ സമീപത്ത സ്കൂളുകളിലേക്ക് മാറ്റും. നാളെ വിദ്യാഭ്യാസമന്ത്രി വയനാട്ടിലെത്തി ചർച്ച നടത്തി തീരുമാനമെടുക്കും.

Follow us on :

Tags:

More in Related News