Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് തുടക്കമായി

15 Jun 2026 10:15 IST

CN Remya

Share News :

കോട്ടയം: യുഡിഎഫ് സർക്കാരിന്റെ ഇന്ദിരാ ഗാരന്റികളിൽ ഒന്നായ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് കോട്ടയത്തും ആവേശകരമായ തുടക്കം. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം തമ്പാനൂരിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവഹിച്ചു. മന്ത്രി സി.പി.ജോൺ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ബസിൽ യാത്ര ചെയ്തു. തമ്പാനൂർ സെൻട്രൽ ബസ് സ്റ്റേഷനിൽനിന്നു സെക്രട്ടേറിയറ്റ് വരെയാണു യാത്ര. പദ്ധതി സ്ത്രീകൾക്കു നൽകുന്ന ഔദാര്യമല്ല മറിച്ച് സമൂഹത്തിൽ വലിയ സാമൂഹിക, സാമ്പത്തിക പ്രതിഫലനം ഉണ്ടാക്കുന്ന പരിപാടിയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ അധികാരത്തിലെത്തി ഒരു മാസം തികയും മുൻപ് തന്നെ ഇന്ദിര ഗ്യാരന്റി നടപ്പാക്കിയതിൽ അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രാദേശികതല ഉദ്ഘാടനങ്ങളും നടക്കുന്നുണ്ട്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം കോട്ടയം ഡിപ്പോയിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു. ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിലാണ് സ്ത്രീകൾക്ക് ഈ ആനുകൂല്യം ലഭിക്കുക. കോട്ടയത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, നഗരസഭാ ചെയർപേഴ്സൺ എം. പി. സന്തോഷ്കുമാർ, വിവിധ ജില്ലാ പഞ്ചായത്ത് - നഗരസഭാ അംഗങ്ങൾ തുടങ്ങിയ ജനപ്രതിനിധികൾ പങ്കെടുത്തു.

ജില്ലയിലെ മറ്റ് കേന്ദ്രങ്ങളിലും വിപുലമായ ഉദ്ഘാടന ചടങ്ങുകൾ നടന്നു. കടുത്തുരുത്തിയിൽ നടന്ന പ്രാദേശികതല ഉദ്ഘാടനം മന്ത്രി മോൻസ് ജോസഫ് നിർവഹിച്ചു.

സ്ത്രീ ശാക്തീകരണവും യാത്രാ സൗകര്യവും ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഈ പദ്ധതി വരും ദിവസങ്ങളിൽ കൂടുതൽ കെഎസ്ആർടിസി സർവീസുകളിലേക്ക് വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Follow us on :

More in Related News