Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കണ്ണൂര്‍ ആറളത്ത് കുരങ്ങുകള്‍ ചത്ത സംഭവം; മലേറിയ കൊതുകുകളുടെ സാന്നിധ്യം കണ്ടെത്തി

11 Sep 2024 11:18 IST

- Shafeek cn

Share News :

കേളകം: ആറളത്ത് മങ്കി മലേറിയ മൂലം നാല് കുരങ്ങുകള്‍ ചത്ത സ്ഥലത്ത് നടത്തിയ പരിശോധനയില്‍ മലേറിയ കൊതുകുകളുടെ സാന്നിധ്യം കണ്ടെത്തി. മലേറിയ പരത്തുന്ന കൊതുകുകളുടെ കൂത്താടികളെ ജില്ല വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ സംഘം കണ്ടെത്തി.


അതേസമയം, മലേറിയക്ക് കാരണമായ പ്ലാസ്മോഡിയം സൂക്ഷ്മാണുവിനെ ലഭിച്ചില്ല. പരിശോധന ഇനിയും തുടരും. കീഴ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രം, ആറളം കുടുംബരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തെ രണ്ടു പേരുടെയും വന്യ ജീവി സാങ്കേതത്തിലെ 11 ജീവനക്കാരുടേയും മലേറിയ പരിശോധന ഫലം നെഗറ്റീവാണ്. ആറളത്ത് മങ്കി മലേറിയ മൂലം നാലു കുരങ്ങുകള്‍ ചത്ത സംഭവത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രത തുടരുകയാണ്. ആറളം ഫോറസ്റ്റ് സ്റ്റേഷന് അടുത്തുള്ള ആറളം ഫാമിന്റെ ബ്ലോക്ക് ഒമ്പതില്‍ വളയംചാല്‍ അംഗന്‍വാടിയില്‍ നടത്തിയ മലേറിയ പരിശോധന ക്യാമ്പില്‍ പങ്കെടുത്ത എല്ലാവരുടെയും പരിശോധന ഫലവും നെഗറ്റീവാണ്.


ജില്ല വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ ഓഫിസര്‍ ഡോ.കെ.കെ. ഷിനിയുടെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തില്‍ ബയോളജിസ്റ്റ് സി.പി. രമേശന്‍, അസിസ്റ്റന്റ് എന്റമോളജിസ്റ്റ് സതീഷ്‌കുമാര്‍, ഇന്‍സെക്റ്റ് കലക്ടര്‍ യു. പ്രദോഷന്‍, ശ്രീബ ഫീല്‍ഡ് വര്‍ക്കര്‍ പ്രജീഷ്, കീഴ്പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുന്ദരം, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ വി. കണ്ണന്‍, ഷാഫി കെ. അലി എന്നിവരുമുണ്ടായിരുന്നു. ആറളത്ത് ജില്ല മെഡിക്കല്‍ സംഘം നേരത്തെയും പരിശോധന നടത്തിയിരുന്നു.ആറളം വന്യജീവി സാങ്കേതത്തിന്റെ ഭരണകാര്യ കെട്ടിടത്തിന് സമീപം കഴിഞ്ഞയാഴ്ചയാണ് നാലു കുരങ്ങുകളുടെ ജഡം കാണപ്പെട്ടത്. വയനാട് കുപ്പാടിയിലെ വനം വകുപ്പിന്റെ ലാബില്‍ നടന്ന പരിശോധനയിലാണ് മങ്കി മലേറിയ സ്ഥിരീകരിച്ചത്.

Follow us on :

More in Related News