Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രാജ്യത്ത് ആദ്യം; ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് ഇന്ന് നിലവിൽ വരും

27 Jan 2025 13:02 IST

Shafeek cn

Share News :

സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന സംസ്ഥാനമാകാൻ ഉത്തരാഖണ്ഡ്. ഇന്ന് മുതൽ ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് (യുസിസി) നിലവിൽ വരും. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി യുസിസി പോർട്ടൽ ഉദ്ഘാടനം ചെയ്യും. ഇനി മുതൽ വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പിന്തുടർച്ചാവകാശം മുതലായവയിൽ സംസ്ഥാനത്തെ എല്ലാവർക്കും ഏകീകൃത നിയമം ആയിരിക്കും. സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്നത് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. കഴിഞ്ഞ വർഷമാണ് ഉത്തരാഖണ്ഡ് നിയമസഭ യുസിസി ബിൽ പാസാക്കിയത്. കഴിഞ്ഞ വർഷം തന്നെ രാഷ്ട്രപതി ബില്ലിന് അനുമതി നൽകി. കഴിഞ്ഞ ബുധനാഴ്ച സർക്കാർ ഇത് സംബന്ധിച്ച വിജ്ഞാപനമിറക്കി.


നാല് സെക്ഷനുകളിലായി 182 പേജാണ് ബില്ലിനുള്ളത്. ആദിവാസികളെയും ചില പ്രത്യേക സമുദായത്തെയും നിയമത്തിന്റെ പരിധിയിൽ നിന്നും നിലവിൽ ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്നവരും നിയമത്തിന്റെ പരിധിയിൽ വരും. ഏത് മതാചാര പ്രകാരം വിവാഹം നടന്നാലും 60 ദിവസത്തിനകം യുസിസി പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. സ്ത്രീകൾക്കും പുരുഷൻമാർക്കും തുല്യമായ സ്വത്തവകാശം, ലിവിംഗ് ടുഗെദർ ബന്ധത്തിലേർപ്പെടുന്നവർക്കും രജിസ്‌ട്രേഷൻ നിർബന്ധം, എന്നിവയാണ് നിയമത്തിലെ പ്രധാന വ്യവസ്ഥകൾ.


അതേസമയം യുസിസിക്കെതിരെ പ്രതിപക്ഷം ശക്തമായ എതിർപ്പ് തുടരുകയാണ്. വർഗീയ വിഭജനമാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് കോൺഗ്രസ് വിമർശിച്ചു. യുസിസി നടപ്പാക്കുക അസാധ്യമാണെന്നും, മതാടിസ്ഥാനത്തിൽ ആളുകളെ വിഭജിക്കുകയാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. നാളെ പ്രധാനമന്ത്രി സംസ്ഥാനത്തെത്താനിരിക്കെയാണ് നടപടികൾ ഇന്ന് പൂർത്തിയാക്കുന്നത്.

Follow us on :

More in Related News