Tue Dec 12, 2023 10:56 PM 1ST

Location  

Sign In

​തിരുനക്കര പകൽപ്പൂരം: വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കും

09 Mar 2026 20:37 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവവും പകൽപ്പൂരവും പരാതിരഹിതമായി സംഘടിപ്പിക്കുന്നതിന് വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പിന്തുണ ഉറപ്പാക്കുമെന്ന് സഹകരണം-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ. ഉത്സവവുമായി ബന്ധപ്പെട്ടു വിവിധ വകുപ്പുകളുടെ നേതൃത്വത്തിലുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി തിരുനക്കര ക്ഷേത്രം ഓഡിറ്റോറിയത്തിൽ ചേർന്ന അവലോകനയോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

റവന്യൂവകുപ്പിന്റെ നേതൃത്വത്തിൽ കൺട്രോൾ റൂം സജ്ജീകരിക്കും. തഹസിൽദാർ, ഡെപ്യൂട്ടി തഹസീൽദാർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ മേൽനോട്ടം വഹിക്കണമെന്ന് മന്ത്രി നിർദേശിച്ചു.

മാർച്ച് 15 മുതൽ 25വരെയാണ് തിരുനക്കര ക്ഷേത്രത്തിലെ ഉത്സവം. പകൽപ്പൂരം മാർച്ച് 23നാണ്. പകൽപ്പൂരത്തിനുള്ള ജനത്തിരക്ക് കണക്കിലെടുത്ത് റവന്യൂവിഭാഗത്തിൽ നിന്ന് അധികമായി ജീവനക്കാരെ നിയോഗിക്കും. പകൽപ്പൂരദിവസം നാലു ഡിവൈ.എസ്.പിമാരുടെ മേൽനോട്ടത്തിൽ 220 പോലീസുകാരെ സുരക്ഷാചുമതലകൾക്കു നിയോഗിക്കും. അഞ്ചു സെക്ടറായി തിരിച്ചായിരിക്കും സേനയുടെ വിന്യാസമെന്ന് പോലീസ് അറിയിച്ചു. നഗരത്തിലും ക്ഷേത്രപരിസരങ്ങളിലും ലഹരിവിൽപന തടയുന്നതിനായി എക്‌സൈസുമായി ചേർന്നു സംയുക്ത പരിശോധന നടത്തും.  

ഉത്സവത്തിനെത്തിക്കുന്ന ആനകളെ ചട്ടങ്ങൾ പരിപാലിച്ചുവെന്ന് ഉറപ്പാക്കിവേണം പകൽപ്പൂരത്തിലടക്കം അണിനിരത്തേണ്ടത്. എലിഫെന്റ് സ്‌ക്വാഡിന്റെ സേവനം ഉറപ്പാക്കും. കുടിവെള്ളവിതരണം നഗരസഭയും ജല അതോറിട്ടിയും ഉറപ്പാക്കും. ക്ഷേത്രത്തിലേക്ക് അധിക വാട്ടർ കണക്ഷൻ ജല അതോറിട്ടി ലഭ്യമാക്കിയിട്ടുണ്ട്. ശുചിത്വമിഷനുമായി സഹകരിച്ചു നഗരസഭ മാലിന്യം നീക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. അഗ്നിരക്ഷാ സേന സ്റ്റാൻഡ്‌ബൈ യൂണിറ്റിന്റെ സേവനം ഉറപ്പാക്കും. മെഡിക്കൽ ടീമിന്റെ സേവനം ആരോഗ്യവകുപ്പും ലഭ്യമാക്കും.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, എ.ഡി.എം കെ.പി. ജയകുമാർ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ടി.സി. രാമാനുജം, ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ പി.ആർ. മീര എന്നിവർ സംസാരിച്ചു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.





Follow us on :

More in Related News