Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രളയ ദുരിതാശ്വാസ സഹായം തിരിച്ചു വാങ്ങല്‍ ; മുസ്‌ലിം യൂത്ത്‌ലീഗ് തിരൂരങ്ങാടി താലൂക്ക് ഓഫീസ് ഉപരോധിച്ചു..

30 Dec 2024 21:18 IST

Jithu Vijay

Share News :


തിരൂരങ്ങാടി : 2019-ലെ പ്രളയത്തില്‍ വെള്ളം കയറി നാശനഷ്ടം സംഭവിച്ച വീട്ടുകാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ദുരിതാശ്വാസ സഹായം തിരിച്ചു വാങ്ങുന്നതിനെതിരെ തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി തിരൂരങ്ങാടി താലൂക്ക് ഓഫീസ് ഉപരോധിച്ചു. രാവിലെ പത്ത് മണിയോടെ താലൂക്ക് ഓഫീസിന്റെ കതകടച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പ്രതിഷേധ സമരം മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ സെക്രട്ടറി ഷരീഫ് വടക്കയില്‍ ഉദ്ഘാടനം ചെയ്തു.


തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖ് അധ്യക്ഷനായി. 

ഉദ്ഘാടന ചടങ്ങിന് ശേഷം തിരൂരങ്ങാടി തഹസീല്‍ദാര്‍ 125 കുടുംബങ്ങള്‍ക്ക് നല്‍കിയ നോട്ടീസ് പ്രതിഷേധക്കാര്‍ കീറിയെറിഞ്ഞു. ശേഷം താലൂക്ക് ഓഫീസിനകത്തേക്ക് പ്രവേശിച്ച സമരക്കാര്‍ ഓഫീസിനകത്ത് പ്രതിഷേധമാരംഭിച്ചു. ഓഫീസിനകത്ത് കുത്തിയിരിപ്പ് സമരം നടത്തിയ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമത്തില്‍ സംഘര്‍ഷമുണ്ടായി. പോലീസും പ്രവര്‍ത്തകരും വാക്കേറ്റവും ഉന്തും തള്ളും അരങ്ങേറി. ഏറെ സമയത്തിന് ശേഷം കൂടുതല്‍ പോലീസെത്തി പ്രവർത്തകരെ

അറസ്റ്റ് ചെയ്തു നീക്കി.


പ്രളയഫണ്ട് തരിച്ചു പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്നും ഇരകളെ അണിനിരത്തി ബഹുജന മാര്‍ച്ച് സംഘടിപ്പിക്കുമെന്നും യൂത്ത്‌ലീഗ് തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് യു.എ റസാഖ് പറഞ്ഞു. ഉപരോധ സമരത്തിന് റിയാസ് തോട്ടുങ്ങല്‍, ഉസ്മാന്‍ കാച്ചടി, അയ്യൂബ് തലാപ്പില്‍, സി.എച്ച് അബൂബക്കര്‍ സിദ്ധീഖ്, കെ.പി നൗഷാദ്, കെ മുഈനുല്‍ ഇസ്ലാം, കുട്ടശ്ശേരി മുസ്തഫ, ബാപ്പുട്ടി ചെമ്മാട്, അലി കുന്നത്തേരി, സാദിഖ് കടുവാളൂര്‍, കള്ളിയത്ത് കുഞ്ഞ, ജുബൈര്‍ തേറാമ്പില്‍, ഇഖ്ബാല്‍ കടുവാളൂര്‍, ലത്തീഫ് നേതൃത്വം നല്‍കി.

Follow us on :

More in Related News