Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സി.എച്ച്.ആറിലെ പട്ടയനടപടികള്‍ നിര്‍ത്തിവെച്ച സുപ്രീം കോടതി ഉത്തരവ്: ഡീന്‍ കുര്യാക്കോസ് എം.പി കക്ഷി ചേരും

23 Nov 2024 20:01 IST

ജേർണലിസ്റ്റ്

Share News :



തൊടുപുഴ: സുപ്രീം കോടതി സി.എച്ച്.ആര്‍ മേഖലയിലെ പട്ടയവിതരണം തടഞ്ഞ കേസില്‍ കക്ഷി ചേരുമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി അറിയിച്ചു. പട്ടയത്തിന് അപേക്ഷ നല്‍കി കാത്തിരിക്കുന്ന കാല്‍ ലക്ഷത്തോളം കര്‍ഷകരെ ഈ ഉത്തരവ് പ്രതികൂലമായി ബാധിക്കും. കൂടാതെ ഇനിയും പട്ടയം ലഭിക്കാനുള്ള വ്യാപാരസ്ഥാപനങ്ങള്‍, ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശം, 3 ചെയിന്‍, 10 ചെയിന്‍ മേഖല, ലാന്‍ഡ് രജിസ്റ്ററില്‍ ഏലം കൃഷിയെന്ന് രേഖപ്പെടുത്തിയതിന്റെ പേരില്‍ പട്ടയം ലഭിക്കാത്ത തോപ്രാംകുടി, പച്ചടി തുടങ്ങിയ പ്രാദേശങ്ങളിലടക്കമുള്ള പതിനായിരങ്ങള്‍ക്ക് ഈ ഉത്തരവ് മൂലം പട്ടയം ലഭിക്കാതെ വരും. സുപ്രീം കോടതി അനുമതിയോടെയാണ് സി.എച്ച്.ആറില്‍ പട്ടയം നല്‍കുന്നതെന്ന കാര്യം സര്‍ക്കാര്‍ അഭിഭാഷകര്‍ പറയാതിരുന്നതാണ് പട്ടയ വിതരണം തടയാന്‍ കാരണമായത്. 1964 ലെ ഭൂ പതിവ് നിയമപ്രകാരമുള്ള പട്ടയ നടപടികള്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ഹൈക്കോടതി തടഞ്ഞിരുന്നു. കൈയേറ്റ ഭൂമിക്ക് സര്‍ക്കാര്‍ പട്ടയം നല്‍കിയിട്ടില്ലെന്ന കാര്യം സര്‍ക്കാര്‍ കോടതിയില്‍ പറയാതിരുന്നതാണ് ഈ ഉത്തരവിന് കാരണമായത്. 9 മാസം കഴിഞ്ഞിട്ടും ഈ ഉത്തരവ് പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സി.എച്ച്.ആര്‍ മേഖലയിലേയും, 1964 ഭൂ പതിവ് നിയമപ്രകാരവും ഉള്ള പട്ടയ നടപടികള്‍ കോടതികള്‍ തടഞ്ഞതൊടെ ജില്ലയിലെ പട്ടയ നടപടികള്‍ പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്. ജില്ലയിലെ വനവിസ്തൃതി വര്‍ധിപ്പിക്കാനുള്ള പിണറായി സര്‍ക്കാരിന്റെ ഗൂഡ അജണ്ടയുടെ ഭാഗമായിട്ടാണോ സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതിയില്‍ മൗനം പാലിക്കുന്നതെന്ന് സംശയിക്കുന്നു. അതിനാല്‍ കോടതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി പട്ടയ വിതരണം തടഞ്ഞ ഉത്തരവ് പുന പരിശോധിപ്പിക്കുന്നതിനാണ് ഈ കേസില്‍ കക്ഷി ചേരുന്നതെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു . 1964 ലെ ഭൂ പതിവ് നിയമപ്രകാരമുള്ള പട്ടയ നടപടികള്‍ നിര്‍ത്തിവെച്ച ഹൈക്കോടതിയിലെ കേസിലും കക്ഷി ചേര്‍ന്നിട്ടുള്ളതായും ജില്ലയിലെ കര്‍ഷക താല്പര്യം സംരക്ഷിക്കുന്നതിന് തന്നാല്‍ കഴിയുന്ന വിധം പോരാട്ടം നടത്തുമെന്നും ഡീന്‍ കുര്യാക്കോസ് അറിയിച്ചു.

Follow us on :

More in Related News