Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അന്യായമായ വിമർശനങ്ങളെത്തുടർന്ന് ഗാസയുടെ മധ്യസ്ഥ ദൗത്യം പുനപ്പരിശോധിക്കുമെന്ന മുന്നറിയിപ്പുമായി ഖത്തർ.

19 Apr 2024 05:34 IST

ISMAYIL THENINGAL

Share News :


ദോഹ: ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഖത്തറിൻ്റെ മധ്യസ്ഥ ശ്രമങ്ങളിലുള്ള പങ്കിനെ അപകീർത്തിപ്പെടുത്തുന്ന വാർത്തകൾ നിരസിക്കുന്നതായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനി പറഞ്ഞു.

മധ്യസ്ഥതയിൽ ഖത്തർ തങ്ങളുടെ പങ്ക് വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഗാസയിൽ വെടിനിർത്തലിന് വേണ്ടിയുള്ള ചർച്ചകളും തടവുകാരെയും ബന്ദികളെയും മോചിപ്പിക്കുന്നതിനുള്ള ചർച്ചകളും സെൻസിറ്റീവും നിർണായകവുമായ ഘട്ടത്തിലാണെന്നും തുർക്കിയുടെ വിദേശകാര്യ മന്ത്രി ഹകൻ ഫിദാനുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.


യുദ്ധം തടയാനും ബന്ദികളെ മോചിപ്പിക്കാനും യുദ്ധം ആരംഭിച്ചതിന്റെ ആദ്യ ദിവസം മുതൽ തന്നെ ഖത്തർ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. സങ്കുചിത രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി മറ്റുള്ളവർ ഖത്തറിൻ്റെ മധ്യസ്ഥത ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ടെന്നും, ഖത്തറിൻറെ പങ്കിനെക്കുറിച്ച് സമഗ്രമായ വിലയിരുത്തൽ അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.


ഫലസ്തീനികളുടെ സംരക്ഷണത്തിനായി മാനുഷിക, ദേശീയ പരിഗണനകൾ കൊണ്ടു മാത്രമാണ് ഖത്തർ മധ്യസ്ഥ പ്രക്രിയയിൽ ഏർപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ സങ്കുചിത താൽപ്പര്യങ്ങളുള്ള ചിലർ ഖത്തറിൻറെ പങ്കിനെ അപകീർത്തിപ്പെടുത്തിക്കൊണ്ട് അവരുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി ഉപയോഗിക്കുന്നതിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.

ഇത്തരം പ്രസ്താവനകൾ അസ്വീകാര്യവും ദോഷകരവുമാണെന്നും, മാനുഷിക പരിഗണനയിൽ ഖത്തറിൻ്റെ പങ്കിനുള്ള പ്രതിജ്ഞാബദ്ധതയും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മധ്യസ്ഥൻ എന്ന റോളിന് പരിമിതികളുണ്ടെന്നും, അതിനു ഉണ്ടാക്കാൻ കഴിയുന്ന സ്വാധീനത്തെക്കുറിച്ചും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.


ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തുടക്കം മുതല്‍ ഖത്തറിനെ അധിക്ഷേപിച്ച് രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെ കഴിഞ്ഞ ദിവസം അമേരിക്കന്‍ പാര്‍ലമെന്റ് അംഗം സ്റ്റെനി ഹോയര്‍ നെതന്യാഹുവിന്റെ അതേ ഭാഷയില്‍ പ്രസ്താവനയിറക്കിയതാണ് ഖത്തറിന്റെ പുതിയ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.

Follow us on :

Tags:

More in Related News