Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'ഇന്നലെ ഞാൻ ദർവീഷെ ക്കണ്ടു' കവിതാസമാഹാരം പ്രകാശിപ്പിച്ചു

01 Apr 2026 02:10 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: പ്രവാസി എഴുത്തുകാരൻ രാജീവ് മഹാദേവന്റെ ആദ്യ കവിതാസമാഹാരം 'ഇന്നലെ ഞാൻ ദർവീഷെക്കണ്ടു' പ്രകാശിപ്പിച്ചു. തിരുവനന്തപുരം പ്രസ് ക്ലബിലെ ടി എൻ ജി ഹാളിൽ വച്ച് മാർച്ച് 29 ഞായറാഴ്ചയാണ് പ്രകാശനപരിപാടി സംഘടിപ്പിച്ചത്. കവിയും കേരളസാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ എം ആർ രേണുകുമാർ പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു. നാടക-സിനിമാ-സീരിയൽ താരം കെ കലാധരൻ മാഷ് പുസ്തകമേറ്റു വാങ്ങി. കവിയും നിരൂപകനും വിവർത്തകനുമായ കെ സജീവ് കുമാർ പുസ്തക പരിചയം നടത്തി. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറും ലോകകേരള സഭാംഗവുമായ വിൽസൺ ജോർജ്ജ് ആശംസകൾ നേർന്നു. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആർട്സ്‌പേസ് സെന്റർ ഫോർ പെർഫോമിംഗ് ആർട്സിന്റെ ആഭിമുഖ്യത്തിലാണ് പ്രകാശന പരിപാടി സംഘടിപ്പിക്കപ്പെട്ടത്.

മസ്‌ക്കറ്റിൽ സോഫ്റ്റവെയർ ഡെവലപ്പറായി ജോലി ചെയ്യുന്ന രാജീവ് മഹാദേവൻ ഗൾഫ് ദേശാഭിമാനി മസ്‌ക്കറ്റ് ലേഖകൻ, മലയാളം മിഷൻ ഒമാൻ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു വരുന്നു. യുദ്ധങ്ങൾ, കലാപങ്ങൾ, പലായനങ്ങൾ തുടങ്ങിയ സംഘർഷാവസ്ഥകളെയും അന്തസ്സ്, സ്വത്വം, പൗരത്വം തുടങ്ങിയ സന്നിഗ്ധാവസ്ഥകളെയും പ്രശ്നവൽക്കരിക്കുന്ന മുപ്പതോളം കവിതകളുടെ സഞ്ചയമാണ് ഈ സമാഹാരമെന്ന് പ്രകാശനത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

ആർട്സ്സ്‌പേസ് ഡയറക്ടറും നാടക പ്രവർത്തകനുമായ സതീഷ് ജി നായർ സ്വാഗതവും ബി എൻ വി കോളേജ് അധ്യാപികയും ആർട്സ്‌പേസ് ഡയറക്ടർ ബോർഡ് മെമ്പറുമായ ഡോ റോഷ്‌ന വി ഗോപാൽ നന്ദിയും പറഞ്ഞു. സാഹിത്യ-സാംസ്ക്കാരിക-പത്ര പ്രവർത്തന രംഗത്തെ പ്രമുഖരടക്കം നൂറിലധികം പേർ ചടങ്ങിൽ പങ്കെടുത്തു.

Follow us on :

More in Related News