Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വി.ഡി സതീശന്‍ നയിക്കുന്ന മലയോര സമര ജാഥയ്ക്ക് ഫെബ്രുവരി ഒന്നിന് ജില്ലയില്‍ സ്വീകരണം

30 Jan 2025 17:16 IST

ജേർണലിസ്റ്റ്

Share News :



തൊടുപുഴ: അനാവശ്യ ഭൂപ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് ഹൈറേഞ്ചിലെ ജനങ്ങളെ ദുരിതത്തിലാക്കിയ പിണറായി സര്‍ക്കാരിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നയിക്കുന്ന യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള മലയോരസമര ജാഥയ്ക്ക് ഫെബ്രുവരി ഒന്നിന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കുന്നതിനുള്ള ഒരുക്കം പൂര്‍ത്തിയായതായി ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴിയും യു.ഡി.എഫ് നേതാക്കളും പത്രസമ്മേളനത്തില്‍ അറിയിച്ചു. 1964ലെ ചട്ടമനുസരിച്ച് സംസ്ഥാനത്ത് പട്ടയം നല്‍കിയിരിക്കുന്ന ഭൂമിയില്‍ ഇടുക്കി ഒഴികെ ബാക്കി ജില്ലകളില്‍ നടത്തിയിരിക്കുന്ന നിര്‍മിതികള്‍ക്കോ നിര്‍മാണങ്ങള്‍ നടത്തുന്നതിനോ യാതൊരു തടസവുമില്ലാതിരിക്കെ ഇടുക്കിയില്‍ മാത്രം കെട്ടിടങ്ങള്‍ നിയമവിരുദ്ധമാക്കിയും നിരോധനം ഏര്‍പ്പെടുത്തിയും സര്‍ക്കാര്‍ ഇടുക്കിക്കാരോട് കാണിച്ചു കൊണ്ടിരിക്കുന്ന വിവേചനത്തിനും അനീതിക്കും എതിരായിട്ടാണ് ഈ ജാഥ. നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച് നടത്തിയിട്ടുള്ള നിര്‍മ്മാണങ്ങള്‍ വീണ്ടും ക്രമവല്‍ക്കരിക്കണമെന്ന പേരില്‍ പിഴ ചുമത്തി ഹൈറേഞ്ച് ജനതയെ ചൂഷണം ചെയ്യാന്‍ യു.ഡി.എഫ് അനുവദിക്കില്ല. റവന്യൂ ഭൂമി റിസര്‍വ് വനങ്ങളാക്കി പ്രഖ്യാപിച്ചുകൊണ്ട് വനവിസ്തൃതി വര്‍ധിപ്പിച്ച് ജനങ്ങളെ കുടിയിറക്കുന്നതിനുള്ള നടപടിക്ക് യാതൊരു ന്യായീകരണവുമില്ലാത്തതിനാല്‍ ഉത്തരവുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കണം. സി.എച്ച്. ആര്‍ ഭൂമി വനഭൂമിയാണെന്ന തീരുമാനം മാറ്റി റവന്യൂ ഭൂമിയാണെന്ന ശക്തമായ നിലപാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ചില്ലെങ്കില്‍ സംസ്ഥാനം ഏറ്റവും വലിയ കുടിയിറക്കിന് സാക്ഷ്യം വഹിക്കേണ്ടിവരും. കപട പരിസ്ഥിതി വാദികള്‍ പറയുന്നതുപോലെ കൈയേറ്റക്കാര്‍ക്കല്ല കുടിയേറ്റക്കാര്‍ക്കാണ് ഹൈറേഞ്ചില്‍ കാലാകാലങ്ങളില്‍ സര്‍ക്കാര്‍ പട്ടയം നല്‍കിയിരിക്കുന്നതെന്ന് ഹൈക്കോടതിയെ ബോധ്യപ്പെടുത്തി പട്ടയ വിതരണ നടപടികള്‍ പുനരാരംഭിക്കണം. പത്ത് ചെയിന്‍ പ്രദേശത്ത് പട്ടയം നല്‍കരുതെന്ന 29-01-2019-ലെ തീരുമാനം പിന്‍വലിച്ച് മുഴുവന്‍ കര്‍ഷകര്‍ക്കും പട്ടയം നല്‍കണം. മൂന്നാര്‍ മേഖലയിലെ 13 പഞ്ചായത്തുകളില്‍ ദുരന്തനിവാരണ നിയമം അനുസരിച്ച് ഏര്‍പ്പെടുത്തിയിരിക്കുന്ന അശാസ്ത്രീയ കെട്ടിട നിര്‍മാണ നിരോധനം റദ്ദാക്കണം. മതികെട്ടാന്‍ ചോലയുടെ ചുറ്റും ഒരുകിലോമീറ്റര്‍ ജനവാസ കേന്ദ്രങ്ങള്‍ ബഫര്‍സോണാക്കിക്കൊണ്ടുള്ള പ്രഖ്യാപനം റദ്ദാക്കി ഈ പ്രദേശങ്ങള്‍ സീറോ ബഫര്‍സോണ്‍ ആക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. ജില്ലയിലെ ചില വില്ലേജുകളില്‍ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു പട്ടയം നിഷേധിച്ചിരിക്കുന്നനടപടികള്‍ പുനഃപരിശോദിച്ച മുഴുവന്‍ കൈവശക്കാര്‍ക്കും പട്ടയം നല്‍കാന്‍ തയാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. 

വന്യജീവി ആക്രമണം മൂലം ഇനി ഒരു മരണം പോലും സംഭവിക്കാന്‍ ഇടയാവരുത്. ക്രമാതീതമായി പെറ്റ്‌പെരുകുന്ന വന്യജീവികളുടെ എണ്ണം നിയന്ത്രിക്കുന്നതിനും കാട്ടുമൃഗങ്ങള്‍ കൃഷിയിടങ്ങളില്‍ പ്രവേശിക്കില്ലെന്നും ഉറപ്പുവരുത്തുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. മനുഷ്യജീവന് ഭീഷണിയാകുന്ന ഏതു മൃഗത്തെയും വെടിവയ്ക്കുവാന്‍ ഉത്തരവിടുന്നതിന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അനുമതി നല്‍കണം. ജാഥയ്ക്ക് ഫെബ്രുവരി ഒന്നിന് രാവിലെ 10 ന് അടിമാലി, ഉച്ചകഴിഞ്ഞ് മൂന്നിന് കട്ടപ്പന, അഞ്ചിന് കുമളി എന്നീ ക്രമത്തില്‍ സ്വീകരണങ്ങള്‍ നല്‍കും. യോഗങ്ങളില്‍ യു.ഡി.എഫ് സംസ്ഥാന നേതാക്കളായ രമേശ് ചെന്നിത്തല എം.എല്‍.എ, പി.ജെ ജോസഫ് എം.എല്‍.എ, എം.എം ഹസന്‍, ഡീന്‍ കുര്യാക്കോസ് എം.പി, കെ.എം ഷാജി, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ് എം.എല്‍.എ, സി.പി ജോണ്‍, രാജന്‍ ബാബു തുടങ്ങിയവര്‍ പ്രസംഗിക്കുമെന്നും അവര്‍ അറിയിച്ചു. 

പത്രസമ്മേളനത്തില്‍ എന്‍.ഐ ബെന്നി, കെ.എം.എ ഷുക്കൂര്‍, കെ. സുരേഷ് ബാബു, വര്‍ഗീസ് വെട്ടിയാങ്കല്‍ എന്നിവരും പങ്കെടുത്തു.




Follow us on :

More in Related News