Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Dec 2024 07:13 IST
Share News :
പുത്തൂർ മഠം ചന്ദ്രൻ
…...................
എം.ടി.എന്ന രണ്ടക്ഷരം
കൊണ്ട് നാടാകെ അറിയപ്പെടുന്ന സാഹിത്യകാരൻ ഒരു തിരക്കഥാകൃത്തായി മലയാള സിനിമയിലേക്ക് പ്രവേശിച്ചത് മുറപ്പെണ്ണിലൂടെയായിരുന്നു. എ . വിൻസെന്റ് ആയിരുന്നു സംവിധായകൻ. മലയാള സിനിമ നിലവാരംകൊണ്ടും ഗാനസൗന്ദര്യം കൊണ്ടും ഉയരങ്ങളിലേക്ക് നീങ്ങിയ1965 ലെ ഡിസംബറിലാണ് മുറപ്പെണ്ണ് തിയേറ്ററുകളിൽ എത്തിയത്.
"കണ്ണീരു മൊലിപ്പിച്ചു
കൈവഴികൾ പിരിയുമ്പോൾ
കരയുന്നോ പുഴ ചിരിക്കുന്നോ"
എന്ന വരികളാണ് മുറപ്പെണ്ണ് എന്ന സിനിമയെക്കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം ഓർമയിൽ വരിക.
പുത്തൂർമഠം യു.പി. സ്കൂളിലെ ബാല ചാപല്യങ്ങൾ കഴിഞ്ഞ് പന്തീരാങ്കാവ് ഹൈസ്കൂളിൽ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന കാലം. മാർച്ചിലെ വർഷാന്ത പരീക്ഷയിൽ രാവിലെ ഒന്നാം പേപ്പറും ഉച്ചക്ക് രണ്ടാം പേപ്പറും. അതിനിടയിൽ രണ്ട് മണിക്കൂർ ഇന്റർവെൽ.
12 മണിക്ക് ആദ്യ പരീക്ഷ കഴിഞ്ഞ ഉടനെ ഞങ്ങൾ മൂന്ന് കൂട്ടുകാർ രണ്ട് നിർത്താതെ ഓടി. കുന്നിൻ മുകളിലെ പാറക്കെട്ടുകളും ഇടവഴികളും പിന്നിട്ട് മൂർക്കനാട് മാമിയിൽ തറവാട്ടുകാരുടെ ചെളിനിറഞ്ഞ വയലിലെ കാളപൂട്ടു ഗ്രൗണ്ടിലെത്തി . വരമ്പിൽ വരിവരിയായി നിൽക്കുന്ന ജനക്കൂട്ടത്തിനിടയിലൂടെ തലയിട്ടു നോക്കുമ്പോൾ കാണുന്ന കാഴ്ച സാക്ഷാൽ പ്രേംനസീർ മുണ്ടും ബനിയനുമിട്ടു കാളകളെ തെളിച്ചു ഓടിക്കുന്നതായിരുന്നു. പ്രേംനസീർ ചെളിയിൽ പുരണ്ടിരിക്കുന്നു. മറ്റൊരു വശത്ത് വരമ്പിൽ മെയ്ക്കപ്പിട്ട് അടൂർഭാസി, ശങ്കരാടി, നെല്ലിക്കോട് ഭാസ്കരൻ , നിലമ്പൂർ ബാലൻ തുടങ്ങിയവരുണ്ട്. അവരെ നിഴൽ പോലെ മാത്രമേ അന്ന് കാണാൻ കഴിഞ്ഞുള്ളൂ. മുറപ്പെണ്ണിന്റെ ഷൂട്ടിങ് കണ്ട സംതൃപ്തിയിൽ തിരിച്ചോടി രണ്ടാം പരീക്ഷ എഴുതി.
കാലം മുന്നോട്ട് പോയപ്പോൾ എം. ടി യോടൊപ്പം പങ്കിട്ട എത്ര എത്ര വേദികൾ. എം ടി ഉൽഘാടകനായ സമ്മേളനങ്ങളിൽ ഒന്നുകിൽ സ്വാഗതം അല്ലെങ്കിൽ ആശംസ , അല്ലെങ്കിൽ നന്ദി. എല്ലാം അദ്ദേഹം ശ്രദ്ധിച്ചു കേൾക്കും. അധികം സംസാരിക്കാറില്ല. ചിലപ്പോൾ ചുണ്ടുകൾ എങ്കോണിച്ച് ഒരു ചെറുപുഞ്ചിരി. ഹായ് പറയുംപോലെ കൈകൊണ്ട് ഒരു ആംഗ്യം. ഒരു ദിവസം ടൌൺ ഹാളിൽ നന്ദി പ്രകടനം കഴിഞ്ഞ ഉടനെ എന്നെ സ്റ്റേജിൽ പിൻ കർട്ടന്നടുത്തേക്ക് മാറ്റിനിർത്തി പതിവുപോലെ മുണ്ടൊന്നു അഴിച്ചുടുത്തു അല്പം നീണ്ട സ്വകാര്യം . എം. ടി. പോകുന്നതിന് മുൻപ് അദ്ദേഹത്തെ കണ്ട്‌വണങ്ങാൻ അടുത്തു വന്നവരോട് അൽപ്പനേരം കാത്തു നിൽക്കാൻ കൈകൊണ്ട് ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു. മാതൃഭൂമി മാനേജിങ് എഡിറ്റർ പി. വി. ചന്ദ്രൻ സാറിന്റെ ശ്രദ്ധയിൽ പെടുത്താനുള്ള ഒരു വിഷയമായിരുന്നു അന്ന് സംസാരിച്ചത്. അതിനു മുൻപ് എം. ടി. മദ്രാസിൽ വെച്ചു വാഹന അപകടത്തിൽ പരുക്ക്പറ്റി കോഴിക്കോട്ടെ ഫ്ളാറ്റിൽ വിശ്രമിക്കുമ്പോൾ ഭാസി മലാപറമ്പിനോടൊപ്പം കാണാൻ പോയി. അന്നും കുറെ നേരം സംസാരിച്ചു. പിന്നീടൊരിക്കൽ വീട്ടിൽ പോയപ്പോൾ അന്ന് ദൂരദർശൻ ഡയറക്ടർ ആയിരുന്ന കുഞ്ഞികൃഷ്ണൻ സാർ അവിടെ ഉണ്ടായിരുന്നു. അന്നും കുറച്ചു നേരം സംസാരിച്ചു.
വൈക്കം മുഹമ്മദ് ബഷീർ മരണപ്പെട്ടപ്പോൾ അന്നത്തെ ജില്ലാ ഭരണകൂടമാണ് ടൌൺ ഹാളിൽ അനുശോചനയോഗം സംഘടിപ്പിച്ചത്. ആ യോഗത്തിൽ അവതരിപ്പിക്കേണ്ട പ്രമേയം എം. ടി. എഴുതണമെന്ന് ജില്ലാ കലക്ടർ അമിതാഭ് കാന്തിന് നിർബന്ധം. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് മാതൃഭൂമിയിൽച്ചെന്നു വിഷയം അവതരിപ്പിച്ചത്. വികാരനിർഭരനായ എം. ടി. വളരെ സമയമെടുത്താണ് അന്ന് അനുശോചനപ്രമേയം എഴുതിത്തന്നത്.
കഴിഞ്ഞവർഷം കോട്ടക്കൽ ആര്യവൈദ്യശാലയിൽ ചികിത്സക്ക് പോയപ്പോൾ എം ടി അവിടെ ചികിത്സയിലുണ്ടായിരുന്നു. ചില ദിവസങ്ങളിൽ അദ്ദേഹത്തിന്റെ മുറിയിൽ പോകും. അല്പനേരം സംസാരിക്കും. അന്ന് മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി വി ചന്ദ്രൻസാറും എം ഡി ശ്രെയാംസ്കുമാർ സാറും അവിടെ ഉണ്ടായിരുന്നു. കുറച്ചു ദിവസം രാഹുൽ ഗാന്ധിയും ചികിത്സയിലുണ്ടായിരുന്നു. ഒരു ദിവസം അവിടെ വിശ്വംഭരക്ഷേത്രത്തിന്റെ അഗ്രശാലയിൽ വി.ഐ.പി. കൾക്കായി കഥകളി ഒരുക്കിയിരുന്നു. അന്ന് എം.ടി യുടെ കൂടെയിരുന്ന് കഥകളി കാണാനും ഭാഗ്യമുണ്ടായി.
എം.ടി എനിക്ക് ആരാണ്. ? എനിക്കദ്ദേഹം ഒരു താങ്ങോ തണലോ ആയിട്ടില്ല. എന്നിട്ടും ഈ മനുഷ്യൻ എന്റെ ഹൃദയത്തിൽ കാലപുരുഷനെപ്പോലെ വളർന്ന് നിറഞ്ഞു നിൽക്കുന്നു. എന്ത് കൊണ്ട് ? ഞാൻ നന്ദി പറയുന്നു. പിന്നിട്ട നെടുംപാതയിൽ എവിടെയോ ഒരു വഴിത്തിരിവിൽ മുന്നിൽ വന്നു നിന്ന ഒരനർഘനിമിഷത്തിന്! എന്റെ മരുപ്പറമ്പിൽ തണലും തണപ്പും സുഗന്ധവും നൽകി ഒരു പൂമരം മുളപ്പിച്ചതിന് !
Follow us on :
Tags:
More in Related News
Please select your location.