Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കഠിനമായ ചൂടില്‍നിന്ന് രക്ഷനേടാന്‍ പാമ്പുകള്‍ മാളങ്ങളില്‍ നിന്ന് പുറത്തിറങ്ങുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവജാഗ്രത പാലിക്കണം. കൊല്ലം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്.

24 Apr 2026 11:22 IST

R mohandas

Share News :

ചാത്തന്നൂർ:കഠിനമായ ചൂടില്‍നിന്ന് രക്ഷനേടാന്‍ പാമ്പുകള്‍ മാളങ്ങളില്‍ നിന്ന് പുറത്തിറങ്ങുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവജാഗ്രത പാലിക്കണമെന്ന് കൊല്ലം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു.

തണുപ്പും തണലുമുള്ള ഇടങ്ങളായ വീടിനുള്ളിലേക്കും പരിസരങ്ങളിലേക്കും പാമ്പുകള്‍ എത്തിയേക്കാം. മൂര്‍ഖന്‍, വെള്ളിക്കെട്ടന്‍, ചേനത്തണ്ടന്‍ തുടങ്ങിയ വിഷപ്പാമ്പുകള്‍ കുഞ്ഞുങ്ങളെ വിരിയിക്കുന്ന കാലവുമാണിത്. സുരക്ഷാ മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ട്.

വീടിന്റെ പരിസരത്ത് പാമ്പുകള്‍ ഒളിച്ചിരിക്കാന്‍ സാധ്യതയുള്ള കുറ്റിക്കാടുകളും മറ്റും നീക്കം ചെയ്യണം. പൊത്തുകളോ മാളങ്ങളോ ഉണ്ടെങ്കില്‍ അടയ്ക്കണം. ഭക്ഷണാവശിഷ്ടങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയരുത്. രാത്രി ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് കിടക്കയും തലയിണകളും കുടഞ്ഞുനോക്കുക. സമീപത്ത് പാമ്പിനെകണ്ടാല്‍പിടിക്കാനോ ഉപദ്രവിക്കാനോ പാടില്ല, അടുത്തുള്ള ‘സര്‍പ്പ' വൊളണ്ടിയറെയോ വനംവകുപ്പിലോ വിവരം അറിയിക്കണം.

പുനലൂര്‍ (9188407514), അച്ചന്‍കോവില്‍ (9188407512), തെന്മല (9188407516) എന്നിവിടങ്ങളിലെ വനംവകുപ്പ് കണ്‍ട്രോള്‍ റൂമുകളിലോ സംസ്ഥാനതല ടോള്‍ഫ്രീ നമ്പറായ 1800 425 4733 ബന്ധപ്പെടാം. ‘സര്‍പ്പ ആപ്പ്' വഴി പാമ്പുപിടുത്തക്കാരുടെ സേവനവും ചികിത്സലഭ്യമായ ആശുപത്രികളുടെ വിവരവും അറിയാനാകുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

പാമ്പുകടിയേറ്റാല്‍ പരിഭ്രാന്തരാകാതെ കടിയേറ്റ വ്യക്തിയെ പരന്ന പ്രതലത്തില്‍ കിടത്തുകയും ആ ഭാഗം അനങ്ങാതെ സൂക്ഷിക്കുകയും വേണം. മുറിവേറ്റ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകണം. മുറിവിന് മുകളിലായി കയറോ തുണിയോ ഉപയോഗിച്ച് മുറുക്കി കെട്ടുന്നത് രക്തയോട്ടം തടസ്സപ്പെടുത്താന്‍ കാരണമാകും. പാമ്പിനെ തിരിച്ചറിയാനായി സമയം കളയാതെ എത്രയും വേഗം ആന്റിവെനം ലഭ്യമായ ആശുപത്രിയില്‍ എത്തിക്കുന്നതാണ് ജീവന്‍ രക്ഷിക്കാന്‍ ഉത്തമം. കൊല്ലം ജില്ലാ ആശുപത്രി കൂടാതെ പുനലൂര്‍, കരുനാഗപ്പള്ളി, കൊട്ടാരക്കര, കടയ്ക്കല്‍, ശാസ്താംകോട്ട താലൂക്ക് ആശുപത്രികളില്‍ പാമ്പുവിഷത്തിനുള്ള ആന്റി വെനം ലഭ്യമാണ്.

Follow us on :

More in Related News