Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Nov 2024 11:01 IST
Share News :
കോഴിക്കോട്: ഇത്രയും കാലം താന്‍ ആരെയാണോ അകറ്റാന്‍ ശ്രമിച്ചത് അവര്‍ തന്നെയാണ് തന്നെ സ്‌നേഹാശ്ലേഷങ്ങളുമായി പൊതിഞ്ഞതെന്ന് സന്ദീപ് വാര്യര്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് സന്ദീപ് വാര്യര്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. സനാതന ഹിന്ദുവായി ജീവിക്കാനും മരിക്കാനും തനിക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. വെറുപ്പും വിദ്വേഷവും ജീവിതത്തില്‍ പകര്‍ത്താത്ത ഒട്ടേറെ സനാതന ഹിന്ദുക്കള്‍ ഈ രാജ്യത്ത് ഇപ്പോഴുമുണ്ടെന്നും അവരില്‍ ഒരാളായി താന്‍ കഴിഞ്ഞോളാമെന്നും സന്ദീപിന്റെ ഫേസ്ബുക്ക് കുറിപ്പിലുണ്ട്.
ശിക്ഷ കഴിഞ്ഞ് ഇറങ്ങിയിട്ട് പോലും മോചിതനാകാന്‍ സമ്മതിക്കാത്ത മലയാളി സമൂഹത്തിന്റെ കഥ ലോഹിതദാസ് സേതുമാധവന്‍ എന്ന കഥാപാത്രത്തിലൂടെ വരച്ചിട്ടിട്ടുണ്ടെന്ന് സൂചിപ്പിച്ച്, വെറുപ്പിന്റെ പക്ഷം വിട്ടെറിഞ്ഞു വന്ന തന്നെ ആളുകള്‍ സ്വീകരിച്ചുവെന്നും അവര്‍ തന്നെ സ്‌നേഹത്തോടെയാണ് നോക്കി കണ്ടതെന്നുമാണ് സന്ദീപ് കുറിച്ചിരിക്കുന്നത്. ഇനിയുള്ള കാലം താന്‍ ബാപ്പുജിയുടെ ആശയങ്ങളുടെ പ്രചാരകനായി തുടരുമെന്നും കുറിപ്പിലുണ്ട്. 'വെറുപ്പിന്റെ ഫാക്ടറിയില്‍ തുടരുന്നവരുടെ പരിഹാസങ്ങള്‍ക്ക് മലയാളി ചുമ്മാ തൊലിച്ചു കളയുന്ന ഉള്ളി തൊലിയുടെ വില പോലും നല്‍കുന്നില്ല. സനാതന ഹിന്ദുവായി ജീവിക്കാനും മരിക്കാനും ഈ വിമര്‍ശിക്കുന്ന ആരുടെയും സര്‍ട്ടിഫിക്കറ്റ് എനിക്ക് ആവശ്യമില്ലാ'യെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പതിറ്റാണ്ടുകള്‍ ജയിലില്‍ അടക്കപ്പെട്ട് പുറത്ത് വരുന്ന ഒരാള്‍ തനിക്ക് പ്രിയപ്പെട്ടവരെ മുഴുവന്‍ ഓടിച്ചെന്ന് കാണാനും അവരോടൊപ്പം ഒത്തിരി നേരം ചിലവഴിക്കാനും താല്പര്യപ്പെടും. അത് മാനുഷികമാണ്.
വിദ്വേഷത്തിന്റെ ഫാക്ടറിയില്‍ നിന്ന് ഇറങ്ങിയ നാള്‍ മുതല്‍ ഞാന്‍ കൂടുതലായി കാണുന്നത് ഒരു പ്രത്യേക മതവിഭാഗത്തെ മാത്രമാണെന്നാണ്, ഫാക്ടറി നടത്തിപ്പുകാരുടെ പരിഹാസം. ശരിയാണ്. ഒരുപാട് നാള്‍, എന്തിനെന്ന് പോലുമറിയാതെ ഞാന്‍ ആരില്‍ നിന്നാണോ അകന്നു നിന്നത്, അവരെ തന്നെയാണ് ഇന്ന് കൂടുതലായി ഞാന്‍ കാണാന്‍ പോകുന്നത്. അവരോടൊപ്പം തന്നെ സമയം ചിലവഴിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്.
അറിയാതെ ചെയ്ത പോയൊരു തെറ്റില്‍ നിന്നും, ശിക്ഷ കഴിഞ്ഞ് ഇറങ്ങിയിട്ട് പോലും മോചിതനാകാന്‍ സമ്മതിക്കാത്ത മലയാള സമൂഹത്തിന്റെ കഥ, സേതുമാധവനിലൂടെ ലോഹിതദാസ് വരച്ചിട്ടിട്ടുണ്ട്. പക്ഷെ നിറഞ്ഞ സന്തോഷത്തോടെ പറഞ്ഞു കൊള്ളട്ടെ....വെറുപ്പിന്റെ പക്ഷം വിട്ടെറിഞ്ഞു വന്ന എനിക്ക്, ഇന്നാട്ടിലെ 'മനുഷ്യരിലെ' ഒരാളില്‍ നിന്ന് പോലും മുഖം കറുത്തൊരു നോട്ടം പോലും നേരിടേണ്ടി വന്നിട്ടില്ല.
ആരെയാണോ ഞാന്‍ അകറ്റി നിര്‍ത്താന്‍ ശ്രമിച്ചത്. അവര്‍ തന്നെയാണ് ഒരുപാടധികം സ്‌നേഹാശ്ലേഷങ്ങളുമായി എന്നെ പൊതിഞ്ഞു പിടിക്കുന്നത്. അവര്‍ അടങ്ങുന്ന മനുഷ്യര്‍ എന്നോട് കാണിക്കുന്ന സ്‌നേഹത്തിന് നന്ദി പറയാന്‍ ഇന്ന് ഞാന്‍ കഷ്ടപ്പെടുകയാണ്. വെറുപ്പിന്റെ ഫാക്ടറിയില്‍ തുടരുന്നവരുടെ പരിഹാസങ്ങള്‍ക്ക് മലയാളി ചുമ്മാ തൊലിച്ചു കളയുന്ന ഉള്ളി തൊലിയുടെ വില പോലും നല്‍കുന്നില്ല. സനാതന ഹിന്ദുവായി ജീവിക്കാനും മരിക്കാനും ഈ വിമര്‍ശിക്കുന്ന ആരുടെയും സര്‍ട്ടിഫിക്കറ്റ് എനിക്ക് ആവശ്യമില്ല. നിങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന വെറുപ്പും വിദ്വേഷവും ജീവിതത്തില്‍ പകര്‍ത്താത്ത ഒട്ടേറെ സനാതന ഹിന്ദുക്കള്‍ ഈ രാജ്യത്ത് ഇപ്പോഴുമുണ്ട്. അവരില്‍ ഒരാളായി ഞാന്‍ കഴിഞ്ഞോളാം.
തെറ്റ് തിരുത്താനും, ഒത്തിരി മനുഷ്യരാല്‍ സ്‌നേഹിക്കപ്പെടാനും അവസരം തന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെയും, സ്‌നേഹമെന്ന നൂലിനാല്‍ ബാപ്പുജി കോര്‍ത്തെടുത്ത അതിന്റെ ആശയങ്ങളുടെയും പ്രചാരകനായി ഇനിയുള്ള ജീവിതം തുടരും. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഫാക്ടറികളില്‍ നിന്ന് കൂടുതല്‍ മനുഷ്യര്‍ മോചിതരായി പുറത്ത് വരട്ടെ, അവര്‍ക്കും കോണ്‍ഗ്രസിന്റെ മതേതര പരിസരങ്ങളില്‍ മനുഷ്യരോട് ഒട്ടി ജീവിച്ചു ഇനിയുള്ള കാലം സ്‌നേഹാനുഭവങ്ങള്‍ പങ്കിടാന്‍ സാധിക്കട്ടെ എന്ന പ്രാര്‍ത്ഥനകളോടെ....
സന്ദീപ് വാര്യര്‍
Follow us on :
Tags:
More in Related News
Please select your location.