Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Aug 2026 21:01 IST
Share News :
കോട്ടയം: മഴക്കെടുതിയെത്തുടർന്ന് കോട്ടയം ജില്ലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. ജില്ലയിൽ 141 ദുരിതാശ്വാസ ക്യാമ്പുകളിലായി 6848 പേർ. 2383 കുടുംബങ്ങളിൽ നിന്നുള്ളവരാണ് ക്യാമ്പുകളിൽ കഴിയുന്നത്. പ്രകൃതിക്ഷോഭത്തിൽ കുടിവെള്ളവും വൈദ്യുതി വിതരണവും മുടങ്ങിയ മേഖലകളിൽ അവ അടിയന്തരമായി പുനഃസ്ഥാപിക്കാൻ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപകടസാധ്യതയില്ലാത്ത പ്രദേശങ്ങളിൽ വൈദ്യുതി വിതരണം എത്രയും വേഗം പുനഃസ്ഥാപിക്കാനും പമ്പുകൾ തകരാറിലായ സ്ഥലങ്ങളിൽ അറ്റകുറ്റപ്പണി നടത്തി കുടിവെള്ള വിതരണം സുഗമമാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കാര്യക്ഷമമായാണ് മുന്നോട്ടുപോകുന്നതെന്ന് വിലയിരുത്തിയ സ്പീക്കർ, പൊതുജനങ്ങളുടെ പരാതികൾ ഉടനടി പരിഹരിക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്ന് വ്യക്തമാക്കി. ക്യാമ്പുകളിൽ മികച്ച ഭക്ഷണവും കുടിവെള്ളവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കുടിവെള്ള ക്ഷാമം റിപ്പോർട്ട് ചെയ്താൽ ഉന്നത ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധന നടത്തണം. വെള്ളമിറങ്ങുന്ന മുറയ്ക്ക് റോഡുകളുടെ നാശനഷ്ടം വിലയിരുത്താനും റേഷൻ വിതരണം തടസ്സമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും നിർദേശമുണ്ട്. വെള്ളപ്പൊക്കത്തിന്റെ മറവിൽ സാമൂഹ്യവിരുദ്ധരും മോഷ്ടാക്കളും പെരുകുന്നത് തടയാൻ ജാഗ്രത വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗത്തിൽ കോട്ടയം, ചങ്ങനാശേരി, മീനച്ചിൽ, വൈക്കം, കാഞ്ഞിരപ്പള്ളി തഹസീൽദാർമാർ അതത് താലൂക്കുകളിലെ വിവരങ്ങൾ വിശദീകരിച്ചു. ജില്ലയിൽ ചൊവ്വാഴ്ച റെഡ് അലർട്ടും വരും ദിവസങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ച സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്ന് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ പറഞ്ഞു. രാത്രിയാത്രകൾ തടയാൻ നടപടി സ്വീകരിക്കുമെന്നും പൂഞ്ഞാർ ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ പ്രത്യേക ശ്രദ്ധ പുലർത്തുമെന്നും ഏത് അടിയന്തര സാഹചര്യവും നേരിടാൻ സംവിധാനങ്ങൾ സജ്ജമാണെന്നും കളക്ടർ അറിയിച്ചു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ കോട്ടയം നഗരസഭാ ചെയർമാൻ എം.പി. സന്തോഷ്‌കുമാർ, ജില്ലാ പോലീസ് മേധാവി സാബു മാത്യൂ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സോളി ആന്റണി എന്നിവരും പങ്കെടുത്തു.
Follow us on :
More in Related News
Please select your location.