Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Nov 2025 21:42 IST
Share News :
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറത്തിന്റെ ഖിഫ് സീസണ്‍ 16 സൂപ്പര്‍ കപ്പ് 2025 ലോഞ്ചിംഗ് ചടങ്ങ് ശ്രദ്ധേയമായി.
നിരവധി ഖത്തരി പ്രമുഖരുടെയും ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കളുടെയും സാന്നിധ്യത്തില്‍ ദോഹ ഷെറോട്ടന്‍ ഹോട്ടലില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ വെച്ച് ഖിഫ് സീസണ്‍ 16 സൂപ്പര്‍ കപ്പ് 2025 ലോഞ്ചിംഗ് ഫിഫ ടെക്‌നിക്കല്‍ കമ്മിറ്റി മുന്‍ ചെയര്‍മാനും ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ (എഎഫ്സി) മുന്‍ പ്രസിഡന്റുമായ മുഹമ്മദ് ബിന്‍ ഹമ്മാം നിര്‍വഹിച്ചു.
ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ക്യുഎഫ്എ) ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മുഹമ്മദ് അല്‍ അന്‍സാരി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു കൊണ്ട് ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ സൂപ്പര്‍ കപ്പ് 2025 ട്രോഫി സദസ്സിനു മുന്നില്‍ അനാച്ഛാദനം ചെയ്തു.
ഖിഫ് ടൂര്‍ണമെന്റിന്റെ സംഘാടനത്തെ അഭിനന്ദിച്ചു കൊണ്ടും എല്ലാവിധ പിന്തുണയും അറിയിച്ചു കൊണ്ടുമാണ് ഖ്യു എഫ് എ സെക്രട്ടറിയും ഇന്ത്യന്‍ അംബാസിഡറും ചടങ്ങില്‍ സംസാരിച്ചത്.
ഖിഫ് മുന്‍ പ്രസിഡന്റ് പരേതനായ കെ മുഹമ്മദ് ഈസക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ടും പ്രാര്‍ത്ഥിച്ചു കൊണ്ടുമാണ് ലോഞ്ചിങ് ചടങ്ങിന് തുടക്കം കുറിച്ചത്.
ഖത്തര്‍ ധനകാര്യ മന്ത്രാലയത്തിന്റെ മുന്‍ ജോയിന്റ് സെക്രട്ടറി അഹമ്മദ് അലി ബൂകഷീഷ, ആഭ്യന്തര മന്ത്രാലയത്തിലെ സീനിയര്‍ ഓഫീസര്‍ ഹസ്സന്‍ അല്‍ ഖലീഫ, ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ക്യുഎഫ്എ) മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഖാലിദ് മുബാറക് അല്‍ കുവാരി തുടങ്ങിയ വിശിഷ്ട വ്യക്തികള്‍ ഖിഫ് സീസണ്‍ 16 ലോഞ്ചിങ് വേദിയെ ധന്യമാക്കി.
ഖിഫ് പ്രസിഡന്റ് ഷറഫ് ഹമീദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഖിഫിന്റെ എല്ലാ പങ്കാളികള്‍ക്കും സഹകാരികള്‍ക്കും അദ്ദേഹം പ്രത്യേകം നന്ദി അറിയിച്ചു. അതിഥികള്‍ക്കും സദസ്സിനും നന്ദി പ്രകാശിപ്പിച്ചു കൊണ്ട് ഖിഫ് ജനറല്‍ സെക്രട്ടറി ആഷിഖ് അഹ്‌മദ് സംസാരിച്ചു.
ചടങ്ങിന്റെ രണ്ടാം സെഷനില്‍ ടീമുകളുടെ മത്സര ഷെഡ്യൂള്‍ നറുക്കെടുപ്പിലൂടെ തീരുമാനിച്ചു.
കാസര്‍ഗോഡ്, കണ്ണൂര്‍ , കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം ജില്ലാ ടീമുകളും തെക്കന്‍ ജില്ലകളെ പ്രതിനിധീകരിക്കുന്ന ട്രാവന്‍കൂര്‍ എഫ് സി യുമാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്ന ടീമുകള്‍. ഖിഫ് വൈസ് പ്രസിഡന്റ് ഷമീന്‍ മുഹമ്മദ് ടീം നറുക്കെടുപ്പിന് നേതൃത്വം നല്‍കി.
നിരവധി ഖത്തരി പ്രമുഖര്‍ക്ക് പുറമെ ഇന്ത്യന്‍ സംഘടനകളുടെ നേതാക്കള്‍, ഫുട്‌ബോള്‍ ടീം മാനേജര്‍മാര്‍, ടൂര്‍ണമെന്റ് സ്‌പോണ്‍സര്‍മാര്‍ എന്നിവരുടെയും സാന്നിധ്യം ചടങ്ങിനെ ഗംഭീരവും അവിസ്മരണീയവുമാക്കി മാറ്റി.
ചടങ്ങില്‍, ലുലു ഇന്റര്‍നാഷണലിന്റെ ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍താഫിനെ ഖിഫ് സീസണ്‍ 16 ന്റെ മുഖ്യരക്ഷാധികാരിയായി പ്രഖ്യാപിച്ചു.
ഖത്തര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം രണ്ട് പതിറ്റാണ്ടോളമായി ദോഹയില്‍ പ്രവാസികള്‍ക്കായുള്ള ഫുട്‌ബോള്‍ കായിക മേളകള്‍ സംഘടിപ്പിച്ചു കൊണ്ട് സജീവമായി നിലകൊള്ളുന്നു. സംഘടനകള്‍ തമ്മില്‍ മത്സരിക്കുന്ന ഫുട്‌ബോള്‍ മേളകള്‍ സംഘടിപ്പിക്കുന്നതിലൂടെ ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കിടയില്‍ കായികക്ഷമത, സാംസ്‌കാരിക ഐക്യം, സംഘടനാ സൗഹൃദം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്ന ഒരു ശ്രദ്ദേയ വേദിയായി ഖിഫ് ഇതിനകം മാറിക്കഴിഞ്ഞു.
ഇന്ത്യന്‍ എംബസിയുടെ രക്ഷാകര്‍തൃത്വത്തിലും ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ പിന്തുണയോടെയുമാണ് കഴിഞ്ഞ 15 സീസണുകള്‍ ഖിഫ് വിജയകരമായി സംഘടിപ്പിച്ചത്.
ഫുട്‌ബോള്‍ അഭിനിവേശത്തിന്റെയും സാംസ്‌കാരിക സൗഹൃദത്തിന്റെയും സന്ദേശം ഉദ്‌ഘോഷിച്ചുകൊണ്ട് സീസണ്‍ 16 ദോഹ സ്റ്റേഡിയത്തില്‍ അരങ്ങേറാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി.
Follow us on :
Tags:
More in Related News
Please select your location.