Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Sep 2024 13:18 IST
Share News :
മുംബൈ: സെബി മേധാവി മാധബി ബുച്ചിന്റെ ഓഫീസിനെതിരെ പരാതിയുമായി ജീവനക്കാർ. ഓഫീസിലെ ജോലി സാഹചര്യം മോശമാണെന്ന് ധനകാര്യമന്ത്രാലയത്തിന് നൽകിയ പരാതിയിൽ ജീവനക്കാർ പറയുന്നു. മോശം ഭാഷയിലാണ് ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥർ ജീവനക്കാരോട് സംസാരിക്കുന്നതെന്നും യാഥാർഥ്യത്തോട് ഒട്ടും ചേർന്ന് നിൽക്കാത്ത ടാർഗറ്റുകളാണ് ജീവനക്കാർക്ക് നൽകുന്നതെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
ജീവനക്കാർ റോബോട്ടുകളല്ല. ഒരു നോബ് തിരിച്ചാൽ അവരുടെ പ്രവർത്തനം വേഗത്തിലാവില്ല. ഇതുമായി ബന്ധപ്പെട്ട് സെബിക്ക് പരാതി നൽകിയെങ്കിലും സീനിയർ മാനേജ്മെന്റ് ഇതിൽ മൗനം പാലിക്കുകയാണ് ചെയ്തത്. കഴിഞ്ഞ രണ്ട്, മൂന്ന് വർഷമായി സെബിയിലെ ജോലി സാഹചര്യം മോശമാണെന്നും അഞ്ച് പേജുകളുളള കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഓരോ മിനിറ്റും ഉന്നത ഉദ്യോഗസ്ഥർ ജീവനക്കാരെ നിരീക്ഷിക്കുകയാണ്. ഇത് മാനസികാരോഗ്യത്തേയും വർക്ക്-ലൈഫ് ബാലൻസിനേയും ബാധിക്കുന്നുണ്ടെന്നും ജീവനക്കാർ ധനകാര്യ മന്ത്രാലയത്തിന് എഴുതിയ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ സെബി ചെയർപേഴ്സൺ മാധബി ബുച്ചിനെതിരെ ആരോപണവുമായി ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് റിസർച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനമായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയർപേഴ്സൻ മാധബി പുരി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിന്‍റെ വിദേശ രഹസ്യ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന വെളിപ്പെടുത്തലുമായാണ് ഹിൻഡൻബർഗ് രംഗത്തെത്തിയത്. നേരത്തേ തങ്ങൾ പുറത്തുവിട്ട അദാനി ഓഹരിത്തട്ടിപ്പിൽ വിശദമായ അന്വേഷണത്തിന് സെബി തയാറാകാതിരുന്നത് ഈ ബന്ധം കാരണമാണെന്നും ഹിൻഡൻബർഗ് ആരോപിച്ചിരുന്നു.
Follow us on :
Tags:
More in Related News
Please select your location.