Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തെരുവ് നായ്ക്കളെ പോറ്റാൻ പണം കണ്ടെത്ത‍ുന്നതിന് ബെംഗളൂരുവിൽ ജോലിക്ക് പോയ മലയാളി യുവതി മർദനമേറ്റ് മരിച്ചു

06 May 2026 07:55 IST

Enlight News Desk

Share News :

തൃശൂർ: ബെംഗളൂരുവിൽ തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ വാടാനപ്പള്ളി തളിക്കുളം പത്താംകല്ല് മങ്ങാട്ട് സുനിത (47) മർദനമേറ്റു മരിച്ചു. അബോധാവസ്ഥയിലായ സുനിതയെ ബെംഗളൂരുവിൽ നിന്ന് ഇന്നലെ വെന്റിലേറ്റർ സംവിധാനമുള്ള ആംബുലൻസിൽ തൃശൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുനിതയുടെ ഭർത്താവ് ഷിന്റോ നൽകിയ പരാതിയിൽ ഈസ്റ്റ് പൊലീസ് കേസെടുത്തു. ബെംഗളൂരു സുളിബെലെയിൽ താമസിക്കുന്ന മലയാളിയായ ദീപക് കൃഷ്ണനെ പൊലീസ് തിരയുന്നു.


ബെംഗളൂരുവിലെ ഒരു തെരുവുനായ സംരക്ഷണ കേന്ദ്രത്തിൽ ജോലിക്കെത്തിയ സുനിതയെ ആ കേന്ദ്രത്തിന്റെ ഉടമയായ ദീപക് കൃഷ്ണൻ ക്രൂരമായി മർദിക്കുകയായിരുന്നു. അബോധാവസ്ഥയിലായ സുനിതയെ വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ തൃശൂരിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വന്തം നാട്ടിലെ തെരുവുനായ്ക്കളെ പോറ്റാനുള്ള പണം കണ്ടെത്താനായി അന്യനാട്ടിൽ ജോലിക്കുപോയ സുനിതയ്ക്ക് നേരിടേണ്ടി വന്നത് മൃഗീയമായ ക്രൂരതയാണ്.  

നായ്ക്കളെ പോറ്റാൻ പണം തേടിയുള്ള യാത്രയാണ് മരണത്തിൽ കലാശിച്ചത്. 

തളിക്കുളത്തെ വീട്ടിൽ 160-ഓളം തെരുവുനായ്ക്കളെ സംരക്ഷിച്ചു വരികയായിരുന്നു സുനിതയും ഭർത്താവ് ഷിന്റോയും. വാടാനപ്പള്ളി ഭാഗത്തെ ഏഴു സ്കൂളുകളിൽ മിച്ചംവരുന്ന ഉച്ചഭക്ഷണം പൊതിഞ്ഞെടുത്തു കൊണ്ടുപോയാണ് അവർ നായ്ക്കളെ പോറ്റിയിരുന്നത്.

സ്കൂളുകൾ അവധിയായതോടെ നായ്ക്കൾക്ക് ഭക്ഷണം നൽകാൻ വഴിയില്ലാതെ വന്നപ്പോഴാണ് ബെംഗളൂരുവിലെ ദീപക് കൃഷ്ണന്റെ നായ സംരക്ഷണ കേന്ദ്രത്തിൽ ജോലിക്കായി സുനിത എത്തിയത്. മാസം 40,000 രൂപ വാഗ്ദാനം ചെയ്തതിനെത്തുടർന്ന് ഏപ്രിൽ 17-നാണ് സുനിതയും മറ്റ് രണ്ട് യുവതികളും ബെംഗളൂരുവിലേക്ക് പോയത്.  ബെംഗളൂരുവിലെ കേന്ദ്രത്തിൽ വെച്ച് ദീപക് മോശമായി പെരുമാറാൻ തുടങ്ങിയതോടെ ജോലി നിർത്തി നാട്ടിലേക്ക് മടങ്ങുകയാണെന്ന് സുനിത അറിയിച്ചു. ഇതിൽ പ്രകോപിതനായ ദീപക് മെയ് മൂന്നിന് വൈകിട്ട് സുനിതയെ ക്രൂരമായി മർദിക്കുകയായിരുന്നു. നെഞ്ചിൽ ചവിട്ടി വീഴ്ത്തുകയും ഭിത്തിയിൽ തലയിടിക്കുകയും ചെയ്ത സുനിത അബോധാവസ്ഥയിലായപ്പോൾ മറ്റ് രണ്ട് പേർക്കൊപ്പം മുറിയിൽ പൂട്ടിയിട്ട് ഇയാൾ കടന്നുകളഞ്ഞു. പിന്നീട് പൊലീസെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.  

 സംഭവത്തിൽ തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുക്കുകയും അന്വേഷണം ബെംഗളൂരു പൊലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്. പ്രതി ദീപക് കൃഷ്ണൻ ഒളിവിലാണെന്നും ഇയാൾക്കായി കർണാടകയുടെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. സുനിതയുടെ തലയ്ക്കും നെഞ്ചിനും ഏറ്റ മാരകമായ പരിക്കുകളാണ് മരണകാരണമെന്നാണ് പ്രാഥമിക നി​ഗമനം

Follow us on :

More in Related News